ADVERTISEMENT

സ്‌നേഹസാന്ദ്രമായ ഈണങ്ങളിലൂടെ മലയാള സിനിമയ്ക്കു സംഗീത മധുരം പകർന്ന പ്രിയ ജോണ്‍സണ്‍ ഓര്‍മ്മയായിട്ട് ഇന്നേക്കു പത്തു വര്‍ഷം. മൂന്നു ദശാബ്ദക്കാലം അദ്ദേഹം സമ്മാനിച്ച ഭാവമധുരമായ മെലഡികള്‍ ഇന്നും പുതുമ ചോരാതെ നാം കേട്ടുകൊണ്ടേയിരിക്കുന്നു. മലയാളിത്തമുള്ള പാട്ടിന്റെ പൂക്കാലത്തിൽ മനം നിറഞ്ഞു പിന്നെയും പിന്നെയും ആ സ്നേഹരാഗങ്ങളെ തേടിപ്പോവുന്നു.

 

 

നീ നിറയൂ ജീവനിൽ പുളകമായ്...

ഞാൻ  പാടിടാം ഗാനമായ് ഓർമ്മകൾ..

 

അദ്ദേഹം തന്നെ ഈണമിട്ട ഈ പാട്ടിലെ വരികൾ പോലെ മലയാളിയുടെ ഓർമ്മയിലെന്നും മായാതെയുണ്ട് ജോൺസൺ. ദേവാങ്കണങ്ങള്‍ കൈയൊഴിഞ്ഞ താരകം, ആടി വാ കാറ്റേ, ഗോപികേ നിന്‍ വിരല്‍, മധുരം ജീവാമൃത ബിന്ദു, പാതിമെയ് മറഞ്ഞതെന്തേ, പൊന്നുരുകും പൂക്കാലം, മോഹം കൊണ്ടു ഞാന്‍, അനുരാഗിണി... പുതുതലമുറ കൂടി ഓര്‍ത്തു മൂളൂന്ന ഈണങ്ങളായി ആ പാട്ടുകള്‍ ഹിറ്റ്‌ലിസ്റ്റില്‍ തന്നെ എന്നെന്നും ഇടം നേടുന്നു.

 

ദേവരാജന്‍ മാസ്റ്ററുടെ ശിഷ്യനായിതുടങ്ങിയ സംഗീത ജീവിതം ജോണ്‍സനെന്ന തൃശൂരുകാരന്റെ പേര് മലയാള സംഗീത ചരിത്രതാളുകളില്‍ സുവര്‍ണ ലിപികളില്‍ തന്നെ എഴുതിയിട്ടു. 1981ല്‍ ഇണയെത്തേടി എന്ന ചിത്രത്തിനു സംഗീതം നല്‍കിയാണ് സ്വതന്ത്ര സംഗീത സംവിധായകനായുള്ള അദ്ദേഹത്തിന്റെ അരങ്ങേറ്റം. അതേ വര്‍ഷം തന്നെയിറങ്ങിയ ഭരതന്‍ ചിത്രമായ പാര്‍വതിയിലെ പാട്ടുകളിലെ ഈണം ഏറെ പ്രശസ്തമായി. എംഡി രാജേന്ദ്രനെഴുതിയ നന്ദസുതാവര തവജനനം, കുറുനിരയോ എന്നീ ഗാനങ്ങള്‍. ഇതോടെ സംഗീതത്തിനു പ്രാധാന്യമുള്ള മലയാള ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായി മാറി ജോണ്‍സണ്‍ എന്ന സംഗീതജ്ഞന്‍. പൊന്നുരുകും പൂക്കാലം നിന്നെ തേടി വന്നു.. 1983ല്‍ ഇറങ്ങിയ പത്മരാജന്റെ കൂടെവിടെ എന്ന ചിത്രത്തിലെ ഗാനം. അതു പോലെ തന്നെ മലയാളിക്കു പ്രിയമുണ്ട്  ആടി വാ കാറ്റേ എന്ന ഗാനത്തോടും. ജോൺസന്റെ ഈണവും ഒഎന്‍വിയുടെ വരികളും. വർഷമെത്ര കഴിഞ്ഞിട്ടും മലയാളിയുടെ ചുണ്ടിൽ മധുരമായൂറുന്ന പാട്ടുകൾ.

