‘അവസരങ്ങൾ കൊടുക്കാതെ ഒതുക്കിക്കളഞ്ഞ ഒരുവൾ, ആരൊക്കെയോ കാരണം പിന്തള്ളപ്പെട്ട രാധിക തിലക്’: ഓർമക്കുറിപ്പ്

radhika-thilak
SHARE

പാതിയിൽ നിലച്ചു പോയ സംഗീതമാണ് മലയാളികൾക്കു രാധിക തിലക് എന്ന ഗായിക. മനസ്സിൽ പതിയുന്ന കുറേയേറെ പാട്ടുകൾ പാടി നിനച്ചിരിക്കാത്ത നേരത്ത് മരണത്തിന്റെ ലോകത്തേക്കു മറഞ്ഞു പോയ പ്രതിഭ. കാലയവനികയ്ക്കുള്ളില്‍ മറഞ്ഞെങ്കിലും മരിക്കാത്ത സംഗീതം ഈ ഭൂമിയിൽ ബാക്കി വച്ചുപോയ കലാകാരിയെക്കുറിച്ച് ഹൃദ്യമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് ഗിരീഷ് വർമ്മ ബാലുശ്ശേരി എന്നയാൾ. സമൂഹമാധ്യമത്തിലെ സംഗീതകൂട്ടായ്മയിലാണ് അദ്ദേഹം രാധികയിലെ പ്രതിഭ അടയാളപ്പെടുത്തിയ പാട്ടുകൾ ചൂണ്ടിക്കാട്ടിയുള്ള കുറിപ്പ് പോസ്റ്റ് ചെയ്തത്. രാധികയുടെ മികവിനെ വേണ്ടവിധം മലയാള സിനിമ ഉപയോഗപ്പെടുത്താത്തതിലെ വേദനയും ഗിരീഷ് പങ്കുവയ്ക്കുന്നുണ്ട്

ഗിരീഷിന്റെ സമൂഹമാധ്യമ കുറിപ്പ്: 

 

‘മായാമഞ്ചലിൽ...

 

കലാകാരന്മാർ ഭാഗ്യം ചെയ്തവരാണ്.. അവരുടെ ഭൗതിക ശരീരം ഈ ലോകം വിട്ടുപോയാലും അവരിവിടെ അവശേഷിപ്പിച്ചു പോയ കലാ സൃഷ്ടികളാൽ എന്നെന്നും ഓർക്കപ്പെടും എന്ന സത്യം. എഴുത്തുകാരായാലും പാട്ടുകാരായാലും മനസ്സുകളിൽ സംരക്ഷിക്കപ്പെടുന്നത് കൂടാതെ എന്നേക്കുമായതിന്റെ നിലനിൽപ്പിനായി ഇന്ന് പല സാങ്കേതിക വിദ്യകളുമുണ്ട്. ഗാനങ്ങൾക്കാണ് അതേറെ പ്രയോജനപ്പെട്ടത്. നഷ്ടപ്പെട്ടേക്കാവുന്ന പഴയ ഗാനങ്ങൾ ശേഖരിച്ചു സൂക്ഷിക്കാൻ ഇന്ന് ഇന്റർനെറ്റ് സംവിധാനങ്ങൾ ഉണ്ട്. പല ശേഖരങ്ങളായി അത് കാലങ്ങളെ അതിജീവിച്ചു കൊണ്ട് ഇവിടെ ഉണ്ടാവും.

 

ശബ്ദങ്ങളുടെ മേളനങ്ങൾ ആണല്ലോ പാട്ട്. അതിൽ ഈണമധുരങ്ങൾ ചേർന്നലിയുമ്പോൾ മധുരിക്കുന്നത് മനസ്സും മോഹങ്ങളുമാണ്. ഏതോ കാലത്തിന്റെ ഇടനാഴികകളിൽ നിന്നും ഒരീണമധുരം മൂളി ആരോ! അവർ മണ്ണിനോടു ചേർന്നിട്ട് കാലങ്ങൾ കഴിഞ്ഞു. സുന്ദരമായ ആ ദേഹം ഇന്നില്ല. എന്നിരുന്നാലും ആ ശബ്ദത്തിന്റെ അലയൊലികൾ ഇന്നും കണ്ണ് ഈറനാക്കിക്കൊണ്ട് ഇവിടെയൊക്കെ....

 

രാധിക തിലക്... ഒരപൂർവ ശബ്ദത്തിന്റെ ഉടമ. അവരോടു ചേർത്തുവയ്ക്കാൻ പ്രമുഖ ഗായികമാരെ ഉണ്ടാവൂ. മലയാളത്തിന്റെ ഗായിക ആയിട്ടും നമ്മൾ ഏറെ അവസരങ്ങൾ കൊടുക്കാതെ ഒതുക്കിക്കളഞ്ഞ ഒരുവൾ. പാട്ടിന്റെ അപാര സാധ്യതകൾ കഴിവായി തെളിയിക്കപ്പെടേണ്ടതായിരുന്നു. ആരുടെയൊക്കെയോ കൈകൾ അണിയറയിൽ പ്രവർത്തിച്ചതിന്റെ ഫലമായി പിന്തള്ളപ്പെട്ടവൾ. പറയാതെ വയ്യ.

