‘ഏറെ കൊതിച്ചിട്ടും ആ സ്വപ്നം പൂർത്തിയാക്കാതെ ബാലു ചേട്ടൻ മടങ്ങി, ആ യാത്രയുടെ ഞെട്ടൽ വിട്ടുമാറുന്നില്ല’; ഓർമ പങ്കിട്ട് ‘പാച്ചു’

balabhaskar-prasanth
SHARE

പ്രിയപ്പെട്ടവർക്ക് ഇപ്പോഴും തേങ്ങുന്ന ഓർമയാണ് വയലിനിസ്റ്റ് ബാലഭാസ്കർ. കാലമെത്ര കഴിഞ്ഞാലും ആ അപ്രതീക്ഷിത വിയോഗം ഏൽപ്പിച്ച വേദന തുടർന്നുകൊണ്ടേയിരിക്കും. ഇന്ന് ബാലഭാസ്കറിന്റെ നാൽപത്തിമൂന്നാം ജന്മദിനം കടന്നുപോകുന്നു. പക്ഷേ പ്രിയ ബാലുവിനെ ഓർമിക്കാൻ തങ്ങൾക്ക് ഒരു പ്രത്യേക ദിവസത്തിന്റെ ആവശ്യമില്ലെന്നു പറയുകയാണ് കൂട്ടുകാർ. ബാലുവിനെ ഓർക്കാതെ അവരുടെ ഒരു ദിവസം പോലും കടന്നു പോകാറില്ല. ഈ ജന്മദിനത്തിൽ സംഗീതാദരവുമായി എത്തിയിരിക്കുകയാണ് ബാലുവിന്റെ സംഗീത ബാൻഡ് ആയ ബിഗ്ബാൻഡ് അംഗങ്ങൾ. സിബു സാമുവൽ, രജിത്, വില്യം ഐസക്, അഭിജിത്, പ്രശാന്ത്, ബാലു എന്നിവരാണ് പാട്ടിനു പിന്നിൽ. വേദികളിൽ പരിപാടി അവതരിപ്പിക്കാനുള്ള ആത്മവിശ്വാസം തങ്ങൾക്കു പകർന്നു നൽകിയത് ബാലഭാസ്കർ ആണെന്ന് ഇവർ എല്ലാം ഒരുപോലെ പറയുന്നു. ബാലഭാസ്കറിന്റെ ജന്മദിനത്തിൽ ഓർമകളുമായി ബിഗ് ബാൻഡ് അംഗമായ ബാലുവിന്റെ പ്രിയപ്പെട്ട പാച്ചു എന്ന പ്രശാന്ത് മനോരമ ഓൺലൈനിനൊപ്പം. 

പിറന്നാൾ ആഘോഷ ഓർമകൾ?

