നക്ഷത്രമായി മാറിയ ആ ഗന്ധർവ ഗായകൻ; ആത്മാവിലഞ്ഞുചേർന്ന ഉമ്പായി
Mail This Article
ചില ഗായകരുടെ വിയോഗം നാം അറിയുകയേയില്ല. ശരീരമില്ലെങ്കിലും അവരുടെ മിടിക്കുന്ന ഹൃദയം എന്നത്തെയുംപോലെ നമുക്കായി പാടിക്കൊണ്ടേയിരിക്കും. പ്രണയവും വിരഹവും ഏകാന്തതയുമൊക്കെ നമ്മുടെയുള്ളിൽ നിരന്തരം നിറച്ചുകൊണ്ടേയിരിക്കും. അനശ്വരത എന്ന വരം ഭൂമിയിൽ ആർക്കെങ്കിലും അനുവദിച്ചു നൽകിയിട്ടുണ്ടെങ്കിൽ അവരിൽ തീർച്ചയായും തിരഞ്ഞെടുക്കപ്പെട്ട ചില പാട്ടുകാരുണ്ടാകും.
ഉമ്പായി എനിക്ക് അങ്ങനെയൊരാളാണ്. മന്ത്രസ്ഥായിയിലുള്ള താരാട്ടുപോലെ പതിഞ്ഞ താളത്തിലോടിയ ഒരു കാറിലിരുന്നാണ് ആ ശബ്ദം ആദ്യം കേട്ടത്. പത്തുപതിനാറു വർഷം മുമ്പാണ്. വിദൂരമായ ഏതോ ഗലികളിലിരുന്ന് സ്വപ്നത്തിൽ മാത്രം കണ്ടുമറന്ന മുഖമില്ലാത്ത ഒരു ഗായകൻ മുഷിഞ്ഞ ഹാർമോണിയത്തിൽ വിരലുകളോടിച്ച് മാന്ത്രികമായി പാടുകയാണ്. തലത് മഹമൂദിനെയും മുകേഷിനെയും ബാബുരാജിനെയുമൊക്കെ ഓർമിപ്പിച്ച ആ ശബ്ദത്തിനൊപ്പം പറന്നുയരാൻ തുടങ്ങിയപ്പോഴേക്കും കാർ ലക്ഷ്യത്തിലെത്തി. കൗതുകത്തോടെ സ്റ്റീരിയോയുടെ 'ഇജെക്റ്റ് ബട്ടണി'ൽ വിരലമർത്തിയപ്പോൾ 'ഗസൽമാല' എന്നെഴുതിയ സിഡി പുറത്തേക്കുവന്നു.
പേരറിയാത്ത ഒട്ടേറെ ഉസ്താദുമാരും സാക്ഷാൽ മെഹബൂബും പാടിത്തെളിച്ച 'മട്ടാഞ്ചേരി ഘരാന'യുടെ ഇങ്ങേത്തലയ്ക്കൽ നമ്മുടെ അതേ കാലഘട്ടത്തിൽ മജ്ജയും മാംസവുമായി ജീവിക്കുന്ന ഉമ്പായി എന്ന ആ പാട്ടുകാരനെ തൽക്ഷണം ഹൃദയത്തിലേക്കു ക്ഷണിച്ചു. ദൂരത്തെ പാട്ടുകൊണ്ടളന്ന പിന്നീടുള്ള കാർയാത്രകളിലൊക്കെ അദ്ദേഹവും കൂട്ടിനുണ്ടായിരുന്നു. പാതിയിൽ നിർത്തിയും അനന്തമായി പാടിയും വർഷങ്ങൾ നീണ്ട യാത്രകൾ. കടൽപ്പച്ചനിറമുള്ള മാരുതി സെന്നിനുള്ളിലെ കാസറ്റും സിഡിയും ഇടാവുന്ന സ്റ്റീരിയോയിൽനിന്ന് ഇതിനിടെ ഒരിക്കൽ പോലും അദ്ദേഹം സ്ഥിരമായിറങ്ങിപ്പോയില്ല. പ്രിയമുള്ളവർ കൂടെയുള്ളപ്പോഴും പ്രാണനിലലിഞ്ഞുചേർന്ന ചിലരുടെ അദൃശ്യസാന്നിധ്യം അദ്ദേഹത്തിന്റെ മന്ത്രമധുരമായ വിഷാദസ്വരം എന്നിൽ അനുഭവിപ്പിച്ചുകൊണ്ടേയിരുന്നു.
