അന്ന് ഭരതൻ കെട്ടിപ്പിടിച്ച് ഉമ്മ വച്ചു, സ്നേഹത്തിന്റെയും തന്റേടത്തിന്റെയും ശബ്ദം, ജോൺസൺ മാഷ് ഓർമ

Johnson-mash
SHARE

ജോണ്‍സണ്‍ മാഷുടെ പാട്ടില്‍ തുടങ്ങുന്ന ദിവസങ്ങള്‍ക്കൊക്കെയും ഒരു പ്രത്യേക ഭംഗിയുണ്ടാവും. എന്തെന്നില്ലാത്ത ഒരു നിറവ്.. സ്‌നേഹവും സന്തോഷവും നിറഞ്ഞ ആ ഈണങ്ങള്‍ ദിവസം മുഴുവന്‍ മൂളാന്‍ തോന്നും. അത്രമേല്‍ വശീകരിക്കപ്പെട്ടിട്ടുണ്ട് മലയാളി ആ സംഗീതത്തില്‍. പുതുതലമുറയും ആ പാട്ടുകള്‍ ഏറ്റു പാടുന്നു. പാടിത്തീരാത്ത ഒരു പാട്ടുപോലെ പാതി വഴിയില്‍ പോയെങ്കിലും ആ വിരല്‍ത്തുമ്പില്‍നിന്നുതിര്‍ന്നുവീണ ഈണങ്ങളിലൂടെ നാം അദ്ദേഹത്തെ ഓര്‍ത്തു കൊണ്ടേയിരിക്കുന്നു. അത്രമേല്‍ മലയാളിയുടെ സ്വകാര്യ അഹങ്കാരമായിരുന്നു ജോണ്‍സണ്‍.

ഏത് സന്ദര്‍ഭത്തിലും മനസ്സില്‍ സന്തോഷമുണ്ടാക്കുന്ന പാട്ടൊരുക്കി അദ്ദേഹം. പാട്ടിനെക്കുറിച്ച് അറിയാത്ത സാധാരണക്കാരും ആ ഈണങ്ങള്‍ വേര്‍തിരിച്ചറിയുന്നു. കേള്‍ക്കുന്നവരിലേക്കു സ്‌നേഹത്തിന്റെ ഊര്‍ജ്ജം പകരുന്നതായിരുന്നു ജോണ്‍സന്റെ ഈണങ്ങള്‍.

ദേവരാജന്‍ മാസ്റ്ററുടെ ശിഷ്യനായാണ് സിനിമാ രംഗത്തേക്കുള്ള ജോണ്‍സന്റെ പ്രവേശനം. ഗായകന്‍ ജയചന്ദ്രനാണ് വോയ്‌സ് ഓഫ് തൃശൂർ എന്ന ഗാനമേള ഗ്രൂപ്പില്‍ നിന്നും ഈ പ്രതിഭയെ തിരിച്ചറിഞ്ഞ് ദേവരാജന്‍ മാസ്റ്ററുടെ അടുത്തെത്തിക്കുന്നത്. അദ്ദേഹത്തിന്റെ സഹായിയായി പ്രവര്‍ത്തിക്കുമ്പോഴാണ് സംവിധായകന്‍ ഭരതന്‍ 'പാര്‍വതി' എന്ന ചിത്രത്തിലേക്കു ജോണ്‍സനെ ക്ഷണിക്കുന്നത്. ജോണ്‍സന്റെ ശ്രദ്ധിക്കപ്പെട്ട ആദ്യ ചിത്രവും 1981ല്‍ പുറത്തിറങ്ങിയ പാര്‍വ്വതിയായിരുന്നു. ''ഭരതനും ഞാനും കെപിഎസി ലളിതയും ജോണ്‍സനുമൊക്കെ ചേര്‍ന്ന് ഭരതന്റെ മദിരാശിയിലെ വീടിന്റെ ഉമ്മറത്തിരുന്നു ‘നന്ദസുതാവര തവജനനം’ എന്ന പാട്ട് കമ്പോസ് ചെയ്തത് ഞാനിപ്പോഴുമോര്‍ക്കുന്നു'' പാര്‍വതിയില്‍ പാട്ടുകളെഴുതിയ എംഡി രാജേന്ദ്രന്‍ പറയുന്നു.