അന്നത്തെ കാലമൊക്കെ ഓർക്കുമ്പോൾ രസമാണ്. പ്രോഗ്രാം ഉള്ള ദിവസം ആരുടെയെങ്കിലും പിറന്നാൾ ഉണ്ടെങ്കിൽ അന്ന് അയാളുടെ ചിലവിൽ ആണ് ആഘോഷം. ബാൻഡിലുള്ള എല്ലാവരുടെയും പിറന്നാൾ ആഘോഷിക്കുമായിരുന്നു. ബാലുച്ചേട്ടന്റെ പിറന്നാളിനെക്കുറിച്ചു പറയുമ്പോൾ മറക്കാനാകാത്ത ഒരു സംഭവമുണ്ട്. ഏകദേശം എട്ട് വർഷങ്ങൾക്കു മുൻപ് മുംബൈയിൽ ഞങ്ങളുടെ പ്രോഗ്രാം നടക്കുന്ന സമയം. അന്ന് ബാലുച്ചേട്ടന്റെ പിറന്നാൾ ആയിരുന്നു.  ഞങ്ങൾ ചേട്ടനു വേണ്ടി ഒരു സർപ്രൈസ് പാർട്ടി ഒരുക്കി. അന്ന് അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മി ചേച്ചി നാട്ടിലാണ്. ചേട്ടൻ അറിയാതെ ചേച്ചിയെ ഞങ്ങൾ അവിടെ വരുത്തി മുറിയിലിരുത്തി. ആഘോഷത്തിനായുള്ള എല്ലാ ഒരുക്കങ്ങളും അതീവരഹസ്യമായി പൂർത്തിയാക്കി. പിന്നീട് ഞങ്ങൾ പോയി രാത്രി ആഹാരം കഴിച്ച് തിരിച്ച് ബാലുച്ചേട്ടന്റെ മുറിയിൽ വന്നു. പെട്ടെന്ന് ലക്ഷ്മിചേച്ചി സർപ്രൈസായി ബാലുച്ചേട്ടന്റെ മുന്നിലേക്ക് എത്തി. കണ്ടപ്പോൾ അദ്ദേഹം സ്തബ്ധനായി. നാട്ടിൽ ഉണ്ടായിരുന്ന ലക്ഷ്മിചേച്ചി അവിടെ എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിക്കില്ലല്ലോ. എന്ത് ചെയ്യണം എന്ന് അറിയാൻ വയ്യാത്ത അവസ്ഥയിലായിരുന്നു ബാലു ചേട്ടന്‍ ആ നിമിഷം. പിന്നെ എല്ലാവരും കൂടി പിറന്നാൾ ആഘോഷിച്ചു. അത് ഒരിക്കലും മറക്കാനാകാത്ത അനുഭവമായിരുന്നു.

ബാലു കടന്നുപോയതിനു ശേഷം അദ്ദേഹത്തിന്റെ പിറന്നാൾ എങ്ങനെ?

ബാലു ചേട്ടന്റെ എല്ലാ പിറന്നാളുകളും ഞങ്ങൾ ആഘോഷിക്കാറുണ്ട്. അദ്ദേഹത്തെ ഓർമിക്കാനായി ഒരു പിറന്നാൾ വരേണ്ടതിന്റെ ആവശ്യമില്ല. ബാലുച്ചേട്ടന്റെ പേര് ഉച്ചരിക്കാത്ത ഒരു ദിവസം പോലും ഇല്ല ഞങ്ങൾക്കില്ല. പരിപാടിക്കു പോയി നിൽക്കുമ്പോഴും പ്രാക്ടീസിൽ ആയാലും എപ്പോഴും ഓർമ്മകളിൽ ഉണ്ട്.  ഇത്തവണ അദ്ദേഹത്തിന്റെ പിറന്നാളിന് അദ്ദേഹം പടുത്തുയർത്തിയ ബിഗ്‌ബാൻഡ്‌ ഒരു കവർ വേർഷൻ ഒരുക്കുകയാണ്. അദ്ദേഹത്തിന്റെ പാട്ടു തന്നെ ഞങ്ങൾ പുനഃസൃഷ്ടിക്കുന്നു. ബാലുച്ചേട്ടന്റെ പേരിൽ ബിഗ്ബാല ചാരിറ്റബിൾ ട്രസ്റ്റും ഉണ്ട്. അവർ എല്ലാ വർഷവും ചാരിറ്റി പ്രവർത്തനങ്ങളും പരിപാടികളുമൊക്കെ നടത്താറുണ്ട്. ഞാനും അതിലെ ഒരു അംഗമാണ്. 

ബിഗ്‌ ബാൻഡിന്റെ ഇപ്പോഴത്തെ പ്രവർത്തനങ്ങൾ?