'അർധനിശയിൽ സൂര്യനെപ്പോലെ
അമാവാസിയിൽ ചന്ദ്രനെപ്പോലെ
ഓർക്കാതിരുന്നപ്പോൾ എൻമിഴിൽ മുന്നിൽ
ഓമലാളേ നീ വന്നൂ
ഒരു മധുര ദർശനം നീ തന്നൂ...'
ഞാനടക്കമുള്ള പലരുടെയും ജീവിതങ്ങളിലേക്ക് അദ്ദേഹം എങ്ങനെ കടന്നുവന്നു എന്ന് യൂസഫലി കേച്ചേരിയുടെ ആലോചനാമൃതമായ ഈ വരികളിലുണ്ട്. ഇതുമാത്രമല്ല, ആസ്വാദ്യകരമായ ആവർത്തനങ്ങളിലൂടെ 'സുനയനേ സുമുഖീ ', 'അനുരാഗമെന്ന പേർ വിളിച്ചു ', 'നിലാവേ കണ്ടുവോ
നീ ', 'ഗാനപ്രിയരേ ആസ്വാദകരേ' തുടങ്ങി ഗസൽമാലയിലെ ഓരോ ഗാനവും പിന്നീടങ്ങോട്ട് ആത്മാവിന്റെ ഭാഗമായി.
ഒരിക്കൽ കേട്ടാൽ പിന്നീടൊരിക്കലും വിട്ടുപോകാനാവാത്ത, ഭൂഗുരുത്വം പോലൊരു ആകർഷണം ഉമ്പായിയുടെ പാട്ടുകൾക്കുണ്ട്. കാറിലും വീട്ടിലും ഉമ്പായിയെ മാത്രം പാടാനനുവദിക്കുന്ന, ആ ആലാപനത്തെ ധ്യാനിക്കുന്ന ഒരുപിടി ആരാധകർ അദ്ദേഹത്തിനുണ്ടായിരുന്നു. അടച്ചിട്ട മുറിയിൽ ഉമ്പായിയെ കേട്ടിരിക്കുമ്പോൾ ആ സമയത്ത് ഏതു വികാരമാണോ ഉള്ളിലുള്ളത് അതിനെ അദ്ദേഹം പലമടങ്ങ് ജ്വലിപ്പിക്കുന്നതായി തോന്നിയിട്ടുണ്ട്. പലപ്പോഴും കാഴ്ചക്കാരായി മാത്രം നാം കാണുകയും കേൾക്കുകയും ചെയ്യുന്ന ചില വാക്കുകളെ ഏറ്റവും ഭാവതീവ്രമായി അനുഭവപ്പെടുത്തുന്ന മാന്ത്രികത ആ ആലാപനത്തിലുണ്ട്. 'സുമവദനേ' എന്നദ്ദേഹം പാടുമ്പോൾ നമ്മുടെയുള്ളിൽ നിലാവ് പോലൊരു പുഞ്ചിരി വിടരും. 'സാന്ത്വനങ്ങൾ' എന്നു പാടുമ്പോൾ ഹൃദയത്തിലൊരു തൂവൽസ്പർശം അനുഭവപ്പെടും. 'ഗസൽ' എന്ന വാക്ക് അത്രമേൽ ഉള്ളിൽത്തട്ടി ഉച്ചരിക്കുന്ന മറ്റൊരു ഗായകനും മലയാളത്തിലില്ല.
പ്രാണസഖിയുടെ വിയോഗം മുൻകൂട്ടിക്കണ്ട ദാർശനികനായൊരു കാമുകന്റെ ഭാവമാണ് ഉമ്പായിയുടെ പാട്ടുകൾക്ക്. പ്രണയവും വിരഹവും ഗൃഹാതുരതയും മാറിമാറിത്തെളിയുന്ന വിഷാദഛായയുള്ള ശബ്ദത്തോട് ആരാധന മൂത്ത് ഒരിക്കൽ അദ്ദേഹത്തെ കാണാൻ മട്ടാഞ്ചേരിയിലെ വീട്ടിൽ പോയിട്ടുണ്ട്. നാലഞ്ച് ഗസൽ ആൽബങ്ങൾ ചെയ്ത് പ്രശസ്തിയിൽ നിൽക്കുന്ന സമയമാണ്. എന്നാൽ, മനസ്സിൽ സങ്കൽപ്പിച്ചുകൂട്ടിയതൊന്നുമായിരുന്നില്ല നേരിൽ കണ്ടത്. ലോകമെങ്ങും ആരാധകരുള്ള ഗസൽ ഗായകൻ താമസിക്കുന്നത് ഒരു കൊച്ചു വാടകവീട്ടിൽ!