 

അത്രക്കേറെ ശ്രുതിമധുരമായിരുന്നു രാധികാ ശബ്ദം... അതേറെ അനുഭവങ്ങൾ സൃഷ്ടിക്കപ്പെടാൻ യോഗമുണ്ടായില്ല. ഉണ്ടായതോ വളരെ കുറച്ചും. എങ്കിലും ആ ഗാനവീചികളിലൂടെ തൊട്ടുരുമ്മി പോകുമ്പോഴറിയാം അതിന്റെ മൃദുലത, സാരള്യം എല്ലാമെല്ലാം. 1989 മുതൽ മലയാളത്തിൽ പാടാനെത്തിയെങ്കിലും വെറും ഇരുപതിൽ താഴെ വർഷങ്ങളെ സജീവമാവാൻ കഴിഞ്ഞുള്ളു.

 

ആദ്യത്തെ രണ്ടു വർഷം കഴിഞ്ഞപ്പോൾ തന്നെ രാധികയുടെ മാസ്റ്റർ പീസ് പിറന്നു. ‘മായാമഞ്ചലിൽ ഇതുവഴിയെ പോകും തിങ്കളേ’ എന്ന ഒറ്റയാൾ പട്ടാളത്തിലെ ഗാനവുമായി ഇവിടെ തന്റെ വേരുറപ്പിക്കാനുള്ള ശ്രമം നടത്തി. ബന്ധുവായ ജി വേണുഗോപാലുമൊത്ത് അത്രയേറെ മനോഹരമായ ഒരു ഗാനം. മറ്റൊരു ഭാഗ്യം ശരത് സാറിന്റെ ഈണത്തിൽ ഒരു നല്ല തുടക്കം കിട്ടിയതിലാണ്. കവി പി കെ ഗോപിയുടെ രചനയുടെ സൗകുമാര്യം എടുത്തു പറയാവുന്നത്. അതുകൊണ്ടും കാര്യമുണ്ടായില്ല. ഈ പൂങ്കുയിലിനെ മലയാള സിനിമ എന്നിട്ടും ശ്രദ്ധിച്ചില്ല.‌

 

‘ചന്ദനം പെയ്തു പിന്നെയും’ എന്നൊരു ഗാനം മാത്രം. അത്രയേറെ ശ്രദ്ധ നേടാത്ത ഒന്നായിരുന്നു. ചെപ്പു കിലുക്കണ ചെങ്ങാതി എന്ന ചിത്രത്തിലെ ബിച്ചു തിരുമലയുടെ രചന, ജോൺസന്റെ സംഗീതം... 1991ലെ ഈ ഗാനങ്ങൾക്കു ശേഷം മലയാള സിനിമ മറന്നിട്ടോ? സ്വയമൊതുങ്ങിയതോ? സാധാരണ പാട്ടിഷ്ടക്കാർക്ക് എന്തറിയാൻ.

 

പിന്നീട് തമിഴിൽ നിന്നും ഇളയരാജ വരേണ്ടി വന്നു വീണ്ടും ആ ശബ്ദമൊന്നുയരുവാൻ. ഗുരു എന്ന ഒരു സവിശേഷ സിനിമയ്ക്കു വേണ്ടി അദ്ദേഹം ചെയ്ത പാട്ടുകളിൽ എല്ലാം രാധികയുടെ ശബ്ദവും ചേർത്തു കൊടുത്തു. അതാരും ചെയ്യാത്ത ഒന്നായിരുന്നു. മറ്റു ഗായകരോടൊപ്പം ആണെങ്കിലും അതിലും രാധികയുടെ ശബ്ദം വേറിട്ട് കേൾക്കാം. അരുണകിരണ ദീപം, ഗുരു ചരണം ശരണം എന്നീ ഗാനങ്ങൾ. എന്നാൽ അതിലെ തന്നെ ‘ദേവസംഗീതം നീയല്ലേ...’ എന്ന യുഗ്മഗാനം അവർക്കു വീണ്ടുമൊരു ബ്രേക്ക് കൊടുത്തു. അന്ധരായ രണ്ടു കാമുകരുടെ പ്രണയ പരാവശ്യങ്ങൾ പാട്ടിലൂടെ രാധികയും യേശുദാസും ഭംഗിയാക്കി.

