ADVERTISEMENT

പതിവു തെറ്റിക്കാതെ ഇത്തവണയും ട്രെന്‍ഡിങ്ങിൽ നിന്നു മാറാതെ കോടിക്കണിക്കിനു പ്രേക്ഷകരെ വാരിക്കൂട്ടുകയാണ് ആ ചെറുപ്പക്കാരുടെ സംഗീതം. കൊറിയൻ സംഗീത ബാൻഡ് ആയ ബിടിഎസിന്റെ ഏറ്റവും പുതിയ ആൽബമായ ‘മൈ യൂണിവേഴ്സ്’ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്. 

 

ഇത്തവണ പക്ഷേ ബിടിഎസ് ഒറ്റയ്ക്കല്ല മാന്ത്രിക സംഗീതമൊരുക്കിയത്. കൂടെ വിശ്വ വിഖ്യാത സംഗീത ബാൻഡ് ആയ കോൾഡ് പ്ലേയും ഉണ്ട്. ഇരു കൂട്ടരും ആദ്യമായാണ് ഒരു സംഗീത ആൽബത്തിനു വേണ്ടി ഒരുമിക്കുന്നത്. തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ ചരിത്രമുള്ള ബിടിഎസും കോള്‍ഡ് പ്ലേയും കൈ കോർത്തപ്പോൾ പുതിയ പാട്ട് ചരിത്രമാവുകയും ചെയ്തു. 

 

‘മൈ യൂണിവേഴ്സി’ന്റെ റിലീസിനു വേണ്ടി ഇന്റർനെറ്റിൽ തത്സമയം ആകാംക്ഷയോടെ കാത്തിരുന്നത് ലക്ഷക്കണക്കിന് ആരാധകരാണ്. പാട്ട് പുറത്തിറങ്ങി മണിക്കൂറുകൾക്കകം കണ്ടതാകട്ടെ ദശലക്ഷക്കണക്കിന് ആളുകളും. റിലീസിനു ശേഷം ഞൊടിയിടയിൽ ട്രെൻഡിങ്ങിലെത്തിയ ഗാനം ഇപ്പോഴും ഒന്നാം സ്ഥാനത്തു തന്നെ തുടരുകയാണ്. ഇതുവരെ കണ്ടത് രണ്ടര കോടിയിലേറെ പേർ. 

 

സാധാരണയിൽ നിന്നു വ്യത്യസ്തമായി സയൻസ് ഫിക്‌ഷൻ കൂടി ചേർത്താണ് ‘മൈ യൂണിവേഴ്സ്’ ഒരുക്കിയിരിക്കുന്നത്. ഭാവിയിൽ നടക്കുന്ന കാര്യങ്ങളിലൂടെയാണ് പാട്ടിന്റെ തുടക്കം. പാട്ട് നിഷേധിക്കപ്പെടുകയും നിരോധിക്കപ്പെടുകയും ചെയ്യുന്ന കാലത്ത് മൂന്നു ഗ്രഹങ്ങളിൽ നടക്കുന്ന കഥയാണ് ഈ ആൽബത്തിൽ പറയുന്നത്. സ്റ്റാർ വാർസ് പോലെയുള്ള ചില പ്രശസ്ത ഹോളിവുഡ് സയൻസ് ഫിക്‌ഷൻ ചിത്രങ്ങളെ ഓർമിപ്പിക്കുന്ന മേക്കിങ് ആണ് ‘മൈ യൂണിവേഴ്സി’ന്റേത്. 

 

ബിടിഎസിലെയും കോൾഡ് പ്ലേയിലെയും പ്രമുഖരെയെല്ലാം ആൽബത്തിൽ കാണാനാകും. സംഗീതത്തിലെ എല്ലാ അതിർത്തികളും ഭേദിക്കപ്പെടുന്നതിന്റെ സൂചനയായാണ് ആൽബത്തിനു ‘മൈ യൂണിവേഴ്സ്’ എന്നു പേരിട്ടത്. എല്ലാ അതിർവരമ്പുകളും ഭേദിച്ചുകൊണ്ട് കോൾഡ് പ്ലേയുടെയും ബിടിഎസിന്റെയും ഈ സംയുക്ത സംഗീത ആൽബം ലോകത്തിലെങ്ങും അലയൊലികൾ തീർക്കുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com