 

 

പത്മരാജന്റെ തന്നെ ഞാന്‍ ഗന്ധര്‍വ്വനിലെ ദേവാങ്കണങ്ങള്‍ കൈയൊഴിഞ്ഞ താരകം, പാലപ്പൂവേ.., ദേവീ... എന്ന ഗാനങ്ങളും മനസിലെന്നും സുഗന്ധം നിറയ്ക്കും.

 

കൈതപ്രത്തിന്റെ വരികളും ജോൺസന്റെ സംഗീതവും. ഒരു കാലഘട്ടത്തിന്റെ ഹൃദയത്തുടിപ്പുകൾ ഇഴ ചേരുന്ന ഗാനങ്ങളായി പിറന്നപ്പോൾ മലയാളം അതു എന്നെന്നേക്കുമായി ഹൃദയത്തിലേറ്റി. വര്‍ഷത്തില്‍ നാല്പതു സിനിമക്കു വരെ ഒരുമിച്ചു ഈ കൂട്ടുകെട്ട്. ഫലമോ എല്ലാം ഒന്നിനൊന്നു മികച്ച ഗാനങ്ങൾ.

 

'കീഴടങ്ങലിന്റെയും മൗനം പാലിക്കലിന്റെയും സംഗീതമാണ് നമ്മളിന്നു കേള്‍ക്കുന്നത്, തന്റേടത്തിന്റെയും സ്‌നേഹത്തിന്റെയും സംഗീതമായിരുന്നു ജോണ്‍സണ്‍'  എന്നാണ് കൈതപ്രം പ്രിയ സുഹൃത്തിനെ ഓര്‍മ്മിക്കുന്നത്. ഇന്നും ഏറെ ആരാധകരുള്ള ദേവാങ്കണങ്ങള്‍ കൈയൊഴിഞ്ഞ താരകം എന്ന പാട്ട് ചിത്രത്തില്‍ നിന്നൊഴിവാക്കാന്‍ സമ്മര്‍ദ്ദമുണ്ടായപ്പോള്‍ ആ ധീരത നേരില്‍ കണ്ട കാര്യവും അദ്ദേഹം അനുസ്മരിക്കുന്നു. നിര്‍മ്മാതാവ് ഗുഡ്‌നൈറ്റ് മോഹന്റെ സുഹൃത്തുക്കള്‍ പാട്ടിന് ക്ലാസിക്കല്‍ ടച്ച് പോരാ എന്നും പാട്ട് ഒഴിവാക്കണമെന്നും നിര്‍ബന്ധം പിടിച്ചപ്പോള്‍ ആവശ്യം ജോണ്‍സനു മുന്നിലുമെത്തി. എത്ര പറഞ്ഞിട്ടും ഈണം മാറ്റാന്‍ ജോണ്‍സന്‍ തയ്യാറായില്ല. എന്നുമാത്രവുമല്ല ഇക്കാര്യത്തില്‍ തന്റെ നിലപാടും ജോണ്‍സന്‍ പ്രഖ്യാപിച്ചു. ''മാറ്റണമെങ്കില്‍ എന്നെ മാറ്റിയേക്ക് മോഹന്‍, പപ്പേട്ടന്‍ പറഞ്ഞ ആ സന്ദര്‍ഭത്തിന് ഇതിലും മികച്ച ഒരു ഈണം ഈ ഹാര്‍മ്മോണിയത്തില്‍ നിന്നും വരാനില്ല''. പിന്നീട് കാലവും ശരി വച്ചു ആ ധീരമായ നിലപാട്.  

 

അതെ കാലം ഏറ്റു പിടിച്ചു പിന്നീടെത്രയോ കാലം ആ ശരികളും ഈണങ്ങളും. സൂര്യാംശുവോരോ, സ്വര്‍ണമുകിലേ, കന്നിപ്പൂമാനം, ഏതോ ജന്മകല്‍പനയില്‍, ഗോപികേ നിന്‍ വിരല്‍, എന്നിട്ടും നീയെന്നെ... മഴവില്ലിന്‍ മലര്‍ തേടി. ഏതവസ്ഥയിലും മനസ്സ് നിറയ്ക്കുന്ന ഈണങ്ങളായി പെയ്യുന്ന ഗാനങ്ങൾ.