കോവിഡിനു മുൻപ് വളരെ സജീവമായി ബിഗ് ബാൻഡ് പ്രവർത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ഒന്നര വർഷമായി പരിപാടികൾ ഒന്നുമില്ല. ഞങ്ങൾ ഒത്തുചേരുകയും ചെറുതായി എന്തെങ്കിലും ചെയ്യും. അല്ലാതെ ആർക്കും പരിപാടികൾ ഒന്നും കിട്ടുന്നില്ല. കലാകാരന്മാരുടെ അവസ്ഥ വളരെ ദയനീയമാണ്.  അതിന്റെതായ പ്രശ്നങ്ങൾ എല്ലാവർക്കുമുണ്ട്, ഒപ്പം  ബാൻഡിനും. ഒരു സ്റ്റേജിൽ നിന്നും മറ്റൊന്നിലേക്ക് പോയ്ക്കൊണ്ടിരിന്ന കാലത്തുനിന്നു പെട്ടെന്നാണ് ഒരു പരിപാടി പോലും ഇല്ലാത്ത അവസ്ഥയുണ്ടായത്. ആദ്യത്തെ ലോക്ഡൗൺ കഴിഞ്ഞു പരിപാടികൾ തുടങ്ങി വന്നപ്പോഴാണ് വീണ്ടും കർശന നിയന്ത്രണങ്ങള്‍ ഉണ്ടായത്. കഴിഞ്ഞ മാർച്ചിൽ ചെന്നൈയിൽ ഒരു പരിപാടി ചെയ്തിരുന്നു. വേറെയും കുറച്ചു പരിപാടികൾ കിട്ടിയിരുന്നു. പക്ഷേ യാത്രാനുമതി ഇല്ലാത്തതുകാരണം എല്ലാം റദ്ദാക്കേണ്ടി വന്നു. ഇളവുകൾ കൂടുമ്പോൾ വീണ്ടും സജീവമാകാൻ സാധിക്കും എന്നു കരുതുന്നു.

prasanth-balunew

ബാലു ഉണ്ടായിരുന്നെങ്കിൽ എന്തെങ്കിലും പരിപാടികൾ സംഘടിപ്പിക്കുമായിരുന്നോ?

ബാലുച്ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഒരു ബലം ആയിരുന്നു. എനിക്ക് അദ്ദേഹം സ്വന്തം ചേട്ടനെപ്പോലെ ആയിരുന്നു. എന്റെ കുടുംബകാര്യമോ ജോലിക്കാര്യമോ എന്തുവേണമെങ്കിലും സംസാരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. എല്ലാ പ്രശ്നങ്ങൾക്കും ബാലുച്ചേട്ടന്റെ കയ്യിൽ പരിഹാരമുണ്ടായിരുന്നു. എന്റെ ജീവിതത്തിലെ അവസാനവാക്ക് അദ്ദേഹം ആയിരുന്നു. ഞങ്ങൾക്ക് ഒരു നാഥൻ ഇല്ലാത്ത അവസ്ഥ ആണ് ഇപ്പോൾ. ബാലുച്ചേട്ടൻ ഉണ്ടായിരുന്നപ്പോൾ അദ്ദേഹം പറയുന്നതിന് അപ്പുറത്തേയ്ക്ക് ഞങ്ങൾക്ക് ഒരു വാക്കില്ലായിരുന്നു. ഇപ്പോൾ ആറു പേർ ഉണ്ടെങ്കിൽ ആറ്‍ അഭിപ്രായമായിരിക്കും. എങ്കിലും ഒരുമിച്ചു പോകാൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ട്. ബാലുച്ചേട്ടൻ ആയിരുന്നെങ്കിൽ അത് ചെയ്യടാ ഇത് ചെയ്യെടാ എന്ന് പറയും ഞങ്ങൾ അത് അനുസരിക്കും ഞങ്ങളുടെ വാക്കിനും അവിടെ വിലയുണ്ട്. ബാലുച്ചേട്ടന്റെ ബാൻഡ് തന്നെയായാണ് ഇപ്പോഴും ബിഗാബാൻഡ് പ്രവർത്തിക്കുന്നത്. ബാലുച്ചേട്ടനെ മനസ്സിൽ വിചാരിച്ചു തന്നെയാണ് ഞങ്ങൾ മുന്നോട്ടു പോകുന്നത്.

ബാലഭാസ്കർ ഉള്ളപ്പോൾ പരിപാടിക്കായുള്ള തയ്യാറെടുപ്പുകൾ?

