ADVERTISEMENT

സാം അസ്ഖാരിയുമായുള്ള വിവാഹനിശ്ചയത്തിനു തൊട്ടു പിന്നാലെ സമൂഹമാധ്യമങ്ങളോടു വിടപറഞ്ഞ് പോപ് താരം ബ്രിട്ട്നി സ്പിയേഴ്സ്. ഗായികയുടെ വിശേഷങ്ങൾ അറിയാനും വിവാഹത്തിന് ആശംസകൾ നേരാനും വേണ്ടി സമൂഹമാധ്യമ അക്കൗണ്ട് അന്വേഷിച്ചു പോയവർക്കു നിരാശയായിരുന്നു ഫലം. ബ്രിട്ട്നിയുടെ പെട്ടെന്നുള്ള ഈ പിന്മാറ്റം ആരാധകരെ ആശങ്കാകുലരാക്കി. 

 

ഇപ്പോഴിതാ ആരാധകരുടെ അന്വേഷണങ്ങൾക്കു വിരാമമിട്ട് ബ്രിട്ട്നി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. വിവാഹ നിശ്ചയം ആഘോഷിക്കുന്നതിനും വിവാഹത്തിനായുള്ള ഒരുക്കങ്ങൾ നടത്തുന്നതിനു വേണ്ടിയാണ് താൻ സമൂഹമാധ്യമങ്ങളിൽ നിന്നും താൽക്കാലികമായി വിട്ടു നിൽക്കുന്നതെന്ന് ബ്രിട്ട്നി സ്പിയേഴ്സ് അറിയിച്ചു. ഉടൻ മടങ്ങി വരുമെന്നും ഗായിക വെളിപ്പെടുത്തുന്നു. 

 

ഏതാനും ദിവസങ്ങൾക്കു മുൻപാണ് സാം അസ്ഖാരിയുമായി ബ്രിട്ട്നിയുടെ വിവാഹനിശ്ചയം കഴിഞ്ഞത്. മോതിരം കൈമാറിയതിന്റെ ചിത്രങ്ങളും വിഡിയോയും ഗായിക ആരാധകർക്കായി പങ്കുവച്ചിരുന്നു. ദീർഘ കാലത്തെ പ്രണയത്തിനു ശേഷമാണ് ബ്രിട്ട്നിയും സാമും ഒരുമിക്കുന്നത്. ബ്രിട്ട്നിയുടെ മൂന്നാം വിവാഹമാണിത്. രണ്ടാം വിവാഹബന്ധത്തിൽ ഗായികയ്ക്കു രണ്ടു മക്കളുണ്ട്. 

 

പിതാവ് ജാമി സ്പിയേഴ്സിന്റെ രക്ഷാകര്‍തൃഭരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് 39കാരിയായ ബ്രിട്ട്‌നി കോടതിയെ സമീപിച്ചത് അടുത്തിടെ വലിയ ചർച്ചകൾക്കു വഴിവച്ചിരുന്നു. 2008 മുതല്‍ ജാമിയാണ് ബ്രിട്ട്‌നിയുടെ സ്വത്തുവകകൾ കൈകാര്യം ചെയ്തുവരുന്നത്. ഗായികയെ സ്വതന്ത്രയാക്കണമെന്നാവശ്യപ്പെട്ട് ആരാധകരുൾപ്പെടെ നിരവധി പേർ സമരം ചെയ്തിരുന്നു. കേസുമായി ബ്രിട്ട്‌നി മുന്നോട്ടു പോയതോടെ സ്വത്തുക്കൾ വിട്ടു നല്‍കാന്‍ താന്‍ തയ്യാറാണെന്നും എല്ലാവിധ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിവാകാമെന്നും ജാമി സ്പിയേഴ്സ് കോടതിയെ ബോധിപ്പിച്ചതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രക്ഷാകർതൃഭരണം അവസാനിപ്പിക്കപ്പെട്ട് ബ്രിട്ട്നി സ്വതന്ത്രയായതിനു പിന്നാലെയാണ് വിവാഹവാർത്തയും പുറത്തുവന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com