ADVERTISEMENT

കോവിഡ് മഹാമാരി സൃഷ്‍ടിച്ച പ്രതിസന്ധികൾ, അഫ്ഗാനിലെ സാഹചര്യം, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീഷണിക്കൊടുങ്കാറ്റുകൾ തുടങ്ങി ഗൗരവം നിറ‍ഞ്ഞ വിഷയങ്ങൾ; നയതന്ത്ര വിദഗ്ധരും വിദേശകാര്യ പ്രതിനിധികളും രാഷ്ട്രതന്ത്രജ്ഞരും മാധ്യമങ്ങളും മാത്രം ശ്രദ്ധകേന്ദ്രീകരിക്കാറുള്ള ഒരു വേദി. പക്ഷേ ഇത്തവണ ആ ഇടത്തിലേക്കു കണ്ണുനട്ട്, കാതോർത്ത്, കാത്തിരുന്നത് ലോകമെമ്പാടുമുള്ള പത്തുലക്ഷത്തിലേറെ ചെറുപ്പക്കാരാണ്.

ഏതെങ്കിലും രാഷ്ട്രത്തലവന്മാരെ കാണാനല്ല, ദക്ഷിണ കൊറിയയിൽ നിന്നെത്തുന്ന ഏഴു ചെറുപ്പക്കാരുടെ വാക്കുകൾക്കും സംഗീതത്തിനും കാതോർത്താണ് അവരിരുന്നത്. നിരാശയുടെ നാളുകളിലും സംഗീതവും നൃത്തവുംകൊണ്ട് പ്രതീക്ഷയുടെ ദിനങ്ങളിലേക്ക് ആരാധകരെ നയിച്ച കെപോപ് ബോയ്ബാൻഡ് സംഘം – ബിടിഎസ് യുഎൻ വേദിയിലെത്തിയപ്പോൾ ആരാധകർക്കത് ആഹ്ലാദവേളയായി. ഐക്യരാഷ്ട്ര സംഘടനയുടെ ന്യുയോർക്കിലെ ഹെഡ് ക്വാർട്ടേഴ്സിൽ നിന്ന് വിർച്വലായി ലോകം കണ്ട ഏഴുമിനിറ്റ് പ്രഭാഷണത്തിൽ കോവിഡ് വാക്സീനെടുക്കാൻ പ്രചോദനമേകിയും പ്രതിസന്ധികാലഘട്ടത്തില്‍ കരളുറപ്പോടെ നിലകൊണ്ട യുവജനതയെ പ്രശംസിച്ചും ബിടിഎസ് ഹൃദയം കവർന്നു.

 

bts-new

പൊതുസഭ ചേരുന്നതിനു ഒരു ദിവസം മുമ്പാണ് ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജി ഇന്നിനൊപ്പം ബിടിഎസ് യുഎൻ ആസ്ഥാനത്തെത്തിയത്. ഭാവിതലമുറയ്ക്കും സംസ്കാരത്തിനും (ഫ്യൂച്ചർ ജനറേഷൻ ആൻഡ് കൾച്ചർ) നിയോഗിച്ച പ്രത്യേക പ്രസിഡന്‍ഷ്യൽ കോൺവോയ് ആയാണ് ബിടിഎസ് അംഗങ്ങൾ യുഎന്നിൽ പ്രഭാഷണം നടത്തിയത്.

 

‘‘കൊറിയയിലെ ചെറിയൊരു നഗരത്തിൽ നിന്ന് യുഎൻ അസംബ്ലിയിലെ വേദിയിൽ ഒരു ഗ്ലോബൽ സിറ്റിസൺ എന്ന നിലയിൽ വന്നുനിൽക്കാനാകും വിധം അനന്തസാധ്യതകളാണ് ജീവിതം നൽകുന്നത്. അതിനെക്കുറിച്ചോർക്കുമ്പോൾ ഹൃദയത്തില്‍ ആശ്ചര്യം നിറഞ്ഞ ഉന്മേഷമാണ്. പക്ഷേ കോവിഡ് എന്നൊരു സാഹചര്യം എന്റെ ഭാവനയ്ക്കും അപ്പുറത്തായിരുന്നു, വേദിയിൽ ബിടിഎസ് അംഗങ്ങളെ പരിചയപ്പെടുത്തിയ ശേഷം ഗ്രൂപ്പ് ലീഡറായ ‌ആർഎം പറഞ്ഞു.

‘എനിക്ക് ആദ്യമൊക്കെ നിരാശയായിരുന്നു. എന്റെ മുറിയുടെ ജനൽ തുറക്കാൻ പോലും തോന്നിയില്ല. പക്ഷേ അപ്പോൾ എന്റെ സുഹൃത്തുക്കൾ എന്റെ കൈപിടിച്ചു, ഞങ്ങൾ പരസ്പരം സമാശ്വസിപ്പിച്ചു. ഒരുമിച്ച് എന്തെല്ലാം ചെയ്യാനാകും എന്നതിനെക്കുറിച്ച് ഞങ്ങൾ സംസാരിച്ചു’’, ജിമിൻ തുടർന്നു സംസാരിച്ചു.

