ADVERTISEMENT

മലയാളിക്ക് ഏറെ പ്രിയംകരമാണ് പാലനാട് സംഗീതം. അതു പാലനാട് ദിവാകരന്റെയും ദീപ പാലനാടിന്റെയും കഥകളി സംഗീതമായാലും  സുദീപ് പാലനാടിന്റെ നവ സംഗീതമായാലും. അച്ഛനും മകളും കഥകളി സംഗീതത്തിലൂടെ ആസ്വാദക മനസ്സുകൾ കീഴടക്കിയപ്പോൾ മകൻ സംഗീത സംവിധാനത്തിലൂടെ പുതിയ വഴികളിലേക്കു സഞ്ചരിക്കുകയാണ്.

 

ദീപ പാലനാട് 

 

പിതാവിന്റെ ഗുരുനാഥൻ കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പാണു ദീപയ്ക്കും സംഗീതത്തിൽ ആദ്യപാഠങ്ങൾ പകർന്നത്. അച്ഛനെ പഠിപ്പിക്കുമ്പോൾ കേട്ടു പഠിക്കാനും കുഞ്ഞു നാളിലേ ആ മകൾ ശ്രമിച്ചിരുന്നു. അജിതാ ഹരേ പോലുള്ള പദങ്ങൾ അന്നേ മനസ്സിൽ കയറിക്കൂടിയിരുന്നു. മൂന്നാം വയസ്സിൽ പിതാവിൽ നിന്നു തന്നെയായിരുന്നു ഗൗരവമായ പഠനം തുടങ്ങുന്നത്. സ്കോളർഷിപ്പിനു വേണ്ടി കോട്ടയ്ക്കൽ മധു വിന്റെ ശിഷ്യത്വം സ്വീകരിച്ചു. തോടയം പഠിച്ചത് അവിടെ നിന്നാണ്. ചിട്ടപ്രധാനമായ കിർമീരവധവും മറ്റും മാടമ്പി സുബഹ്മണ്യൻ നമ്പൂതിരിയിൽ നിന്നു കുറച്ചെല്ലാം പഠിച്ചു. എങ്കിലും എല്ലാം പഠിച്ച് ഉറച്ചത് അച്ഛനു കീഴിൽത്തന്നെ. 

 

യുവജനോത്സവ വേദിയിൽ 

 

1999ൽ ഗുരൂവായൂർ മേൽപത്തൂർ ഓഡിറ്റോറിയത്തിലായിരുന്നു ദീപ പാലനാടിന്റെ അരങ്ങേറ്റം. നെല്ലിയോട് വാസുദേവൻ നമ്പൂതിരിയുടെ കുചേലനും കലാമണ്ഡലം ബാലസുബ്രഹ്മണ്യന്റെ ശ്രീകൃഷ്ണനും അരങ്ങിലെത്തിയ കുചേലവൃത്തത്തിനു വേണ്ടി. അന്നു കൂടെപ്പാടിയതു സഹോദരൻ സുദീപാണ്. സുദീപിനും അത് അരങ്ങേറ്റ വേദിയായിരുന്നു. എന്നാൽ, സ്കൂൾ യുവജനോത്സവ വേദികളിൽ അതിനു മുൻപേ ദീപയുടെ ശബ്ദം മുഴങ്ങിക്കേട്ടിരുന്നു. 1995ലും 1997ലും ദീപയായിരുന്നു കഥകളി സംഗീതത്തിൽ ജേതാവ്. നളചരിതം രണ്ടാം ദിവസത്തിൽ വേർപാട് വേളയിലെ ‘ഒരു നാളും നിരൂപിതം’ എന്ന പദമാണ് അന്നു വിജയിയാക്കിയത്. അരങ്ങേറ്റ വർഷം തന്നെ കൈനിറയെ അവസരങ്ങൾ കിട്ടി. തൃപ്പൂണിത്തുറ ആദംപിള്ളിക്കാവിലെ കഥകളി ശ്രദ്ധേയമായി. അതോടെ സമീപ പ്രദേശങ്ങളിലായി ആ വർഷം 18 അരങ്ങുകൾക്കു വേണ്ടി പാടാൻ അവസരം ലഭിച്ചു. ശബ്ദത്തിൽ മാറ്റം വരുന്നതു വരെ സഹോദരൻ തന്നെയായിരുന്നു ശിങ്കിടി പാടിയിരുന്നത്. 

