ADVERTISEMENT

ജീവിതത്തിലുടനീളം ഒരുമിച്ചു സഞ്ചരിച്ചിരുന്ന സ്നേഹനിധിയായ സുഹൃത്തിനെ നഷ്ടപെട്ട വേദനയിലാണ് സംഗീതസംവിധായകൻ ഔസേപ്പച്ചൻ. മരണം എന്നത് നിത്യമായ സത്യമാണെങ്കിലും നെടുമുടി വേണുവിന്റെ വിയോഗം തികച്ചും അപ്രതീക്ഷിതവും വേദനാജനകവുമാണെന്ന് അദ്ദേഹം പറയുന്നു. ഉറ്റ സുഹൃത്തിന്റെ വേർപാട് ഹൃദയത്തിലേൽപ്പിച്ച മുറിവ് എക്കാലത്തും ഒരു നീറ്റലായി അവശേഷിക്കുമെന്നും ഔസേപ്പച്ചൻ കൂട്ടിച്ചേർത്തു. നെടുമുടിവേണുവിനെക്കുറിച്ചുള്ള ഓർമകൾ ഔസേപ്പച്ചൻ മനോരമ ഓണ്‍ലൈനിനോടു പങ്കുവച്ചപ്പോൾ. 

 

‘സിനിമയിലേക്കുള്ള എന്റെ രംഗപ്രവേശം ഒരു നടനായിട്ടാണ്. ‘ആരവം’ എന്ന ചിത്രത്തിൽ ഒരു കഥാപാത്രം ചെയ്താണ് ഞാൻ സിനിമയിലേക്കു വന്നത്.  ആരവത്തിലൂടെ വന്ന പുതിയ പ്രതിഭകൾ ആയിരുന്നു ഞാനും നെടുമുടി വേണുവും പ്രതാപ് പോത്തനുമൊക്കെ. വേണു അതിനു മുൻപ് ഏതാനും ചില ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെന്നു തോന്നുന്നു. ‘ആരവം’ സിനിമാ സെറ്റിൽ വച്ച് അറിഞ്ഞതാണ് അദ്ദേഹത്തിനു പാട്ടിനോടുള്ള കമ്പം. വേണുവിന്റെ പാട്ടും ചവിട്ടു നാടകവുമൊക്കെ ഞങ്ങളെ എല്ലാവരെയും ഏറെ രസിപ്പിച്ചിരുന്നു. സംഗീതജ്ഞൻമാരോടെല്ലാം അദ്ദേഹത്തിനു വലിയ സ്നേഹവും ബഹുമാനവുമാണ്.  അദ്ദേഹം ഏതു സംഗീതോപകരണം വായിക്കുന്നതായി അഭിനയിച്ചാലും അത് ഗംഭീരപ്രകടനമായിരിക്കും. ഉള്ളിൽ സംഗീതമുള്ള ആളാണ് വേണു. സംഗീതം പഠിച്ചിട്ടുമുണ്ട്. അദ്ദേഹം മൃദംഗം വായിക്കുന്നതൊക്കെ നമ്മൾ സിനിമയിൽ കണ്ടിട്ടുണ്ടല്ലോ. 

 

ഭരതേട്ടനും വേണുവും ഞാനുമായി വളരെ നല്ല സൗഹൃദമാണ് ഉണ്ടായിരുന്നത്. ‘നിർണ്ണായകം’ എന്ന സിനിമയിലെ അഭിനയം കണ്ടിട്ട് ഞാൻ വേണുവിനെ വിളിച്ച് അഭിനന്ദിച്ചിരുന്നു.  ‘വന്ദനം’ എന്ന സിനിമയിൽ എന്റെ സംഗീതത്തിൽ ‘മേഘങ്ങളേ’ എന്ന പാട്ട് അദ്ദേഹം പാടി. അത് വളരെ വ്യത്യസ്തമായ ഒരു പാട്ടാണ്. പ്രിയന്റെ (പ്രിയദർശൻ) സംവിധാനത്തിൽ മോഹൻലാൽ അസാധ്യമാക്കിയ സിനിമയായിരുന്നു ‘വന്ദനം’. വേണുവിനെക്കൊണ്ട് പാട്ട് പാടിക്കാൻ യാതൊരുവിധ ബുദ്ധിമുട്ടും ഇല്ല. ഞാൻ തെറ്റിച്ചാലും അദ്ദേഹം അത് തിരുത്തും. അസാധ്യ താളബോധമാണ് വേണുവിന്. 

 

ഞാൻ വേണുവിനെ ആദ്യമായി കാണുന്നത് എന്റെ പതിനേഴാം വയസ്സിൽ ആലപ്പുഴയിൽ വച്ചാണ്. അന്ന് ഞാൻ കേരളത്തിലുടനീളം ഗാനമേളയുടെ ഭാഗമായി വയലിൻ പെർഫോമൻസുകൾ നടത്തിരുന്നു. ആ സമയത്ത് ഗാനമേളയുടെ ഇടയ്ക്ക് ഒരു ചെറിയ ഇടവേളയെടുത്ത് മിമിക്രി അവതരിപ്പിക്കും. മിമിക്രിയുടെ വളരെ പ്രാകൃത രൂപം ആരംഭിച്ച കാലമായിരുന്നു അത്. ഒരിക്കൽ ഞാൻ വയലിൻ വായിച്ച ഗാനമേളയുടെ ഇടക്ക് ഒരു മെലിഞ്ഞ ആളും ഒരു പൊക്കം കൂടിയ ആളും മുന്നിലും പിന്നിലും ആയി നിന്ന് മിമിക്രി അവതരിപ്പിച്ചു. അവരുടെ മിമിക്രി ഞാൻ അന്ന് ഒരുപാട് ആസ്വദിക്കുകയും ചെയ്തു. പിൽക്കാലത്താണ് ആ രണ്ടു കലാകാരന്മാർ നെടുമുടി വേണുവും ഫാസിലും ആണെന്നു ഞാൻ തിരിച്ചറി‍ഞ്ഞത്. പിന്നീട് സിനിമയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കിടെ പല തവണ വേണുവിനെ കണ്ടു. അങ്ങനെ ഞങ്ങൾ തമ്മിലുള്ള സൗഹൃദം ദൃഢമായി. കാണാതിരിക്കുമ്പോഴൊക്കെ ഫോൺ ചെയ്തു വിശേഷങ്ങൾ തിരക്കുമായിരുന്നു അദ്ദേഹം.  

 

സംഗീതം, സിനിമ, നാടകം തുടങ്ങി എല്ലാ മേഖലയ്ക്കും മികച്ച സംഭാവനകൾ നൽകിയാണ് നെടുമുടി വേണു കടന്നു പോകുന്നത്. അദ്ദേഹത്തെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ മനസ്സിൽ നിരവധി കഥാപാത്രങ്ങൾ നിറഞ്ഞാടുന്നു. മരണം എന്നത് നിത്യമായ സത്യമാണ്. ശവമഞ്ചത്തിൽ എഴുതിയിരിക്കുന്നതു പോലെ "ഇന്ന് ഞാൻ നാളെ നീ" എന്നതാണ് ഓരോ മരണവും നമ്മെ ഓർമ്മിപ്പിക്കുന്നത്. ഒരിക്കൽ എല്ലാവരും പോകും, പക്ഷ ഇത് അൽപം നേരത്തെ ആയിപ്പോയി’, ഔസേപ്പച്ചൻ പറഞ്ഞു നിർത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com