''ഏതു ഗായകരും അദ്ദേഹത്തിന്റെ പാട്ട് പാടുമ്പോള്‍ ഒരു പ്രത്യേകത ഉണ്ടാകും. പാട്ട് നന്നാവാനായി ഗായകരുടെ വലിപ്പച്ചെറുപ്പം നോക്കാതെ അദ്ദേഹം കര്‍ക്കശക്കാരനാവുകയും ചെയ്യും. ഈ സ്വഭാവം ആ സുഹൃത്തിനെ പലപ്പോഴും നിഷേധിയാക്കുകയും ചെയ്തു. ജയചന്ദ്രന്റെ തന്നെ ഏറ്റവും നല്ല പാട്ടുകളിലൊന്നാണ് പാര്‍വതിയില്‍ ഞാനെഴുതിയ ‘കുറുനിരയോ.. മഴ മഴ മുകില്‍ നിരയോ..’ എന്നത്. ജയചന്ദ്രനും വാണി ജയറാമും പാടിയ ആ ഗാനം ചെന്നൈ എവിഎംസി തിയറ്ററില്‍ ആദ്യമായി കേട്ടപ്പോള്‍ ആഹ്ലാദം കൊണ്ട് ജോണ്‍സനെ കെട്ടിപ്പിടിച്ച്  ഉമ്മവച്ചു ഭരതന്‍..''

ഒരു കഥ നുണക്കഥ എന്ന സിനിമയില്‍ ഒരു പ്രശസ്തമായ ഹിന്ദി പാട്ടിന്റെ  ട്യൂണ്‍ ഉപയോഗിക്കാന്‍ നിർമാതാവ് ഡേവിഡ് കാച്ചപ്പള്ളി പറഞ്ഞപ്പോള്‍, ട്യൂണ്‍ കേട്ടെങ്കിലും അതുപോലെ അനുകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. 'ആ ഹിന്ദിപ്പാട്ട് അങ്ങനെയിരിക്കട്ടെ, ഞാനെന്റെ സ്വന്തം പാട്ട് ഉണ്ടാക്കാം എന്നു പറഞ്ഞു അദ്ദേഹം. ആ പാട്ടാണ് 'അറിയാതെ അറിയാതെ എന്നിലെ എന്നില്‍ നീ' എന്ന ഗാനം. ഹിന്ദിപാട്ടുമായി വിദൂര സാമ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ'' എം.ഡി.രാജേന്ദ്രന്‍ പറയുന്നു.

ട്യൂണിട്ട് പാട്ടെഴുതിക്കാന്‍ മാത്രമല്ല, നല്ല വരികള്‍ ട്യൂണ്‍ ചെയ്യാനും ജോണ്‍സന് താത്പര്യമായിരുന്നു. പാട്ടിന്റെ ഘടന അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചു. മലയാളത്തിനു ചേരുന്ന പരിഷ്‌ക്കാരങ്ങള്‍ മാത്രമേ അദ്ദേഹം ചെയ്തിട്ടുള്ളൂ. ദേവരാജന്‍ മാസ്റ്ററുടെ പല ഗുണങ്ങളും ജോണ്‍സണും അതു പോലെ കിട്ടിയിരുന്നെന്ന് പറയും സിനിമാ ലോകം. 1982ല്‍ ഇറങ്ങിയ ‘ഇത് ഞങ്ങളുടെ കഥ’ എന്ന ചിത്രത്തിലെ ‘സ്വര്‍ണ മുകിലേ സ്വര്‍ണമുകിലേ...’ എന്ന പാട്ടുകൂടിയായപ്പോഴേക്കും മലയാള സിനിമാ ലോകവും പ്രേക്ഷകരും ജോണ്‍സനെ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഇതേ വര്‍ഷം പുറത്തു വന്ന 'കന്നിപ്പൂമാനം കണ്ണും നട്ട് നോക്കിയിരിക്കേ' എന്ന ഗാനവും മനോഹരമായി. ഹിറ്റുകളുമായുള്ള ജോണ്‍സന്റെ ജൈത്രയാത്ര പിന്നെ ഒരു തുടര്‍ക്കഥയായി.

