ADVERTISEMENT

എന്നെന്നും പ്രിയപ്പെട്ട പാട്ടുകാരി കെ.എസ്.ചിത്രയ്ക്കു പിറന്നാൾ സമ്മാനമായി കവർ ഗാനമൊരുക്കി ഗായിക രാജലക്ഷ്മി. ചിത്രയുടെ ആദ്യ സോളോ ആയ ‘രജനീ പറയൂ’ എന്ന ഗാനത്തിനാണ് രാജലക്ഷ്മിയുടെ മനോഹരമായ കവർ പതിപ്പ്. യഥാർഥ പാട്ടിന്റെ തനിമ ചോരാതെയാണ് ഗായികയുടെ ആലാപനം. ഹൃദയത്തിലെന്നും അങ്ങേയറ്റം സ്നേഹത്തോടും ബഹുമാനത്തോടും കൂടെ കാണുന്ന പ്രിയപ്പെട്ട ചിത്ര ചേച്ചിയ്ക്കായുള്ള തന്റെ സ്നോഹസമ്മാനമാണിതെന്ന് രാജലക്ഷ്മി പറയുന്നു. മനോരമ ഓൺലൈനിലൂടെയാണ് ഗായികയുടെ കവർ ഗാനം റിലീസ് ചെയ്തത്. പാട്ടു വിശേഷം രാജലക്ഷ്മി മനോരമ ഓൺലൈനിനോനു പങ്കുവച്ചത് ഇങ്ങനെ: 

 

 

‘എനിക്ക് എന്നെന്നും പ്രിയപ്പെട്ട ചിത്ര ചേച്ചിയ്ക്കായി പിറന്നാൾ സമ്മാനമായി ഒരുക്കിയതാണ് ഈ കവർ ഗാനം. ചിത്ര ചേച്ചി ആദ്യമായി ഒറ്റയ്ക്കു പാടിയ പിന്നണിഗാനമാണിത്. ഏതൊരു പാട്ടുകാരിയുടെയും മനസ്സിൽ ചിത്ര ചേച്ചിയ്ക്ക് വളരെ വലിയൊരു സ്ഥാനമാണുള്ളത്. ഞാൻ അത്രയധികം ആരാധിക്കുന്നയാളാണ് ചേച്ചി. ചിത്ര ചേച്ചിയുമായി എപ്പോഴും സംസാരിക്കാറുണ്ട്. ഞങ്ങൾ തമ്മിൽ നല്ലൊരു സ്നേഹബന്ധവും നിലനിൽക്കുന്നു. ഇതിനു മുൻപും ഞാൻ ചിത്ര ചേച്ചിയുടെ പാട്ടുകൾക്ക് കവർ പതിപ്പുകൾ പുറത്തിറക്കിയിട്ടുണ്ട്. ഈ പിറന്നാളിന് ചേച്ചിയ്ക്കു വേണ്ടി ആദരഗീതമായി ഒരു വിഡിയോ ഒരുക്കണമെന്നു നേരത്തേ തീരുമാനിച്ചതാണ്. ചേച്ചിയുടെ കടുത്ത ആരാധകനനും പ്രവാസിയുമായ സജി നാരായണൻ ആണ് ഈ കവർ ഗാനം നിർമിച്ചിരിക്കുന്നത്. ഞങ്ങൾ രണ്ടുപേരും ചേർന്ന് ചിത്ര ചേച്ചിയ്ക്കായി ഒരുക്കിയ സ്നേഹസമ്മാനമാണിത്. 

 

 

‘ഞാൻ ഏകനാണ്’ എന്ന ചിത്രത്തിലേതാണ് ‘രജനീ പറയൂ’ എന്ന ഈ ഗാനം. എം.ജി.രാധാകൃഷ്ണൻ സാറാണ് ചിത്ര ചേച്ചിയെ ആ സിനിമയിലേയ്ക്കു പാടാൻ കൊണ്ടുവന്നത്. സത്യൻ അന്തിക്കാട് സർ ആണ് പാട്ടിനു വരികൾ കുറിച്ചത്. ആ സിനിമയ്ക്കു വേണ്ടി ഒരു യുഗ്മഗാനത്തിലും ചിത്ര ചേച്ചി സ്വരമായി. ‘രജനീ പറയൂ’ എന്ന ഈ ഗാനം എനിക്കെന്നും പ്രിയപ്പെട്ട പാട്ടാണ്. എന്റെ അമ്മയ്ക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടുകൂടിയാണിത്. അമ്മയാണ് ഈ പാട്ട് എനിക്കു പാടി പഠിപ്പിച്ചു തന്നത്. കുട്ടിക്കാലം മുതൽ കേൾക്കുന്നതായതിനാൽ പണ്ടു തൊട്ട് ഈ പാട്ടിനോട് ഒരു പ്രത്യേക അടുപ്പമുണ്ട്. അങ്ങനെയാണ് ചിത്ര ചേച്ചിയ്ക്കുള്ള പിറന്നാൾ സമ്മാനമായൊരുക്കുന്ന കവറിനു വേണ്ടി ഈ പാട്ട് തന്നെ തിരഞ്ഞെടുക്കാൻ തീരുമാനിച്ചത്’, രാജലക്ഷ്മി പറഞ്ഞു. 

 

 

തിരുവനന്തപുരത്തു വച്ചാണ് വിഡിയോ ചിത്രീകരിച്ചത്. ഗാനരംഗങ്ങളുടെ പശ്ചാത്തലസൗന്ദര്യം കവർ പതിപ്പിന്റെ ഭംഗി ഒന്നു കൂടി വർധിപ്പിച്ചു. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടു തന്നെയാണ് രാജലക്ഷ്മിയും കൂട്ടരും പാട്ടിന്റെ ഷൂട്ട് പൂർത്തിയാക്കിയത്. ഉമ ശങ്കർ ആണ് പാട്ടിനു വേണ്ടി ക്യാമറ കൈകാര്യം ചെയ്തത്. ഹരി സദാശിവം ഗാനരംഗങ്ങളുടെ എഡിറ്റിങ് നിർവഹിച്ചു. കീബോർഡ് പ്രോഗ്രാമിങ് ചെയ്തത് സുമേഷ് ആനന്ദ്. ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ ഗാനം ഇതിനോടകം നിരവധി ആസ്വാദകരെ സ്വന്തമാക്കിക്കഴിഞ്ഞു. രാജലക്ഷ്മിയുടെ ആലാപനത്തെ പ്രശംസിച്ചു നിരവധി പേരാണ് പ്രതികരണങ്ങളുമായെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com