പ്രാക്ടീസിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയ്യാറായിരുന്നില്ല. രാവിലെ പത്തു മുതൽ രാത്രി പത്തുവരെ പ്രാക്റ്റീസ് ആണെങ്കിൽ അതിൽ എല്ലാവരും പങ്കെടുക്കണം. അദ്ദേഹത്തിന്റെ മുന്നിൽ ഇരുന്നു പരിശീലിക്കാൻ പേടിയായിരുന്നു. കാരണം, അത്രമാത്രം ഉന്നതിയിൽ നിൽക്കുന്ന കലാകാരനായിരുന്നു ബാലു ചേട്ടൻ. ഇനി അങ്ങനെയൊരു കലാകാരൻ ഉണ്ടാകുമോ എന്നു പോലും സംശയമാണ്. അദ്ദേഹം സ്വന്തമായി സ്റ്റേജ് പരിപാടികൾക്കു പോകുമ്പോഴും ഞങ്ങളെ ആരെയെങ്കിലും കൂടെ കൊണ്ടുപോകുമായിരുന്നു. ആഘോഷിച്ചും ആസ്വദിച്ചും ആയിരുന്നു ആ യാത്രകൾ. എത്ര അടുപ്പമുണ്ടെങ്കിലും സ്റ്റേജിൽ കയറുമ്പോൾ ഞങ്ങൾക്ക് അദ്ദേഹത്തോടൊപ്പം പ്രകടനം കാഴ്ചവയ്ക്കാൻ പേടിയായിരുന്നു. വേദിയിൽ അദ്ദേഹം വളരെ കൂൾ ആയിരിക്കും. എവിടെയായാലും ആയാലും കാണികളെ കയ്യിലെടുക്കാനുള്ള മാജിക് അദ്ദേഹത്തിനറിയാം. 

ബാൻഡ് അംഗങ്ങളോടൊപ്പമുള്ള ബാലുവിന്റെ അടുപ്പം?

‍ഞങ്ങളുടെ ബാൻഡ് യഥാർഥത്തിൽ ഒരു കുടുംബം ആയിരുന്നു. ആരും ഒന്നും ഒളിച്ചു വച്ചിരുന്നില്ല‍. എല്ലാം ഒരുമിച്ച് ചർച്ച ചെയ്തു തീരുമാനം എടുക്കും.  ആർട്ടിസ്റ്റ് എന്നതിലുപരി സഹോദരതുല്യരായാണ് ബാലു ചേട്ടൻ എല്ലാവരെയും കണ്ടിരുന്നത്. ചില ദിവസങ്ങളിൽ അദ്ദേഹത്തിന്റെ വീട്ടിൽ ആയിരിക്കും പ്രാക്ടീസ്. അപ്പോൾ ലക്ഷ്മിചേച്ചി ഞങ്ങളെ സൽക്കരിക്കുമായിരുന്നു. ചേച്ചിക്കും ഞങ്ങൾ കുടുംബാംഗങ്ങൾ തന്നെയായിരുന്നു.

ബാലഭാസ്കറിന്റെ വിടവ് നികത്താൻ ആർക്കെങ്കിലും കഴിയുമോ?