 

സത്യന്‍ അന്തിക്കാടു ചിത്രങ്ങളിലെ നാട്ടിടവഴികളിലൂടെ ജോണ്‍സണ്‍ ഈണങ്ങള്‍ ചൂളം കുത്തി വരുമ്പോഴൊക്കെയും പ്രേക്ഷകര്‍ ഉള്ളു നിറഞ്ഞു കൂടെപ്പാടി. കുന്നിമണിച്ചെപ്പു തുറന്നെണ്ണി നോക്കും നേരം, തീയിലുരുക്കി, തങ്കത്തോണി, പള്ളിത്തേരുണ്ടോ, ദൂരെ ദൂരെ സാഗരം തേടി... കാലം പിരിയ്ക്കാത്ത കൂട്ടു കെട്ടെന്ന് പ്രേക്ഷകര്‍ കയ്യടിച്ചെങ്കിലും പിന്നീട് സത്യന്‍ അന്തിക്കാട് ചിത്രങ്ങളില്‍ ജോൺസൺ മാറി ഇളയരാജ വന്നു. ജോണ്‍സനെ തേടി മറ്റു സംവിധായകരുമെത്തി. സുന്ദര്‍ ദാസിന്റെയും കമലിന്റെയും സിബി മലയിലിന്റെയും സിനിമകളിലും മനോഹര ഈണങ്ങളായി ജോണ്‍സന്‍ സാന്നിധ്യമറിയിച്ചു.

 

മധുരം ജീവാമൃത ബിന്ദു ...സിബി മലയിലിന്റെ ചെങ്കോല്‍ എന്ന സിനിമയിലെ പാട്ട്.. എത്ര വര്‍ഷം കഴിഞ്ഞും അമൃതം കിനിയുന്ന ജോണ്‍സണ്‍ മാസ്റ്ററുടെ പാട്ട്. ഈ പാട്ടു തനിക്കേറെ പ്രിയമാണെന്നു പറയും ചിത്ര. മറ്റൊന്നും കൊണ്ടല്ല ഈ പാട്ട് പാടി തീർന്നപ്പോള്‍ അദ്ദേഹം ഷേക്ക് ഹാന്‍ഡ് നൽകി അഭിനന്ദിച്ചതു കൊണ്ടാണ്. പാടിയത് ഇഷ്ടമായാലും ഒരു പുഞ്ചിരിയിലൊതുങ്ങും പലപ്പോഴും അഭിനന്ദനം. ചീത്ത പറയുന്ന, സമയം പാലിക്കുന്നതില്‍ കൃത്യനിഷ്ഠയുള്ള ദേവരാജന്‍ മാസ്റ്ററുടെ ഗുണങ്ങള്‍ അതേ പടി പകർത്തുന്ന ശിഷ്യനാണ് ജോൺസൺ മാസ്റ്ററെന്നും   ചിത്ര അനുസ്മരിക്കുന്നു.

 

പാട്ടുകളുടെ സംഗീത സംവിധാനം മാത്രമല്ല പല ചിത്രങ്ങളിലെയും പശ്ചാത്തല സംഗീതവും ജോൺസന്റെ മാന്ത്രികസ്പർശത്തിൽ വിസ്മയമായി.

തകര, സദയം, തനിയാവര്‍ത്തനം, കിരീടം, ചാമരം, കമലദളം, തൂവാനത്തുമ്പികള്‍, മണിച്ചിത്രത്താഴ്, അമരം, താഴ് വാരം എന്നിങ്ങനെ പല ചിത്രങ്ങളുടെ മികവിലും ജോണ്‍സനൊരുക്കിയ പശ്ചാത്തല സംഗീതവും കയ്യൊപ്പു ചാർത്തി. ജോണ്‍സന്റെ മാസ്മരികമായ സംഗീതം മിഴിവേകിയ പല സന്ദര്‍ഭങ്ങളും നമ്മെ  ആനന്ദിപ്പിക്കുകയും കരയിക്കുകയും ചെയ്തു. സിനിമയിൽ ജീവിതത്തിന്റെ താളം നിറയ്ക്കാൻ ആ സംഗീതത്തിന് മിടുക്കേറെയായിരുന്നു.

 

മൂന്നൂറിലധികം ചിത്രങ്ങള്‍ക്ക് സംഗീതം ചെയ്തിട്ടുള്ള ജോണ്‍സൻ സംഗീത സംവിധാനത്തില്‍ ദേശീയ പുരസ്‌കാരം നേടുന്ന ആദ്യമലയാളിയായും മലയാളത്തിന്റെ കീർത്തിയുയർത്തി. പൊന്തന്‍മാട എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിനും സംഗീത സംവിധാനത്തിനും 1994ലെ ദേശീയ പുരസ്‌കാരവും തൊട്ടടുത്ത വര്‍ഷം സുകൃതം എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിനുള്ള ദേശീയ പുരസ്‌ക്കാരവും അദ്ദേഹത്തെ തേടിയെത്തി. മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌ക്കാരം മൂന്നു തവണയും പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌ക്കാരം രണ്ടു തവണയും അദ്ദേഹത്തിനു ലഭിച്ചു.