 

കന്മദത്തിലെ ടൈറ്റിൽ സോങ് പാടി വീണ്ടും രാധിക തിലക്. സിനിമയ്ക്കു പേരെഴുതികാണിക്കുന്ന സമയത്തെ പാട്ട് പലപ്പോഴും ശ്രദ്ധിക്കപ്പടാറില്ല. എന്നാൽ തിരുവാതിര തിരനോക്കിയ മിഴിവാർന്നൊരു ഗ്രാമം എന്ന ഗാനം പക്ഷെ അങ്ങനെയായിരുന്നില്ല. ഗാനമേളകൾക്കു വരെ അക്കാലത്ത് പാടിയിരുന്ന നല്ലൊരു യുഗ്മ ഗാനം. മൂവന്തി താഴ് വരയിൽ, മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ എന്നീ ഗാനങ്ങളൊക്കെ മുൻപന്തിയിൽ ഉണ്ടെങ്കിലും ഒട്ടും പുറകിലല്ലാതെ തിരുവാതിരയും സ്ഥാനം പിടിച്ചു. കൂടാതെ മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ എന്നത് രാധികയുടെ ശബ്ദത്തിലും സിഡിയിൽ കേൾക്കാം, സിനിമയിൽ ഇല്ലെങ്കിലും...

 

മറ്റൊരു തിരുവാതിര പാട്ടുമായി വീണ്ടും രാധിക. സ്നേഹം എന്ന ജയരാജ് ചിത്രത്തിൽ ‘കൈതപ്പൂ മണമെന്തേ ചഞ്ചലാക്ഷി’ അത് ചിത്രത്തിൽ നല്ലൊരനുഭവമായിരുന്നു. ദൃശ്യത്തിലും കേൾവിയിലും. അതിമധുരമായി പ്രണയഗാനത്തിലും തന്റെ ഭാഗം പാടിവയ്ക്കാൻ ആവുമായിരുന്നു രാധികയ്ക്ക്. പ്രണയനിലാവിലെ ‘പാൽകുടങ്ങൾ തുളുമ്പും’ എന്ന ഗാനം ഉദാഹരണം. യേശുദാസുമൊത്ത് കട്ടയ്ക്കു തന്നെയുണ്ട് ഗായികയും...

 

യൂസഫലി കേച്ചേരിയുടെ രചനകൾ ചിലവയിൽ പങ്കുകൊള്ളാൻ കഴിഞ്ഞുവെന്നത് രാധികയ്ക്കു നിർവൃതി തന്നെയായിരിക്കും... ദീപസ്തംഭം മഹാശ്ചര്യം, എന്റെ ഉള്ളുടുക്കും കൊട്ടി, നിന്റെ കണ്ണിൽ വിരുന്നു വന്നു ഇവയൊക്കെ ഓളങ്ങൾ സൃഷ്‌ടിച്ച ഗാനങ്ങൾ ആയിരുന്നു. മോഹൻ സിതാരയുടെ ലളിതസംഗീതം അതിനേറെ ഉപകരിച്ചു. ഇനി അടിപൊളി വേണോ അതിനും തയ്യാർ...

 

തകില് പുകില്മായി രാവണപ്രഭുവിൽ ഒന്നു വന്നു പോയി പ്രിയ ഗായിക. കുഞ്ഞിക്കൂനനിലേ അന്ധഗായികയ്ക്കു ചുണ്ടു ചേർത്തു രാധിക പിന്നെയും. നവ്യ നായർ ധന്യമാക്കിയ ചിത്രം. ഓമനമലരെ നിൻ മാരൻ എന്ന നാട്ടുവഴിയിൽ ചിതറി വീണ ഗദ്ഗദം പുരണ്ടതല്ലെങ്കിലും മനസ്സിൽ നീറ്റൽ പരത്തിയ ഗാനം,. ഇടയ്ക്കിടെ തന്റെ സാന്നിധ്യം അറിയിച്ചു പോയ ഇവർക്ക് അവസരങ്ങൾ അപ്പോഴേക്കും വല്ലാതെ കുറഞ്ഞിരുന്നു. നന്ദനത്തിലെ യുഗ്മഗാനം ഒരോർമ്മയായുണ്ട് മനസ്സിൽ. മനസ്സിൽ മിഥുനമഴ പൊഴിച്ചു കൊണ്ട് രവീന്ദ്രൻ സംഗീതത്തിൽ... അവസാന കാലത്ത് ചില ഗിരീഷ് പുത്തഞ്ചേരി വരികളോടൊപ്പം വന്നുപോവാൻ അവസരം ലഭിച്ചിരുന്നു. കന്മദത്തിലൂടെ, നന്ദനത്തിലൂടെ അത് പട്ടാളത്തിലെ ഗാനത്തിൽ എത്തി...

 

വെണ്ണക്കല്ലിൽ നിന്നെ കൊത്തി എന്ന വിദ്യാസാഗർ ഈണം. കാനനകുയിലേ കാതിലിടാനൊരു കാൽപവൻ പൊന്നു തരാമോ? എന്ന ഗിരീഷ് ഗാനത്തോടെ നല്ലൊരു പാട്ടുകാലം അവസാനിച്ചു എന്നു പറയാം... പിന്നീടും ഒറ്റക്കും തെറ്റെക്കും പാട്ടുകൾ ഉണ്ടായിരുന്നെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല.

2015ൽ പൂർത്തികരിക്കാതെ തന്റെ പാട്ടു മോഹങ്ങളോടെ ആ ജീവിതം സമാധിയായി. കണ്ണീർപൂക്കൾ അർപ്പിക്കുന്നു പ്രിയഗായികയ്ക്ക്’.   

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA