ADVERTISEMENT

കോവിഡ് മുന്നണി പോരാളികളുടെ ജീവിതം വരച്ചിട്ട് ബി.കെ.ഹരിനാരായണന്റെ രചനയിലും സംവിധാനത്തിലും പിറന്ന ‘ഇള’ ശ്രദ്ധേയമാകുന്നു. സ്വന്തം ജീവൻ പണയം വച്ചുകൊണ്ട് സദാ ജോലിയിൽ വ്യാപൃതരാകുന്ന ആരോഗ്യപ്രവർത്തകർക്കുള്ള ആദരമായാണ് വിഡിയോ ഒരുക്കിയിരിക്കുന്നത്. 

 

കോവിഡ് കാലത്തെ ഒരു ഡോക്ടറുടെ ജീവിതത്തിലൂടെയാണ് ‘ഇള’ കടന്നു പോകുന്നത്. സ്വകാര്യ ജീവിതത്തിലെ ദുഃഖങ്ങൾ വേദനിപ്പിക്കുമ്പോഴും ആശുപത്രിയില്‍ നിസ്വാർഥ സേവനം കാഴ്ചവയ്ക്കുന്ന യുവ ഡോക്ടർ. രോഗികളെ പരിചരിച്ച് ഒടുവിൽ കോവിഡ് ബാധിച്ചു മരിക്കുകയും ജീവൻ വെടിയുന്നതിനു മുൻപ് കോവിഡിന്റെ തീവ്രതയെക്കുറിച്ച് വിഡിയോ സന്ദേശത്തിലൂടെ അവബോധം പകരുകയും ചെയ്യുകയാണ് ഡോക്ടർ.

 

ഇവിടെ ഡോക്ടർ ആയി വേഷമിടുന്നത് യുവതാരം അപർണ ബാലമുരളിയാണ്. മറ്റൊരു പ്രധാന കഥാപാത്രമായി ബി.കെ.ഹരിനാരായണനും എത്തുന്നു. അതിഥി വേഷത്തിൽ സംഗീതസംവിധായകൻ ബിജിബാലും പ്രത്യക്ഷപ്പെടുന്നുണ്ട്. രാജീവ് പീശപ്പിള്ളിയാണ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

 

മിഥുൻ ജയരാജ് ആണ് ‘ഇള’യ്ക്കു സംഗീതം പകർന്നിരിക്കുന്നത്. മിഥുനും സിത്താര കൃഷ്ണകുമാറും ചേർന്ന് ഗാനം ആലപിച്ചു. ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ ‘ഇള’ ഇതിനോടകം നിരവധി ആസ്വാദകരെയും സ്വന്തമാക്കിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. മനേഷ് മാധവൻ ആണ് ‘ഇള’യുടെ ഛായാഗ്രാഹകൻ. പ്രവീൺ മംഗലത്ത് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നു. 

 

ആരോഗ്യപ്രവർത്തകർക്കുള്ള ഹൃദയം നിറഞ്ഞ ആദരമാണ് ‘ഇള’ എന്ന് പാട്ടിന്റെ പിന്നണിപ്രവർത്തകർ പറയുന്നു. കോവിഡിനെ ഒരിക്കലും നിസാരമായി കാണരുതെന്നും മുൻകരുതലെടുക്കുന്നതിൽ വിട്ടുവീഴ്ച പാടില്ലെന്നും ഓർമിപ്പിച്ചുകൊണ്ടാണ് വിഡിയോ അവസാനിക്കുന്നത്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com