ഒരിക്കലും ഇല്ല. ആ ഒരു വിടവ് നികത്താൻ ഇതുവരെ ആരും ഉണ്ടായിട്ടില്ല എന്നാണ് എന്റെ കാഴ്ചപ്പാടാണ്. അതുപോലെ കഴവുള്ള മറ്റൊരാളെ ഞാൻ കണ്ടിട്ടില്ല. എന്റെ കാലം കഴിയുന്നതുവരെ അങ്ങനെ ഒരാൾ ഉണ്ടാകില്ല എന്നാണ് എന്റെ കാഴ്ചപ്പാട്. വെസ്റ്റേൺ, ലൈറ്റ്, ക്ലാസ്സിക്കൽ, സിനിമാപ്പാട്ട് എന്തും അദ്ദേഹം വയലിനി‍ൽ വായിക്കുമായിരുന്നു. ഈ ഓരോ വിഭാഗത്തിലും ബാലുച്ചേട്ടനെക്കാൾ പ്രഗത്ഭരുണ്ട്. പക്ഷെ ഇതെല്ലാം ഒരുപോലെ മികവോടെ വായിക്കുന്ന വേറെ ഒരാളെ ഞാൻ കണ്ടിട്ടില്ല. തബലിസ്റ്റ് ഉസ്താദ് സക്കീർ ഹുസൈൻ ഞങ്ങളെല്ലാം ദൈവത്തെപ്പോലെ കാണുന്ന ആളാണ്. അദ്ദേഹം ഹിന്ദുസ്ഥാനി ആണ് വായിക്കുന്നത്. അദ്ദേഹത്തേക്കാൾ നന്നായി ഹിന്ദുസ്ഥാനി വായിക്കുന്ന ആളുകൾ ഉണ്ട്, പക്ഷെ അവരൊന്നും അറിയപ്പെടുന്നില്ല. തബലയെ ജനകീയമാക്കിയത് ഉസ്താദാണ്. ബാലുച്ചേട്ടനും അതുപോലെയാണ്. അതുകൊണ്ടാണ് ഇത്രയും ജനപ്രിയൻ ആയത്. അദ്ദേഹത്തിന്റെ കൈ ചലനങ്ങളഉടെ വേഗത അവിശ്വസനീയമാണ്. ബാൻഡ് പതിനെട്ട് വർഷങ്ങൾക്കു മുൻപ് ജനകീയമാക്കിയത് അദ്ദേഹമാണ്. ഷോ എന്ന വാക്കൊക്കെ കേരളത്തിൽ പ്രചാരത്തിൽ കൊണ്ടുവന്നതും ബാലുച്ചേട്ടൻ തന്നെ. അതുവരെ പരിപാടി, പ്രോഗ്രാം എന്നൊക്കെയാണ് പറഞ്ഞുകൊണ്ടിരുന്നത്. പാട്ടുകാരൊക്കെ അരങ്ങു വാഴുന്ന കാലത്ത് ഒരു സംഗീതോപകരണം കൊണ്ട് വേദി കീഴടക്കുക എന്നുള്ളത് വലിയ കാര്യമാണ്. അദ്ദേഹം വയലിൻ ഇങ്ങനെ വായിക്കുന്നത് കണ്ട് ഒരുപാട് ആചാര്യന്മാർ അദ്ദേഹത്തെ എതിർത്തു. വയലിൻ പരിപാവനമായ ഒന്നാണ് അത് ഇരുന്നാണ് വായിക്കേണ്ടത് എന്നൊക്കെ ആയിരുന്നു അവരുടെ വാദം. പക്ഷെ ബാലുച്ചേട്ടൻ അതൊന്നും കണക്കാക്കിയില്ല. തന്റെ കലയെ എത്രത്തോളം ജനകീയമാക്കാമോ അത്രത്തോളം ആക്കി. ഷോ ചെയ്യുമ്പോൾ ആസ്വാദകരിലേക് ഇറങ്ങിച്ചെന്ന് അവരെ കയ്യിലെടുത്തു. ഇപ്പോൾ വയലിൻ വായിക്കുന്നവരെല്ലാം അദ്ദേഹത്തെ ഫോളോ ചെയ്യുകയാണ്. ഒരുപാടു തലമുറകളെ വയലിൻ എന്ന ഒരു സംഗീതോപകരണത്തിന്റെ ആരാധകരാക്കി അദ്ദേഹം. സംഗീതലോകത്ത് ഒരു പുതിയ ചരിത്രം കുറിച്ച വ്യക്തിയായിരുന്നു ബാലു ചേട്ടൻ.

