ADVERTISEMENT

സംഗീതജ്ഞൻ എ.ആർ.റഹ്മാനെയും പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നയെയും വിമർശിച്ച് തെലുങ്ക് നടൻ നന്ദമുരി ബാലകൃഷ്ണ. എ.ആർ.റഹ്മാൻ ആരാണെന്നു ചോദിച്ച അദ്ദേഹം തനിക്ക് അങ്ങനെയൊരാളെ അറിയില്ലെന്നു പറഞ്ഞു. ഭാരതരത്നയൊക്കെ തന്റെ അച്ഛന്റെ കാൽവിരലിലെ നഖത്തിനു തുല്യമാണെന്നും ബാലകൃഷ്ണ ആക്ഷേപിച്ചു. അടുത്തിടെ പ്രാദേശിക ചാനലിനു നല്‍കിയ അഭിമുഖത്തിനിടെയാണ് നന്ദമുരി ബാലകൃഷ്ണ വിവാദപരാമർശം നടത്തിയത്. താരത്തിന്റെ വാക്കുകളിങ്ങനെ:

 

‘അവാര്‍ഡുകളെല്ലാം എന്‍റെ കാൽപാദത്തിനു തുല്യമാണ്. തെലുങ്ക് സിനിമയ്ക്ക് എന്‍റെ കുടുംബം നല്‍കിയ സംഭാവനയ്ക്ക് തുല്യമല്ല ഒരു അവാര്‍ഡും. എ.ആര്‍ റഹ്മാന്‍ എന്ന് വിളിക്കുന്ന ഒരാള്‍ ഓസ്‌കാര്‍ അവാര്‍ഡ് നേടിയതായും ഞാന്‍ കേട്ടു. റഹ്മാന്‍ ആരാണെന്ന് എനിക്കറിയില്ല. ഭാരതരത്ന ബഹുമതിയൊക്കെ എന്‍റെ അച്ഛന്‍ എന്‍.ടി.ആറിന്‍റെ കാല്‍വിരലിലെ നഖത്തിന് തുല്യമാണ്. എന്‍റെ അച്ഛനോ കുടുംബമോ അല്ല അവാര്‍ഡുകളാണ് മോശം’.

 

ഹോളിവുഡ് സംവിധായകന്‍ ജെയിംസ് കാമറൂണിനോടാണ് ബാലകൃഷ്ണ സ്വയം താരതമ്യപ്പെടുത്തിയിരിക്കുന്നത്. ‘വർഷങ്ങളായി ഷൂട്ടിങ് നീട്ടുന്ന ജെയിംസ് കാമറൂണിൽ നിന്ന് വ്യത്യസ്തമായി എന്‍റെ ഷൂട്ടിങ് വേഗത്തിൽ പൂര്‍ത്തിയാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ സിനിമകൾ നിർമ്മിക്കാനും കൂടുതൽ ഹിറ്റുകൾ നേടാനാകുമെന്നും ഞാന്‍ വിശ്വസിക്കുന്നു. അതാണ് തന്‍റെ പ്രവർത്തന രീതി’, ബാലകൃഷ്ണ പറഞ്ഞു.  

 

നന്ദമുരി ബാലകൃഷ്ണയുടെ ഈ പരാമർശങ്ങളും അധിക്ഷേപസ്വരങ്ങളും സമൂഹമാധ്യമലോകത്തെ ചൊടിപ്പിച്ചു. ചുരുങ്ങിയ സമയത്തിനകമാണ് വിഷയം സജീവ ചർച്ചയായത്. നിരവധി പേര്‍ താരത്തെ വിമർശിച്ചു രംഗത്തെത്തി. സമൂഹമാധ്യമങ്ങളിൽ ട്രോൾ വിഡിയോകളും നിറയുകയാണിപ്പോൾ. അതേസമയം, ബോയപതി ശ്രീനുവിനൊപ്പമുള്ള അഖന്ദ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് തിരക്കിലാണ് നന്ദമുരി ബാലകൃഷ്ണ. ശ്രീനുവിനൊപ്പമുള്ള മൂന്നാമത്തെ ചിത്രമാണ് ഇത്. പ്രഗ്യ ജയ്സ്‍വാളാണ് നായിക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com