 

സംഗീതത്തെ പ്രാണവായു പോലെ കണ്ട കലാകാരനായിരുന്നു ജോണ്‍സണ്‍ മാസ്റ്റര്‍. കാലം മാറുന്നതനുസരിച്ചു പാട്ടൊരുക്കുന്നതില്‍ വിട്ടുവീഴ്‌ചെയ്യാന്‍ വിസമ്മതിച്ച സംഗീതജ്ഞന്‍. സ്വയം ബോധ്യമുള്ള സത്യങ്ങള്‍ ആരുടെയും മുഖം നോക്കാതെ വെട്ടിത്തുറന്നു പറയുന്ന കലാപകാരി. അതു കൊണ്ടു തന്നെ സ്‌നേഹത്തിന്റെയും ധീരതയുടെയും സംഗീതമായി ആ ഈണങ്ങള്‍ നിലനില്‍ക്കുന്നു.  

 

അവസാന കാലത്ത്, മാറിയ കാലഘട്ടവുമായി അദ്ദേഹത്തിനു പൊരുത്തപ്പെടാനായില്ലെന്ന് ജി.വേണുഗോപാല്‍ പറയുന്നു. മാത്രവുമല്ല, പാട്ടുകാര്‍ ഉള്‍പ്പെടെയുള്ളവരെ ചില സംഗീത സംവിധായകര്‍ ക്വട്ടേഷന്‍ പോലെ എടുക്കുന്ന കാലമായപ്പോൾ അദ്ദേഹം വിസ്മൃതനായി. കാലത്തിന് ആ പ്രതിഭയെ വേണ്ടാതായി. നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും അദ്ദേഹത്തില്‍ വിശ്വാസം കുറഞ്ഞു. മലയാളത്തിന് ഇത്രമാത്രം സംഭാവന ചെയ്ത കലാകാരനെ കാലം നിരാകരിക്കുന്നത് വേദനയോടെയാണ് കണ്ടിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു.

 

സംഗീത ജീവിതത്തില്‍ കുറച്ചു വര്‍ഷങ്ങളുടെ ഇടവേളയുണ്ടായെങ്കിലും 2006ല്‍ ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിലെ മനോഹര ഗാനങ്ങളിലൂടെ അദ്ദേഹം തിരിച്ചു വന്നു. എങ്കിലും ഒരിക്കൽ നഷ്ടമായ കിരീടവും ചെങ്കോലും തിരികെ നൽകാൻ ആരുമുണ്ടായില്ല. ഒന്നും തിരഞ്ഞു പോവാനോ തേടിപ്പിടിക്കാനോ അദ്ദേഹവും മിനക്കെട്ടില്ല. 2008ല്‍ ഒഎന്‍വിയോടൊത്ത് വീണ്ടും മനോഹര ഗാനങ്ങളുണ്ടാക്കിയെങ്കിലും സജീവമായൊരു പാട്ടു കാലം തുടർന്നുണ്ടായില്ല. തന്നെ വേണ്ടാത്തവരെയും തന്റെ സംഗീതത്തെ വിലമതിക്കാത്തവരെയും തിരഞ്ഞ് അദ്ദേഹവും പോയില്ല. ഏതാനും ചിത്രങ്ങള്‍ മാത്രമാണ് അവസാന കാലത്ത് അദ്ദേഹത്തിന്റേതായി വന്നത്.

 

പാടിത്തീരാത്ത ഒരു ഗാനം പോലെയായിരുന്നു ആ യാത്ര. വിഷാദത്തിന്റെയും വേദനകളുടെയും കാലം ആ ഹൃദയത്തെ ഏറെ നോവിച്ചിരിക്കണം. ഹൃദയാഘാതത്തെത്തുടര്‍ന്ന് 2011 ആഗസ്റ്റിൽ വിടവാങ്ങിയപ്പോള്‍ അദ്ദേഹത്തിന് വെറും 58 വയസ്സ്. എങ്കിലും ബാക്കിയാക്കിയ ഈണങ്ങളില്‍ പ്രിയ ജോണ്‍സണ്‍ അനശ്വരനായി പാടുന്നു .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com