കൊച്ചിക്കാരുടെ സ്വതസിദ്ധമായ ആതിഥ്യമര്യാദയോടെ അദ്ദേഹം ഞങ്ങളെ വരവേറ്റു. കുടിക്കാൻ ചായയും സർബത്തും തന്നു. ഒന്നര മണിക്കൂർ കൊണ്ട് തീവ്രമായ അനുഭവങ്ങളും സംഗീതവും നിറഞ്ഞ സ്വന്തം ജീവിതത്തെക്കുറിച്ച് സംസാരിച്ചു. സംസാരത്തിലെ ഇടവേളകളിലൊക്കെ ചായ കുടിച്ചു. ചായ കുടിക്കുന്നതിനിടെ റോത്ത്മാൻസ് സിഗരറ്റ് വലിച്ചു. പുകവലി പാട്ടിനെ ബാധിക്കില്ലേ എന്നു ചോദിച്ചപ്പോൾ, പാടാത്തപ്പോഴൊക്കെയും സിഗരറ്റ് വലിച്ച ഉസ്താദ് മെഹ്ദി ഹസനെക്കുറിച്ച് പറഞ്ഞു. പെട്ടി കയ്യിലെടുത്താൽ 'വലി'യുടെ കുഴപ്പങ്ങളൊക്കെ മാറും എന്നായിരുന്നു അദ്ദേഹത്തിന്റെ ആത്മവിശ്വാസം.
ആ ജീവിതം കേട്ടിരുന്നപ്പോൾ 'സഫരോം കി സിന്ദഗീ ജോ കഭി നഹി ഖതം' എന്ന ഇതിഹാസ ഡയലോഗ് കൺമുന്നിൽ തെളിഞ്ഞു. മട്ടാഞ്ചേരിത്തെരുവുകളിൽ മെഹബൂബിനൊപ്പം തബല വായിച്ചുനടന്ന നിഷേധിയായ യുവാവ് ബോംബെയിലേക്ക് നാടുവിട്ട കഥ. ജീവിതം തേടിയുള്ള അലച്ചിലിനിടെ ചെന്നുപെട്ട സിംഹത്തിന്റെ മടയിൽ ഏഴുവർഷത്തെ ഹിന്ദുസ്ഥാനി പഠനം. അടുക്കുന്തോറും അകലുന്ന ഹിന്ദുസ്ഥാനി സംഗീതക്കടലിൽ നീന്തിത്തുടിച്ചിട്ടും കരകാണാതെപോയ ബോംബെ ജീവിതം. സംഗീതവും മദ്യവും കീഴടക്കിയ നാളുകൾ.
സംഗീതമല്ലാതെ മറ്റൊന്നും സമ്പാദിക്കാതെ മടങ്ങിയെത്തിയ ഗായകന് നാട്ടിൽ വേദിയൊരുക്കിയത് കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലായിരുന്നു. മലയാളികൾക്കുമുമ്പേ ഗുജറാത്തി സേട്ടുമാർ നോട്ടുമാലയണിയിച്ച് അദ്ദേഹത്തെ സ്വീകരിച്ചു. ആദ്യമൊക്കെ മെഹ്ദി ഹസൻ, ഗുലാം അലി, ജഗ്ജിത് സിങ് തുടങ്ങിയവരുടെ ഗസലുകൾക്ക് 'കവർ' പാടി. പിന്നീട് മലയാളത്തിന്റെ സ്വന്തം ഗസൽ ഗാനങ്ങളെക്കുറിച്ച് ആലോചിച്ചു. പേരുകേട്ട പല കവികളെയും സമീപിച്ചെങ്കിലും ആരുമറിയാത്ത ഗായകന്റെ വേറിട്ട ആവശ്യം അവർ നിരാകരിച്ചു.
താരതമ്യേന അപ്രശസ്തനായ വേണു വി ദേശം എന്ന കവിയാണ് ഉമ്പായിക്കുവേണ്ടി ആദ്യം പാട്ടെഴുതിയത്. 'പ്രണാമം' എന്ന പേരിൽ സ്വതന്ത്ര ഗസൽ ആൽബമായി പുറത്തിറങ്ങിയ അത് മലയാള ഗാനരംഗത്ത് ഒരു വഴിത്തിരിവായി. തുടർന്ന് പ്രദീപ് അഷ്ടമിച്ചിറയുമായി ചേർന്ന് 'ഒരു മുഖം മാത്രം', കവി സച്ചിദാനന്ദൻ വരികളെഴുതിയ 'അകലെ മൗനം പോൽ', യൂസഫലി കേച്ചേരിക്കൊപ്പം 'ഗസൽമാല' എന്നീ ആൽബങ്ങൾ. പിന്നെയും മൂന്നുനാല് സ്വതന്ത്ര ആൽബങ്ങൾ. എണ്ണമറ്റ സ്റ്റേജ് പരിപാടികൾ. ഒ.എൻ.വിയുടെ കവിതകൾക്ക് ഉയിരേകിയ 'പാടുക സൈഗാൾ പാടൂ' എന്ന ആൽബത്തോടെ അദ്ദേഹം പ്രശസ്തിയുടെ സ്വപ്നശൈലങ്ങൾ കീഴടക്കി. മലയാളത്തിലെ മഹാതപസ്വികളായ കവികളുടെ ക്ലാസിക് രചനകൾ പാടിക്കൊണ്ട് ഉമ്പായി വെട്ടിത്തെളിച്ച പാത പിന്തുടർന്ന് പിന്നീട് പലരുമെത്തി.
അറുപതുകൾ തൊട്ട് ബാബുരാജും പി ഭാസ്കരനുമൊക്കെ ആ ശൈലിയിലുള്ള ഗാനങ്ങൾ സൃഷ്ടിച്ചിരുന്നെങ്കിലും അന്നൊന്നും അവ 'ഗസൽ' എന്നറിയപ്പെട്ടിരുന്നില്ല. പിന്നീട് കോഴിക്കോട് അബ്ദുൽ ഖാദറിന്റെ മകൻ നജ്മൽ ബാബു ഗസൽ ഗായകനായി പേരെടുത്തു. എങ്കിലും, മലയാളത്തിൽ വേറിട്ട ഒരു സംഗീതശാഖയായി ഗസൽ ജനപ്രിയമായത് ഉമ്പായിയിലൂടെയാണ്.
സിനിമയിൽ പാടാനും റിയാലിറ്റിഷോയിൽ ജഡ്ജാകാനും ഉമ്പായി ഒരിക്കലും നിന്നുകൊടുത്തില്ല. സംഗീതസാന്ദ്രമായ ജീവിതം കൊണ്ട് എണ്ണമറ്റ ആരാധകരെയല്ലാതെ വലുതായൊന്നും അദ്ദേഹം സമ്പാദിച്ചതുമില്ല. മട്ടാഞ്ചേരിയിൽ ഹിന്ദുസ്ഥാനി സംഗീതം പഠിപ്പിക്കുന്ന ഒരു സ്കൂൾ എന്ന സ്വപ്നം ബാക്കിയാക്കി മൂന്നു വർഷം മുമ്പ് അദ്ദേഹം യാത്രയായി.
പുതിയ ഗസലുകളുമായി ഉമ്പായിയിനി വരില്ലായിരിക്കും. എങ്കിലും, തലത്തിനെയും സൈഗാളിനെയും മുകേഷിനെയും കിഷോറിനെയും റഫിയെയും ബാബുരാജിനെയും മെഹബൂബിനെയും പോലെ ഹൃദയം തുടിക്കുന്ന ശബ്ദം കൊണ്ട്, പ്രാണനുരുക്കുന്ന ഭാവം കൊണ്ട് അദ്ദേഹം നമ്മളെ ഇനിയും ചേർത്തുപിടിക്കും. അതു കേട്ടിരിക്കുമ്പോൾ നക്ഷത്രമായി മാറിയ ഒരു ഗന്ധർവന്റെ സാമിപ്യം നാമറിയും.
'ഒരു ചെറുതാരകം മുറ്റത്തെ മുല്ലയിൽ
ഇന്നലെ രാവിൽ അടർന്നുവീണു
നേരം വെളുത്തിട്ടും മേലോട്ടു പോകാതെ
നക്ഷത്രമവിടെ തപസ്സിരുന്നു...'
ആ തപസ്സിനു കൂട്ടിയിരിക്കുന്നത് ഒരു സുഖമാണ്. ഇന്ദ്രിയാതീതമായ അനുഭൂതിയാണ്.