ADVERTISEMENT

അമ്മയുടെ വേർപാടിന്റെ ദുഃഖം താങ്ങാനാകാതെ ബോളിവുഡ് സംഗീതജ്ഞൻ അനു മാലിക്. അമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് അദ്ദേഹം എഴുതിയ സമൂഹമാധ്യമ കുറിപ്പ് ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. ജൂലൈ 25 ഞായറാഴ്ചയാണ് അനു മാലിക്കിന്റെ അമ്മ കൗസർ ജഹാൻ മാലിക് (86) അന്തരിച്ചത്. ഇത്ര വേഗം അമ്മ തന്നെ വിട്ടു പോകുമെന്നു കരുതിയില്ലെന്നും വേർപാടിന്റെ വേദന സഹിക്കാനാകുന്നില്ലെന്നും അനു മാലിക് കുറിച്ചു. 

 

‘അമ്മേ, ഒരു വേള മാത്രമേ അമ്മ എന്റെ കൈ പിടിച്ചിട്ടുണ്ടാകൂ. പക്ഷേ, എന്റെ ഹൃദയത്തെ എക്കാലവും താങ്ങി നിര്‍ത്തുന്നത് അമ്മ തന്നെയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങൾ എന്നെ സംബന്ധിച്ച് വളരെ പ്രയാസമേറിയതായിരുന്നു. ഇത്ര വേഗം അമ്മ എന്നെ വിട്ടുപോയി എന്ന യാഥാർഥ്യവുമായി പൊരുത്തപ്പെട്ടു വരുന്നതേയുള്ളു. അമ്മയായിരുന്നു എനിക്ക് എല്ലാം. 

 

അമ്മ എന്നന്നേയ്ക്കുമായി എന്നെ വിട്ടുപിരിഞ്ഞെങ്കിലും ആ ആലിംഗനങ്ങൾ എന്നും എനിക്കൊപ്പം തന്നെയുണ്ടാകും. ജീവിതത്തിലെ ഓരോ വഴികളും എനിക്കു കാണിച്ചു തന്നതും എല്ലാത്തിന്റെയും സൗന്ദര്യം തിരിച്ചറിയാൻ എന്നെ പഠിപ്പിച്ചതും അമ്മയാണ്. വിജയങ്ങളിൽ അഹങ്കരിക്കാതിരിക്കാനും എത്ര ഉന്നതിയിൽ എത്തിയാലും വിനയാന്വിതനായി നിൽക്കാനും എന്നെ ശീലിപ്പിച്ചതും അമ്മ തന്നെ. ആവശ്യഘട്ടങ്ങളിൽ എന്നെ വിമർശിക്കുകയും ദിനം തോറും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അമ്മയെക്കുറിച്ച് ഓർക്കുമ്പോൾ എനിക്ക് എന്നും അഭിമാനം മാത്രമാണ്. 

 

എല്ലായ്പ്പോഴും ഏറ്റവും മികച്ച കാര്യങ്ങൾ ചെയ്യാനും എന്തു വന്നാലും മാനസികമായി തളർന്നുപോകാതിരിക്കാനും പ്രചോദനം പകർന്നത് അമ്മയാണ്. അമ്മയെപ്പോലെ മറ്റാരുമില്ല, ഇനിയൊരിക്കലും ഉണ്ടാവുകയുമില്ല. അമ്മ എന്നും എന്റെ ഓർമയിലും ഹൃദയത്തിലും ജീവിക്കും. ശാന്തിയിൽ ലയിക്കൂ അമ്മാ....’, അനു മാലിക് കുറിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com