ഞാൻ യേശുദാസിന്റെ സഹോദരനല്ല: കെ.എം. റോയി

roy-yesudas
SHARE

‘ഞാൻ വടയാർ റോയി; യേശുദാസിന്റെ സഹോദരനല്ല.’ ഗായകൻ കെ.ജെ യേശുദാസിന്റെ സഹോദരൻ, അന്തരിച്ച ജസ്റ്റിൻ പാടിയ പാട്ട് എന്ന രീതിയിൽ ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ വൈറലായ വിഡിയോയിൽ പ്രചരിക്കുന്നത് ഞാൻ പാടിയ പാട്ടാണെന്നും റോയി.

‘‘എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിർ... ഇന്നെത്ര ധന്യതയാർന്നു.’’ എന്ന് തുടങ്ങുന്ന പാട്ടാണ് പ്രചരിക്കുന്നത്. തലയോലപ്പറമ്പ് വടയാർ കോരിക്കൽ പഴംപെട്ടി കറുകത്തറയിൽ കെ.എം. റോയി അപ്രതീക്ഷിതമായാണ് സമൂഹമാധ്യമങ്ങളിൽ താരമായത്.

തലയോലപ്പറമ്പിലെ വീട്ടിലിരുന്നു 6 വർഷം മുൻപ് പാടിയതാണ്. ‘സഹോദരിയും കുടുംബവും വീട്ടിൽ വന്നിരുന്നു. അപ്പോൾ ഒരു രസം തോന്നി. വിഡിയോ പകർത്തിയതും യുട്യൂബിൽ ഇട്ടതും സഹോദരിയുടെ മകളുടെ ഭർത്താവാണ്. പിന്നണിയില്ലാതെയാണ് പാടിയത്. വിഡിയോ കണ്ട് ചിലർ വിളിച്ചിരുന്നു. യേശുദാസിന്റെ സഹോദരൻ പാടിയതെന്ന കുറിപ്പുമായി ഈ പാട്ട് ആരോ പിന്നെ പ്രചരിപ്പിച്ചു. പക്ഷേ, വൈറലായതൊന്നും അറിഞ്ഞില്ല. പ്രചാരണ കോലാഹലമൊക്കെ കഴിഞ്ഞെന്നു കരുതി ഇരിക്കുമ്പോഴാണ് വിഡിയോ വീണ്ടും പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. യേശുദാസിന്റെ സഹോദരൻ കഴിഞ്ഞ വർഷം മരിച്ചു. അതിനുശേഷവും ഇങ്ങനെയൊക്കെ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നു തോന്നി. അതാണ് പ്രതികരിച്ചത്.’ റോയി പറഞ്ഞു.

സ്കൂളിൽ പഠിച്ചിരുന്നപ്പോൾ പാടിയിരുന്നു. തബല വായിക്കാനും അറിയാം. ചെറിയ ഗാനമേള ട്രൂപ്പുമായി സഹകരിച്ചിരുന്നു. സ്വന്തമായി മോട്ടർ വൈൻഡിങ് പണികൾ നടത്തുകയായിരുന്നു. കോവിഡ് വ്യാപിച്ചതോടെ വല്ലപ്പോഴുമായി പണി. ഇപ്പോൾ അലൂമിനിയം റൂഫിങ് പണികൾക്ക് പോകുന്നുണ്ടെന്നും റോയി പറഞ്ഞു. യൂട്യൂബ് കാണുന്നവർ പലരും ഫോൺ നമ്പർ കണ്ടു പിടിച്ച് ഇപ്പോഴും വിളിക്കാറുണ്ട്. പാട്ട് നന്നായെന്നു പറയുന്നുണ്ട്. പക്ഷേ, തെറ്റായ അടിക്കുറിപ്പോടെയാണ് പ്രചാരണം. അതാണ് ദുഃഖം – റോയി പറഞ്ഞു. 1983 ൽ പുറത്തിറങ്ങിയ ഉത്സവഗാനങ്ങളുടെ ആൽബത്തിലെ ഒരു പാട്ടാണ് ഇത്. ശ്രീകുമാരൻ തമ്പി എഴുതി രവീന്ദ്രൻ ഈണം പകർന്നു. യേശുദാസാണ് പാടിയത്. അക്കാലത്തു തന്നെ ഹിറ്റായ പാട്ടുകളിൽ ഒന്നാണ്. യേശുദാസിന്റെ സഹോദരൻ ജസ്റ്റിൻ 2020 ഫെബ്രുവരിയിൽ അന്തരിച്ചു. ജസ്റ്റിനും ഗാനമേളകളിലൊക്കെ പാടിയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് കർഷകവിജയമോ? വിശ്വസിക്കാമോ മോദി സർക്കാരിന്റെ നിലപാടുമാറ്റം?

MORE VIDEOS
FROM ONMANORAMA