ബാലുച്ചേട്ടൻ ആണ് തബല നിന്നുകൊണ്ടു വായിക്കാൻ എന്നെ പഠിപ്പിച്ചത്. ഷോകൾക്ക് പോകുമ്പോൾ എനിക്ക് ഇരിക്കാൻ പ്ലാറ്റ്‌ഫോം തരപ്പെടുത്താൻ വലിയ പ്രയാസമായിരുന്നു. അമേരിക്കയിൽ പരിപാടിയ്ക്കു പോയപ്പോൾ സ്പോൺസർമാർ അര അടി പൊക്കത്തിന് ഒരു പ്ലാറ്റ്‌ഫോം ചെയ്തു. പക്ഷേ അതും തറയിൽ ഇരുന്നു വായിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസം ഉണ്ടായിരുന്നില്ല. ഞങ്ങൾ പലയിടത്തും പ്രോഗ്രാമിന് ചുടുകട്ടയോ ഹോളോ ബ്ലോക്‌സോ ഒക്കെ വച്ച് പൊക്കം കൂട്ടി കവർ ചെയ്തൊക്കെയാണ് പ്ലാറ്റ്‌ഫോം ആക്കുന്നത്. അതൊക്കെ വളരെ പ്രയാസമേറിയ കാര്യം തന്നെയായിരുന്നു. ബാലുച്ചേട്ടൻ ആണ് എന്നോട് നിന്ന് വായിക്കാൻ പറഞ്ഞത് അതുവരെ ഞാൻ ഒരു വേദിയിലും ആരും നിന്നുകൊണ്ട് തബല വായിക്കുന്നത് കണ്ടിട്ടില്ല. ബാലുച്ചേട്ടൻ പറഞ്ഞു എടാ നീ നിന്ന് വായിച്ചു തുടങ്ങൂ, അതൊരു പുതിയ തുടക്കം ആകട്ടെ എന്ന്. നിന്ന് വായിക്കുമ്പോൾ പ്രൊഫെഷണൽ സ്റ്റാൻഡ് വേണം. എന്റെ ഒരു സുഹൃത്ത് മുംബൈയിൽ നിന്നു വാങ്ങിക്കൊണ്ടു വന്ന സ്റ്റാൻഡ് ആണ് ഞാൻ ഉപയോഗിക്കുന്നത്. ബാലുച്ചേട്ടൻ ആണ് എന്നോട് മറ്റു വാദ്യോപകരണങ്ങളും വായിച്ചു പഠിക്കാൻ പറഞ്ഞത്. എല്ലാ പ്രോഗ്രാമിനും തബല ആവശ്യമില്ല, നീ പല ഉപകരണങ്ങൾ വായിക്കണം എന്ന് അദ്ദേഹം പറഞ്ഞു.  അങ്ങനെ ഞാൻ അതെല്ലാം പഠിച്ചെടുത്തു. ഇതിനെല്ലാം പിന്നിൽ പ്രചോദനമായി നിന്നത്. അദ്ദേഹം തന്നെയാണ്. ഏതു ഇന്റർനാഷനൽ ആർട്ടിസ്റ്റ് വന്നാലും അവരുടെ മുന്നിൽ പതറാതെ നിൽക്കാനുള്ള ധൈര്യം ഉണ്ടാക്കി തന്നതും ബാലു ചേട്ടനാണ്.

ബാലുവിന്റെ മരണശേഷമുണ്ടായ ബാന്‍ഡിന്റെ തുടർച്ച? 

ബാലുച്ചേട്ടന് അപകടം സംഭവിച്ച് ആശുപത്രിയിലിയിരുന്നപ്പോൾ അദ്ദേഹം തിരിച്ചു വരും എന്നുതന്നെ ആയിരുന്നു ഞങ്ങളുടെ വിശ്വാസം. അദ്ദേഹം സുഖം പ്രാപിച്ചു വരാൻ കാലതാമസം എടുക്കും എന്നറിയാമായിരുന്നു. അതുവരെ റിഹേഴ്സൽ ചെയ്യാൻ തന്നെ തീരുമാനിച്ചു. അദ്ദേഹത്തെ കാണാൻ പോകാന്‍ ഞാൻ തീരുമാനിച്ചിരുന്ന ദിവസമാണ് അദ്ദേഹം വിടവാങ്ങിയത്. അദ്ദേഹം മരിക്കുമെന്ന് ഒരുക്കലും കരുതിയില്ല. ബാലുച്ചേട്ടൻ പോയപ്പോൾ അത് എങ്ങനെ ഉൾക്കൊള്ളും എന്നറിയില്ലായിരുന്നു. ബാൻഡ് അങ്ങനെ തന്നെ തുടരാൻ ഞങ്ങൾ തീരുമാനിച്ചു. പതിയെ പതിയെ വയലിൻ വായിക്കാൻ ഒരാളെ കണ്ടെത്തിയേ പറ്റൂ എന്നായി. അങ്ങനെ ഒരു പയ്യനെ ബാൻഡിലെടുത്തു. വിദേശത്തു നിന്നൊക്കെ ബാൻഡ് തുടർന്നുകൊണ്ട് പോകണം എന്ന മെസ്സേജ് വരുമായിരുന്നു. ആ ബാൻഡിലൂടെ അദ്ദേഹത്തിന്റെ പേരേ നിലനിൽ‌ക്കണം എന്നാണ് എല്ലാവരും ആഗ്രഹിച്ചത്.