‘‘ആദ്യമായിട്ടാകണം ജീവിതം ഇത്രയേറെ സിംപിൾ ആയത്. മുറി ചെറുതായിരിക്കാം, പക്ഷേ എന്റെ ലോകം, ഞങ്ങളുടെ ലോകം എത്രവിശാലമാണ്. ഞങ്ങൾക്കു സംഗീതോപകരണങ്ങളുണ്ട്, ഫോണുകളുണ്ട്, ആരാധകരുണ്ട്’’, സുഗയുടെ വാക്കുകളിൽ പ്രതീക്ഷ നിറഞ്ഞുനിന്നു.

 

‘‘എനിക്കു നിരാശ തോന്നി, ഞാനേറെ ആലോചിച്ചു..എന്തുകൊണ്ടാണിത് ? ഞാൻ പാട്ടുകളെഴുതി. ആരാണു ഞാൻ എന്ന് ആലോചിച്ചു. ഈ നിമിഷം ഞാൻ പിൻവാങ്ങുകയാണെങ്കിൽ, എന്റെ ജീവിതത്തിലെ നക്ഷത്രം ആകാനെനിക്ക് കഴിയുകയില്ല.’’, വി പറഞ്ഞു.

‘‘ആരാണ് ആദ്യം എന്നെനിക്ക് ഓർമയില്ല. പക്ഷേ ഞങ്ങൾ ഏഴുപേരും ഒരുമിച്ചിരുന്ന് ഈ വികാരങ്ങളെയെല്ലാം ചേർത്തു പിടിച്ചു. അങ്ങനെ ഞങ്ങൾ പാട്ടെഴുതാൻ തുടങ്ങി. എല്ലാം ഉത്തരങ്ങളും നമ്മുടെ കയ്യിലുണ്ടാകില്ല. ഇവിടെയെത്താൻ എന്തുചെയ്തെന്നാൽ ഞങ്ങൾ ഞങ്ങളെത്തന്നെ വിശ്വസിച്ചു, കഴിവിന്റെ പരമാവധി ശ്രമിച്ചു, എല്ലാം ഇഷ്ടത്തോടെ ചെയ്തു.’’, ജെഹോപ് കൂട്ടിച്ചേർത്തു.

 

അനിശ്ചിത്വം നിറഞ്ഞ ഈ ലോകത്തിൽ ‘ഞാൻ’ ‘നീ’ ‘നമ്മൾ’ എന്നതെല്ലാം നാം ചേർത്തുപിടിക്കണം. നമ്മെത്തന്നെ മതിക്കുക, പ്രചോദിപ്പിക്കുക സന്തോഷമായിരിക്കുക എന്നതു പ്രധാനമാണ്, ജിൻ പറഞ്ഞു.

‘‘ഞങ്ങൾ പരസ്പരം പറയാൻ ആഗ്രഹിക്കുന്ന കഥകളാണ് ഞങ്ങളുടെ പാട്ടുകൾ. കാലം അനിശ്ചിതത്വം നിറഞ്ഞതാണ്, പക്ഷേ സത്യത്തിൽ ഒന്നും മാറിയിട്ടില്ല. എനിക്കെന്തെങ്കിലും ചെയ്യാനാകുമെങ്കിൽ, ഞങ്ങളുടെ വാക്കുകൾക്ക്, ശബ്ദത്തിന് മറ്റുള്ളവർക്ക് ശക്തിയും കരുത്തും പകരാനാകുമെങ്കിൽ, അതാണ് ഞങ്ങൾ ചെയ്യാനാഗ്രഹിക്കുന്നത്. അതു ഞങ്ങൾ ചെയ്തുകൊണ്ടേയിരിക്കും’’, ബിടിഎസിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ ജംകുക്ക് പറഞ്ഞു.

 

പ്രതീക്ഷയുടെ നാളുകളെക്കുറിച്ചു പറഞ്ഞു സന്ദേശം അവസാനിപ്പിച്ച ബിടിഎസ് അംഗങ്ങൾ പുതിയ ആൽബം ‘പെർമിഷൻ ടു ഡാൻസ്’ അവതരിപ്പിക്കുകയും ചെയ്തു. യുഎൻ സഭയിലും പരിസരത്തുമായി ചിത്രീകരിച്ച ഗാനം അംഗങ്ങൾക്കായി പ്രക്ഷേപണം ചെയ്യുകയായിരുന്നു. യുഎൻ യുട്യൂബ് ചാനൽ വഴി ഇതു തത്മസമയം ലോകമെങ്ങുമുള്ള ആരാധകരും കണ്ടാസ്വദിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com