അക്കാലത്ത് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചവരൊക്കെയും ആ നേര്‍ത്തു മെലിഞ്ഞ രൂപം ഓര്‍ക്കുന്നു. 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോണ്‍സനെ ആദ്യമായി കണ്ടതിനെക്കുറിച്ച് ഗായകന്‍ ജി. വേണുഗോപാല്‍ അനുസ്മരിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ തരംഗിണി സ്റ്റുഡിയോയില്‍ നിറഞ്ഞ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കിടയിലൂടെ ഉറച്ച കാല്‍വയ്പ്പുകളോടെ ഉറക്കെ തമാശകള്‍ പറഞ്ഞ് പുകച്ചുരുകള്‍ പറത്തിവിട്ട് നടന്നു വരുന്ന ജോണ്‍സന്റെ രൂപം.

ഗുരുവായ അര്‍ജുനന്‍ മാസ്റ്റര്‍ക്കു വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കുകയും അദ്ദേഹം ചിട്ടപ്പെടുത്തിയ സംഗീതം പകര്‍ത്തുകയുമായിരുന്നു അന്ന് ജോണ്‍സന്റെ ചുമതല. മറ്റൊരു ഓര്‍മ്മച്ചിത്രം കൂടി അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്, ഹാര്‍മ്മോണിയത്തില്‍ വിരലോടിച്ച് വിരലുകള്‍ക്കിടയില്‍ ചാരം നിറഞ്ഞ് തൂങ്ങിയ സിഗരറ്റ് കുറ്റിയുമായി ഇരിക്കുന്ന ജോണ്‍സണ്‍. മറ്റു വാദ്യങ്ങളുമായി സഹായികള്‍ ചുറ്റിലുമുണ്ടാവും. മൂര്‍ച്ചയേറിയ വാക്കുകളായിരുന്നു അദ്ദേഹത്തിന്റേത്. വായില്‍ നിന്നും എപ്പോള്‍ വേണമെങ്കിലും വിമര്‍ശനത്തിന്റെ ചാട്ടുളി കടന്ന് വരാം. അതുപോലെ തന്നെയാണ് അഭിനന്ദനങ്ങളെന്നും വേണുഗോപാല്‍ പറയുന്നു. പി.കെ.ഗോപിയെഴുതി ജോണ്‍സണ്‍ ഈണമിട്ട ‘താനേ പൂവിട്ട മോഹ’മാണ് വേണുഗോപാലിന് ആദ്യമായി സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്തത്.

'ജോണ്‍സന് എന്നും ഒരു മുഖമേ ഉണ്ടായിരുന്നുള്ളൂ. കറയില്ലാത്ത സ്‌നേഹത്തിന്റെ മുഖം. സ്‌നേഹത്തിനു മുമ്പില്‍ മാത്രമേ ജോണ്‍സണ്‍ കീഴടങ്ങിയിട്ടുള്ളൂ' ജോണ്‍സനോടൊപ്പം ചേര്‍ന്നു നിരവധി ഹിറ്റുകളൊരുക്കിയ സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറയുന്നു. സ്‌നേഹത്തിന്റെ മാത്രമല്ല തന്റേടത്തിന്റെയും ശബ്ദമായിരുന്നു ജോണ്‍സണ്‍ എന്ന് ഓര്‍ക്കാനാണ് കൈതപ്രത്തിനിഷ്ടം.

കൈതപ്രം-ജോണ്‍സണ്‍ കൂട്ടുകെട്ടില്‍ പിറന്ന എക്കാലത്തെയും ഹിറ്റുകളിലൊന്നാണ് ഞാന്‍ ഗന്ധര്‍വ്വനിലെ'  ദേവാങ്കണങ്ങള്‍ കൈയ്യൊഴിഞ്ഞ താരകം' ആ മനോഹരമായ പാട്ട് കേട്ടപ്പോള്‍ പ്രൊഡ്യൂസര്‍ ഗുഡ്‌നൈറ്റ് മോഹന്റെ ചില സുഹൃത്തുക്കള്‍ ഗാനത്തിന് ക്ലാസിക്കല്‍ ടച്ച് പോരാ എന്ന വാദവുമായെത്തി. സംവിധായകനായ പത്മരാജനെപ്പോലും സ്വാധീനിച്ച് പാട്ട്  മാറ്റാനായി ശ്രമം. സുഹൃത്തുക്കളുടെ നിര്‍ബന്ധം മൂലം ജോണ്‍സനില്‍ സമ്മര്‍ദ്ദം തുടങ്ങി. ''മാറ്റിയേ തീരൂ എങ്കില്‍ എന്നെ മാറ്റിയേക്ക് മോഹന്‍, ഇത്ര നല്ല പാട്ട് ഈ പടത്തില്‍ നിന്നും മാറ്റിയാല്‍ നഷ്ടം നിങ്ങള്‍ക്കു തന്നെ, പപ്പേട്ടന്‍ പറഞ്ഞ സന്ദര്‍ഭത്തില്‍   ഇതിലും നല്ല ഒരു ഈണം ഈ ഹാര്‍മ്മോണിയത്തില്‍ നിന്നും വരില്ല'' എന്നു ജോണ്‍സണ്‍ എടുത്ത ആ ഉറച്ച നിലപാടിന്റെ ബാക്കിയാണ് ഇന്ന് കേള്‍ക്കുന്ന ആ പാട്ട്. സംഗീതത്തിലും സാഹിത്യത്തിലും വിട്ടു വീഴ്ച ചെയ്യാന്‍ അദ്ദേഹം തയ്യാറായില്ല. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ മാത്രമാണ് അദ്ദേഹം ദേഷ്യപ്പെട്ട് കണ്ടിട്ടുള്ളതെന്നും പറയുന്നു കൈതപ്രം. എത്രയോ പാട്ടുകള്‍ ഒരുമിച്ച് ചെയ്തു. കൈതപ്രം ജോണ്‍സണ്‍ എന്നു വിളിച്ചിരുന്നു സിനിമാക്കാര്‍.  ഞങ്ങള്‍ക്കിടയില്‍ ഒരു പിണക്കവുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറയുന്നു. പള്ളിത്തേരുണ്ടോ, മൈനാകപ്പൊന്‍മുടി, ദൂരെദൂരെ സാഗരം തേടി, കണ്ണീര്‍പ്പൂവിന്റെ, പൂത്താലം വലം, ശ്യാമാംബരം, തൂവല്‍ വിണ്ണിന്‍ മാറില്‍, ദേവീ ആത്മരാഗ, പാലപ്പൂവേ, ദേവാങ്കണങ്ങള്‍, മഞ്ചാടി മണികൊണ്ട്, തൂമഞ്ഞിന്‍ നെഞ്ചിലൊതുങ്ങി, പഞ്ചവര്‍ണപൈങ്കിളി പെണ്ണേ, ചന്ദനച്ചോലയില്‍ പാദസ്മരണസുഖം, മയ്യഴിപ്പുഴയൊഴുകി, ചൈത്രനിലാവിന്റെ എന്നീ പാട്ടുകളില്‍ ആ സ്‌നേഹത്തിന്റെ സൗന്ദര്യമുണ്ട്. പച്ചയായ മനുഷ്യനാണ് ജോണ്‍സനെന്ന് അടി വരയിടുന്നു ഷിബു ചക്രവര്‍ത്തിയും. ദേഷ്യം വന്നാല്‍ ദേഷ്യപ്പെടും സ്‌നേഹം വന്നാല്‍ സ്‌നേഹിക്കും. സിനിമാലോകത്ത് അപൂര്‍വ്വമായി മാത്രം കാണുന്ന വ്യക്തിത്വമായിരുന്നു ജോണ്‍സണ്‍. മറക്കാനാവാത്ത ഓര്‍മ്മകളാണ് അവയെന്നും അദ്ദേഹം പറയുന്നു.