ഇപ്പോൾ എല്ലാവരുടെയും അവസ്ഥ വളരെ മോശമാണ്. ഒരു കവർ സോങ് ചെയ്യണമെങ്കിൽ പോലും ഒരുപാട് പൈസ ആവശ്യമാണ്. ദൈവാനുഗ്രഹം കൊണ്ട് കുറച്ചു കവർ പതിപ്പുകളൊരുക്കാൻ സാധിച്ചു. ബാലുച്ചേട്ടൻ ഉള്ളപ്പോൾ ഞങ്ങൾ ഞങ്ങളുടെ ഭാഗം മാത്രം ചെയ്താൽ മതിയായിരുന്നു. ഇപ്പോള്‍ പക്ഷേ അങ്ങനെയല്ല. എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യണം. ഭാവിയിൽ ഒരുപാടു കാര്യങ്ങൾ ബാൻഡിന്റെ കീഴിൽ ചെയ്യണം എന്നുണ്ട്, അതിന് ആദ്യം ഞങ്ങൾക്ക് പിടിച്ചു നിൽക്കാനാകണം. ബാലുച്ചേട്ടന്റെ പേരിൽ ഒരു സ്കൂൾ തുടങ്ങണം എന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു. അതൊക്കെ ചെയ്യണം എന്ന് ഞങ്ങൾക്കും ആഗ്രഹമുണ്ട്. പക്ഷേ ഇപ്പൊഴത്തെ അവസ്ഥയിൽ ഒന്നും ചെയ്യാൻ കഴിയുന്നില്ല. ഈ കാലമൊക്കെ മാറുമെന്നു വിശ്വസിക്കുന്നു.

ബാലുച്ചേട്ടന്‍ ആഗ്രഹിച്ചിട്ടും നടക്കാതെ പോയ ഒരു സ്വപ്നമുണ്ട്. അദ്ദേഹം വളരെ ഡെഡിക്കേറ്റഡ് ആയി ശരീരം സൂക്ഷിക്കുന്ന ആളായിരുന്നു. കർശനമായ ഡയറ്റ്, വർക്ഔട്ട് ഒക്കെ ഉണ്ടായിരുന്നു. ഷർട്ട് ഇല്ലാതെ സിക്സ് പാക്ക് കാണിച്ച് നിന്ന് ഒരു സ്റ്റേജ് പെർഫോമൻസ് ചെയ്യണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അതൊന്നും നടന്നില്ല. ബാലുച്ചേട്ടൻ ഉണ്ടെങ്കിൽ ഞങ്ങൾ ആഘോഷമാക്കേണ്ട പിറന്നാളുകൾ ആണ് കഴിഞ്ഞുപോകുന്നത്. അദ്ദേഹത്തിനായി കവർ സോങ്ങ് സമർപ്പിക്കേണ്ടി വരും എന്നൊന്നും ഒരിക്കലും ചിന്തിച്ചിട്ടില്ല. അകാലത്തിലുള്ള ആ യാത്രയുടെ ഞെട്ടൽ ഇപ്പോഴും വിട്ടുമാറുന്നില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിങ്ങൾ എപ്പോഴും ഒരുമിച്ചാണോ? ചിരിപ്പിച്ച് സജിയേട്ടനും അസിസ്റ്റന്റും | Jan E Man | Manorama Online

MORE VIDEOS
FROM ONMANORAMA