ADVERTISEMENT

മഴനീർ കണമായ് താഴത്തു വീഴാൻ വിധികാത്തു നിൽക്കുംജലദങ്ങൾ പോലെ...’ ഇൗ വരികൾ പാടുമ്പോൾ ബിജുവിന്റെ ശബ്ദം ഇടറി... കോവിഡ് കാലത്ത് ജീവിതത്തിന്റെ സുന്ദര ശബ്ദം നഷ്ടമായ മറ്റു പല ഗായകരെയും പോലെ... ‘പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ’ എന്ന പാട്ടിലെ വരിയിൽ ചെറിയ ഒരു തിരുത്തൽ വേണ്ടിവരും പായിപ്പാട്ട് പള്ളിക്കച്ചിറ കൊല്ലംപറമ്പിൽ വീട്ടിലെത്തുമ്പോൾ. കാരണം ഇവിടുള്ളത് പാട്ടുകാരനല്ല ‘പാട്ടുകാരി’യാണ്!!  കെ.ആർ. ബിജു പ്രസിദ്ധനായത് യേശുദാസിന്റെയോ ജയചന്ദ്രന്റെയോ പാട്ടുകൾ പാടിയല്ല പി.സുശീലയുടെയും, പി.മാധുരിയുടെയും എസ്. ജാനകിയുടെയും വാണി ജയറാമിന്റെയും ചിത്രയുടെയും സുജാതയുടെയും ഒക്കെ പാട്ടുകൾ പാടിയാണ്. 

 

biju-wife
ബിജുവും ഭാര്യ ഷക്കീലയും.

ബഥേൽ സ്കൂൾ ഡേയ്ക്ക് പാട്ടു പാടിത്തുടങ്ങിയ ബിജു പിന്നീട് തനിക്കു വഴങ്ങുക സ്ത്രീ ശബ്ദമാണെന്നു തിരിച്ചറിയുകയായിരുന്നു. പല ഗാനമേള വേദികളിലും താരവും തരംഗവുമായി ബിജു മാറി. ഷക്കീല ഗോപിയാണ് ബിജുവിന്റെ ഭാര്യ. പക്ഷേ ഷക്കീലയ്ക്ക് ഒരിക്കലും ബിജുവിന്റെ പാട്ട് കേൾക്കാൻ സാധിച്ചിട്ടില്ല, കാരണം ഷക്കീലയ്ക്ക് ശബ്ദം കേൾക്കാനും സംസാരിക്കാനും സാധിക്കില്ല. എങ്കിലും ഷക്കീലയ്ക്ക് അരികിലിരുന്ന് ബിജു പാട്ടു പാടിക്കൊടുക്കും, 

ചുണ്ടിന്റെ ചലനത്തിൽ നിന്നു ഷക്കീല വരികൾ വായിച്ചെടുക്കും!! സ്നേഹഗായകന്റെ പാട്ടുകേൾക്കാൻ ശബ്ദമെന്തിനു വേറെ. ബിജുവും ഷക്കീലയും ബിജുവിന്റെ സഹോദരി ഗീതയുമാണ് വീട്ടിലുള്ളത്. കിഴക്കൻ മുത്തൂരിലെ കടയിൽ തയ്യൽ ജോലി ചെയ്യുന്ന ആളാണ് ഷക്കീല, ഗീത വീട്ടുജോലിയും. ബിജു കോട്ടയത്ത് സാനിറ്ററി കടയിൽ ജോലിചെയ്യുന്നു. കോവിഡ് കാലമായതോടെ ഷക്കീലയ്ക്കും ഗീതയ്ക്കും ജോലി നഷ്ടമായി, ഗാനമേളയും മറ്റു ചടങ്ങുകളും ഇല്ലാതായതോടെ അതിൽ നിന്നുള്ള വരുമാനവും ഇല്ലാതായി. 

 

ജോലി നഷ്ടമായതോടെ സഹോദരി കടുത്ത മാനസിക പ്രയാസത്തിലായി. ബിജുവിന്റെ കടയുടമകൾ കോവിഡ് കാലത്തും കൈവിടാതിരുന്നതിനാൽ വലിയ കഷ്ടമില്ലാതെ ജീവിതം കടന്നുപോകുന്നു. മുൻപ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ വച്ച് പരിചയപ്പെട്ട ആൾക്ക് വൃക്കരോഗമാണെന്ന് അറിഞ്ഞപ്പോൾ  തന്റെ വൃക്ക ദാനം ചെയ്ത അനുഭവവും ബിജുവിനു പങ്കിടാനുണ്ട്. മറ്റൊരു സഹോദരിയുടെ വീട്ടിലാണ് ഇപ്പോൾ ബിജുവും കുടുംബവും താമസിക്കുന്നത്. ‘സ്വർഗങ്ങൾ സ്വപ്നം കാണും മണ്ണിൻ മടിയിൽ’ എന്ന പാട്ടിൽ സുജാത പാടിയ ഭാഗം പാടുമ്പോൾ  ബിജുവിന് ഒറ്റ സ്വപ്നമേയുള്ളൂ.. സ്വന്തമായി ഒരു വീട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com