പാട്ടിലെ സാഹിത്യം ആസ്വദിക്കുന്ന സംഗീത സംവിധായകനായിരുന്നതു കൊണ്ടു തന്നെയാവണം  ഉപകരണക്കസര്‍ത്തുകള്‍ ആ പാട്ടുകളില്‍ ഇല്ലാത്തത്. ലളിതമായ ഈണങ്ങളില്‍ പാട്ടിനെ ഹൃദയാകാശങ്ങളിലേക്ക് പറത്തി വിടുക മാത്രമാണ് ജോണ്‍സൺ ചെയ്തത്. പൂവച്ചല്‍ ഖാദര്‍-ജോണ്‍സണ്‍ കൂട്ടുകെട്ടില്‍ പിറന്ന ഗാനങ്ങളിലും സംഗീതത്തിന്റെയും സാഹിത്യത്തിന്റെയും മനോഹരമായ ഒരു ഇണക്കം നാം കണ്ടു. പാളങ്ങളിലെ 'ഏതോ ജന്മകല്‍പനയില്‍'  എന്ന വരികള്‍ക്കൊരുക്കിയ ഈണം എത്ര കേട്ടാലും മതിവരില്ല. മഴവില്ലിന്‍ മലര്‍ തേടി, അനുരാഗിണി ഇതായെന്‍, പണ്ടൊരു കാട്ടിലൊരാണ്‍ സിംഹം അങ്ങനെ നിരവധി ഹിറ്റുകള്‍. പി.ഭാസ്‌ക്കരനുമായി ചേര്‍ന്ന് നസീമ എന്ന ചിത്രത്തിലൊരുക്കിയ അരുണകിരണമണി, എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ, അച്ഛന്‍ കൊമ്പത്ത് എന്നിവയും കാലാതീതമായ  ഈണങ്ങളാണ്. ഒഎന്‍വിയുമായൊരുക്കിയ ആകാശമാകെ, പവിഴം പോല്‍ പവിഴാധരം പോല്‍, എന്റെ മണ്‍വീണയില്‍, മെല്ലെ മെല്ല മുഖപടം തെല്ലൊതുക്കി, പൂവേണം പൂപ്പട വേണം, തീയിലുരുക്കി, കുന്നിമണിച്ചെപ്പ് തുറന്ന്, തുടങ്ങിയ പാട്ടുകളൊക്കെയും പ്രേക്ഷകര്‍ എന്നും നെഞ്ചോടു ചേര്‍ക്കുന്നവയാണ്.

കാവാലത്തിന്റെ ഗോപികേ നിന്‍ വിരല്‍ തുമ്പുരുമ്മി വിതുമ്പി, പി.കെ.ഗോപിയുടെ കതിരോലപ്പന്തലൊരുക്കി, പുല്‍ക്കൊടി തന്‍ തുഞ്ചത്ത്, കെ.ജയകുമാറിന്റെ സൂര്യാംശു, മൂവന്തിയായ്, സായന്തനം നിഴല്‍, ബിച്ചു തിരുമലയുടെ കൊല്ലങ്കോട്ട് തൂക്കം,നിറമേഴും തുന്നിച്ചേര്‍ക്കും, മാനസം, പഴവിള രമേശന്റെ മൗനത്തിന്‍ ഇടനാഴിയില്‍ , സ്വര്‍ഗങ്ങള്‍ സ്വപ്‌നം കാണും ദേവദാസിന്റെ കന്നിപ്പൂമാനം, നീ നിറയൂ. ഗിരീഷ് പുത്തഞ്ചേരിയുടെ ആരോരും മിണ്ടാതെ,പുലര്‍വെയിലും, ഈ തെന്നലും, ഷിബു ചക്രവര്‍ത്തിയുടെ പൊന്‍മേഘമോ, മാനത്തെ വെളളിത്തേര്, മനസ്സിന്‍ മടിയിലെ, ഉത്രാളിക്കാവിലെ, കെ.എസ്.കുണ്ടൂരിന്റെ മധുര സ്വപ്‌നങ്ങള്‍, കോന്നിയൂര്‍ ഭാസിന്റെ മോഹം കൊണ്ടു ഞാന്‍, എസ്.രമേശന്‍ നായരുടെ ഉണ്ണിയമ്മചിരുതേയി, മുല്ലനേഴിയുടെ കറുത്തരാവിന്റെ, അമ്മയും നന്മയും തുടങ്ങി ഓര്‍ത്ത് മധുരിക്കാന്‍ എത്രയെത്ര പാട്ടുകള്‍ തന്നു ജോണ്‍സണ്‍.

സ്വതസിദ്ധമായ നര്‍മ്മവും എന്തും വെട്ടിത്തുറന്ന് പറയാനുളള ചങ്കൂറ്റവും തെളിഞ്ഞ സംഗീതവും. സിനിമാ ലോകത്തെ സുഹൃത്തുക്കള്‍ക്ക് അറിയാവുന്ന ജോണ്‍സണ്‍ അങ്ങനെയാണ്. ഇത്തിരി ലഹരിയിലായ ഒരു യാത്രക്കിടെ ഒരിക്കല്‍ ചെന്നൈ മെയിലില്‍ നിന്ന് താഴെ വീണു ജോണ്‍സണ്‍. ബാത്ത് റൂം ഡോറെന്ന് കരുതി പുറത്തേക്കുള്ള വാതില്‍ തുറക്കുകയായിരുന്നു. ഈ സംഭവത്തിലും അദ്ദേഹം നര്‍മ്മം കലര്‍ത്തി ‘ഓര്‍മ്മയില്ലാത്തത് കൊണ്ട് മരിച്ചില്ല, അല്ലെങ്കില്‍ വീഴ്ചയുടെ ഷോക്കില്‍ തട്ടിപ്പോയെനെ’.

സംഗീതസംവിധാനത്തില്‍ ദേശീയ പുരസ്‌കാരം നേടിയ ആദ്യമലയാളി കൂടിയാണ് ഈ തൃശൂര്‍ക്കാരന്‍. 1994ല്‍ പൊന്തന്‍മാടയ്ക്ക് പശ്ചാത്തല സംഗീതത്തിനും സംഗീത സംവിധാനത്തിനുമുള്ള അവാര്‍ഡ് ലഭിച്ചു. 1995ല്‍ സുകൃതത്തിന് പശ്ചാത്തല സംഗീതത്തിനുള്ള അവാര്‍ഡും ലഭിച്ചു. നിരവധി തവണ സംസ്ഥാന പുരസ്‌കാരങ്ങളും തേടിയെത്തി. 300ലധികം ചിത്രങ്ങളുടെ സംഗീത സംവിധാനവും 88 ചിത്രങ്ങളുടെ പശ്ചാത്തല സംഗീതവും നിര്‍വ്വഹിച്ചു. മണിച്ചിത്രത്താഴും കിരീടവും തൂവാനത്തുമ്പികളുമൊക്കെ, ചാമരവും കമലദളവും എന്നെന്നും നമുക്കു പ്രിയങ്കരങ്ങളായതിന് പിന്നില്‍ ജോണ്‍സന്റെ പശ്ചാത്തല സംഗീതവും വലിയൊരു ഘടകമായി.

നിറവുള്ള ആ പാട്ടുകള്‍ക്കൊപ്പം എന്നെന്നും മായാതെയുണ്ട് ജോണ്‍സണ്‍ എന്ന കലാകാരന്‍. തിരസ്‌ക്കാരങ്ങളുടെ വേദനയും വിഷാദവും നിറഞ്ഞ അവസാന അധ്യായങ്ങള്‍ കൂടിയുണ്ട് ജോണ്‍സന്റെ ജീവിതത്തില്‍. അവസാന നാളുകളിലൊന്നില്‍ അദ്ദേഹം തന്നെ ഈണമിട്ട ഒഎന്‍വി വരികള്‍ പോലെ 'ഒരു നാള്‍ ശുഭരാത്രി നേര്‍ന്ന് പോയി നീ, ഇതിലെ ഒരു പൂക്കിനാവായ് വന്നു നീ.'...  അദ്ദേഹം യാത്രയായി. എങ്കിലും പാട്ടിലുണ്ടല്ലോ പൊന്നുരുക്കിയ ആ പൂക്കാലം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മഞ്ഞിലും മഴയിലും വാഗമണ്ണിലൂടെ രസ്നയ്ക്കൊപ്പം ഒരു കാരവൻ യാത്ര | Caravan Ride with Resna Pavithran

MORE VIDEOS
FROM ONMANORAMA