ADVERTISEMENT

അകാലത്തിൽ പൊലിഞ്ഞ ഗായിക രാധിക തിലകിന്റെ ആറാം ചരമവാർഷികത്തോടനുബന്ധിച്ച് സംഗീതസമർപ്പണവുമായ് കുടുംബാംഗങ്ങൾ. സംഗീതകുടുംബത്തിലെ രണ്ട് തലമുറയിൽപ്പെട്ട ഗായകർ ഒരുമിച്ചൊരുക്കിയ മെഡ്‌ലിയാണ് ഇപ്പോൾ പ്രേക്ഷകർക്കരികിലെത്തിയിരിക്കുന്നത്. രാധികയുടെ അടുത്ത ബന്ധുക്കളായ സുജാത മോഹന്‍, മകൾ ശ്വേത, ജി.വേണുഗോപാൽ, മകൻ അരവിന്ദ്, രാധികയുടെ മകൾ ദേവിക എന്നിവരാണ് സംഗീതസമർപ്പണത്തിനു വേണ്ടി ഒരുമിച്ചത്. 

 

മായാമഞ്ചലിൽ, പള്ളിത്തേരുണ്ടോ, കുഴലൂതും പൂന്തെന്നലേ, സ്വർഗങ്ങൾ സ്വപ്നം കാണും എന്നീ പാട്ടുകൾ ചേർത്താണ് മെഡ്‌ലി ഒരുക്കിയത്. ഇതിൽ ‘മായാമഞ്ചലിൽ’ എന്ന ഗാനം ‘ഒറ്റയാൾപ്പട്ടാള’ത്തിലൂടെ രാധികയുടെയും വേണുഗോപാലിന്റെയും ആലാപനം കൊണ്ട് ഏറെ ശ്രദ്ധേയമായതാണ്. മറ്റുള്ളവയെല്ലാം വേണുഗോപാലും സുജാതയും ചേർന്നാണ് സിനിമയിൽ ആലപിച്ചത്. 

 

രാധികയ്ക്കായി ഒരുക്കിയ മെഡ്‌ലിക്കു വേണ്ടി സംഗീതകുടുംബത്തിലെ രണ്ടാം തലമുറയും ഒരുമിച്ചത് ആസ്വാദകർക്കു പുത്തൻ അനുഭവമായിരിക്കുകയാണ്. ഈ 5 ഗായകരും ആദ്യമായാണ് ഒരുമിച്ചു പാടുന്നതെന്ന് ജി.വേണുഗോപാൽ പറയുന്നു. പ്രിയപ്പെട്ട അനുജത്തി രാധിക തിലകിനു വേണ്ടി ഗാനം സമർപ്പിക്കുകയാണെന്നും ഗായകൻ മനോരമ ഓൺലൈനിനോടു പ്രതികരിച്ചു. 

 

പാട്ട് ഇതിനോടകം ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. രണ്ടു തലമുറയിലെ ഗായകരുടെ സംഗമം ആരാധകർക്കിടയിൽ ചർച്ചയായി. മികച്ച പ്രതികരണങ്ങളാണു മെഡ്‌ലിക്കു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. നിരവധി പേർ പാട്ട് പങ്കുവയ്ക്കുകയുമുണ്ടായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com