 

കൂടെപ്പാടാൻ സ്ത്രീശബ്ദം വേണം

 

അരങ്ങിനു വേണ്ടിയായാലും കഥകളിപ്പദ കച്ചേരിയായാലും കൂടെപ്പാടാൻ സ്ത്രീശബ്ദം തന്നെയാണുചിതം. പുരുഷ ഗായകർക്കൊപ്പം പാടുമ്പോൾ ശ്രുതിയിൽ ഒട്ടേറെ പ്രശ്നമുണ്ടാകും. ആദ്യകാലത്ത് ഈ രംഗത്തു പെൺകുട്ടികൾ കുറവായിരുന്നതിനാൽ ഏറെ പ്രശ്നങ്ങളുണ്ടായിരുന്നു. കുട്ടികളെ പഠിപ്പിച്ചു കൂടെ പാടിക്കേണ്ടി വന്നു. ഇപ്പോൾ ധാരാളം പേർ താൽപര്യത്തോടെ പഠിച്ച് ഈ രംഗത്തുണ്ട്. ഒരിക്കൽ ഒരു കളിസ്ഥലത്തു വല്ലാത്ത പ്രതിസന്ധിയുണ്ടായി. ഒപ്പം പാടേണ്ടിയിരുന്ന പെൺകുട്ടിക്കു പെട്ടെന്നു വയ്യാതായി. അന്നു യാത്രയ്ക്കു കൂട്ടായി അച്ഛനാണു വന്നിരുന്നത്. അച്ഛൻ കൂടെപ്പാടിയതിനാൽ അന്നു പ്രതിസന്ധി പെട്ടെന്നു പരിഹരിക്കാനായി. 

 

ജീവിതത്തിന്റെ അരങ്ങിൽ 

 

2003ൽ ബിഎഡ് കഴിഞ്ഞ ദീപ പാലനാട് 2010ൽ പോരൂർ എയ്ഡഡ് യുപി സ്കൂളിലെ കണക്ക് അധ്യാപികയായി ഔദ്യോഗിക ജീവിതം തുടങ്ങി. 2006 മുതൽ മഞ്ചേരി എഫ്എമ്മിലെ കാഷ്വൽ അനൗൺസറുമാണ്. കഥകളി സംഗീതം കൊണ്ടു കണക്കു ക്ലാസിൽ വലിയ പ്രയോജനമില്ലെങ്കിലും സംഗീതതതിലെ താളത്തിനു കണക്ക് വളരെ സഹായകമാണെന്നാണു ടീച്ചറുടെ നിലപാട്. 

 

അരങ്ങിനു വേണ്ടി പാടുന്നതാണു ത്രിൽ  

 

കഥകളിക്കു വേണ്ടിയും കച്ചേരിക്കായും പാടാൻ അവസരങ്ങൾ ഏറെയാണ് ദീപയ്ക്ക്. എങ്കിലും അരങ്ങിനു വേണ്ടി പാടുന്നതാണു കൂടുതലിഷ്ടം. അതിന്റെ ത്രിൽ അത്രയേറെയാണെന്നാണു കാരണം. യുദ്ധരംഗങ്ങളും മറ്റുമാണെങ്കിൽ രണ്ടു ചെണ്ടയുടെയും രണ്ടു മദ്ദളത്തിന്റെയും ശബ്ദത്തിനു മുകളിൽ പാട്ടിന്റെ ശബ്ദമെത്തിക്കുക എന്നതു വെല്ലുവിളിയാണ്. മാത്രവുമല്ല അഭിനയ സംഗീതമായതിനാൽ നടനെ നന്നായി ശ്രദ്ധിക്കണം. നടനെ നോക്കി, മുദ്ര കണ്ടു വേണം അരങ്ങിനു വേണ്ടി പാടാൻ. വേഷക്കാരൻ അരങ്ങത്തു വരുത്തുന്ന എഡിറ്റിങ് മനസ്സിലാക്കി സംഗീതം കൊണ്ടുപോകണം. സമയവും കണക്കുകൂട്ടലും കൃത്യമായിരിക്കണം. വേഷവും പാട്ടും മേളവും തമ്മിൽ നല്ല ധാരണ വേണം. ഇന്നു പാടുന്ന കീചകവധം പോലെയാകില്ല നാളെ മറ്റൊരു നടനു വേണ്ടി അതേ പദങ്ങൾ പാടുമ്പോൾ. പൊന്നാനി പാടാനും ശിങ്കിടി പാടാനും അച്ഛനും സഹോദരനും കൂടെയുള്ളതാണ് ഈ രംഗത്ത് ഏറ്റവും വലിയ പിന്തുണ. ഭർത്താവ് വണ്ടൂർ തെന്നാട് മനയിൽ കെ.ടി. പ്രദീപ് കലാരംഗത്തും ഔദ്യോഗിക രംഗത്തും നിസ്സീമമായ പ്രോത്സാഹനമാണു നൽകുന്നത്. ദീപയുടെ സ്കൂളിൽത്തന്നെ ഫിസിക്സ് അധ്യാപകനാണു പ്രദീപ്. 

 

പിന്തുണയേറെ 

 

ഏറെക്കാലമായി പുരുഷ ശബ്ദത്തിൽ കേട്ടു ശീലിച്ച കഥകളിപ്പദങ്ങൾ സ്ത്രീശബ്ദത്തിൽ അവതരിപ്പിച്ചപ്പോൾ കിട്ടിയ പിന്തുണ നിസ്സാരമല്ലെന്നു ദീപ പറയുന്നു. പ്രഗൽഭരായ പല ആശാന്മാർക്കു വേണ്ടിയും പാടിയിട്ടുണ്ട്. ആരും നിരുത്സാഹപ്പെടുത്തിയില്ലെന്നു മാത്രമല്ല ആവോളം പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അഭിന്ദനവും അനുഗ്രഹവും ഏറെ ലഭിച്ചു. കലാമണ്ഡലം കെ.ജി. വാസുദേവൻ, നെല്ലിയോട് വാസുദേവൻ നമ്പൂതിരി, കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ, കലാമണ്ഡലം വാസുപ്പിഷാരടി, കോട്ടയ്ക്കൽ നന്ദകുമാരൻ നായർ, കോട്ടയ്ക്കൽ കേശവൻ കുണ്ടലായർ തുടങ്ങിയ ആശാന്മാർക്കു വേണ്ടിയും ഇവരുടെ ശിഷ്യർക്കും അവരുടെ ശിഷ്യർക്കു വേണ്ടിയും പാടാൻ കഴിഞ്ഞെന്ന സന്തോഷവും സംതൃപ്തിയുമുണ്ട് ദീപ പാലനാടിന്.  

 

പുതിയ കഥകളോടും താൽപര്യമേറെ 

 

അരങ്ങിൽ ആടിപ്പതിഞ്ഞ ആട്ടക്കഥകൾ പോലെ താൽപര്യമാണു പുതിയ കഥകളോടും ദീപയ്ക്ക്. രാധാ മാധവൻ രചിച്ച നചികേതസ്സ് എന്ന ആട്ടക്കഥയുടെ വരികൾ അരങ്ങിനു വേണ്ടി ചിട്ടപ്പെടുത്തിയതു ദീപയാണ്. ആദ്യ അരങ്ങിൽ പാടിയതും അവർ ദീപ തന്നെ. നാരായണീയം അടിസ്ഥാനമാക്കി നെല്ലിയോട് വാസുദേവൻ നമ്പൂതിരി രചിച്ച ‘രാസക്രീഡ’ ഒട്ടേറെ അരങ്ങിനു വേണ്ടി പാടി. സാഹിത്യഗുണം ഏറെയുള്ള ആ പദങ്ങൾ ഏറെ ആസ്വദിച്ചാണു പാടിയതെന്നും ദീപ പറയുന്നു. ദീപയുടെ പിതാവായിരുന്നു വരികൾ ചിട്ടപ്പെടുത്തിയത്. 

 

പുരസ്കാര നിറവിൽ 

 

വെൺമണി ഹരിദാസിന്റെ പേരിലുള്ള പുരസ്കാരത്തിന്റെ നിറവിലാണിപ്പോൾ ദീപ പാലനാട്. 2012ൽ നവരസം ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്ത്രീരത്നം പുരസ്കാരം ലഭിച്ചിട്ടുണ്ട്. കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പിന്റെ പേരിൽ മുംബൈയിലെ ‘ഭേരി’ ഏർപ്പെടുത്തിയ അവാർഡും ലഭിച്ചിട്ടുണ്ട്. കൊല്ലം കഥകളി ക്ലബ്ബിന്റെയും ആനമങ്ങാട് കഥകളി ക്ലബ്ബിന്റെയും പുരസ്കാരങ്ങൾ ഉൾപ്പെടെ ഒട്ടേറെ കഥകളി സംഘടനകളുടെയും ക്ലബ്ബുകളുടെയും ആദരവും ലഭിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com