ADVERTISEMENT

അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതം അവസാനിപ്പിച്ചു നെടുമുടി വേണു വിടവാങ്ങുമ്പോൾ അദ്ദേഹത്തിന്റെ എണ്ണമറ്റ അനശ്വര വേഷങ്ങൾ മലയാളിയുടെ മനസ്സിലേക്ക് ഓടിയെത്തുന്നുണ്ടാവും. മലയാളി ഒരിക്കലും മറക്കാത്ത ഗായകൻ കൂടിയാണ് നെടുമുടി വേണു. അദ്ദേഹം പാടിയതും പാടിയഭിനയിച്ചതുമായ ഒരുപാട് ഈണങ്ങളുണ്ട്. സിനിമയിൽ ഇത്രയും നന്നായി ശാസ്ത്രീയ സംഗീത രംഗങ്ങളിൽ അഭിനയച്ച നടൻ ഉണ്ടാവില്ലെന്നു വേണെങ്കിൽ പറയാം. എന്തായാലും അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തോളം പ്രതിഭ നിറഞ്ഞതായിരുന്നു ആ പാട്ട് ജീവിതവും.

 

നെടുമുടി വേണു തന്റെ രണ്ടാമത്തെ ചിത്രമായ ആരവത്തിലൂടെയാണ് സിനിമയിലെ സംഗീത ജീവിതം തുടങ്ങുന്നത്. അതിലെ നായകനും ഗായകനുമായി അദ്ദേഹം തിളങ്ങി. ആരവത്തിലെ ‘മൂക്കുറ്റി തിരുതാളീ’ എന്ന പാട്ടിലൂടെ നെടുമുടി വേണുവിന്റെ വ്യത്യസ്തമായ ശബ്ദം മലയാള സിനിമാ ലോകത്ത് അടയാളപ്പെടുത്തപ്പെട്ടു. സർവകലാശാലയിലെ ‘അതിരു കാക്കും മലയൊന്നു തുടുത്തേ’ എന്ന പാട്ടാണ് ഗായകൻ എന്ന രീതിയിൽ നെടുമുടി വേണുവിനെ കൂടുതൽ പ്രശസ്തനാക്കിയത്. ജീവതാളവും മരണതാളവും ഉള്ള ഈ പാട്ടാണ് ആ സിനിമയെ പോലും ശ്രദ്ധേയമാക്കിയത്. പ്രണയത്തിന്റെയും വഞ്ചനയുടെയും ലഹരിയുടെയും ഈണമായി അതിരുകാക്കും മല നെടുമുടി വേണുവിന്റെ ശബ്ദത്തിൽ മുഴങ്ങി. അഭിനയജീവിതത്തിന്റെ തിരക്കുകളിൽ പെടുമ്പോഴും ഇടയ്ക്കിടെ പാട്ടിന്റെ ലോകത്തേക്ക് അദ്ദേഹം തിരികെ വന്നു കൊണ്ടിരുന്നു.

 

ഒരു ഗായകനായതു കൊണ്ടാവാം, ഗാനരംഗങ്ങളിൽ അദ്ദേഹത്തിന്റെ അഭിനയം പൂർണത നിറഞ്ഞതായിരുന്നു. ഒരുപാട് മനോഹരമായ ഗാനങ്ങളിൽ അദ്ദേഹത്തിന്റെ സാന്നിധ്യം നമ്മൾ അറിഞ്ഞിട്ടുണ്ട്. അല്ലിയിളം പൂവോ, വെൺപകൽ നുരയോ, പെണ്ണിന്റെ ചെഞ്ചുണ്ടിൽ, നീലമല പൂങ്കുയിലേ, എന്തേ മനസിലൊരു നാണം തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങളുടെ രംഗങ്ങൾക്ക് അദ്ദേഹം ജീവൻ പകർന്നു. യേശുദാസ്, പി. ജയചന്ദ്രൻ, എം. ജി ശ്രീകുമാർ തുടങ്ങി ഏതു ഗായകരുടെ ശബ്ദത്തോടും ശരീരഭാഷ കൊണ്ട് അദ്ദേഹം ഇഴുകി ചേർന്നു. ദേവസഭാതലം, നാദരൂപീണി തുടങ്ങി സിനിമയിലെ ക്ലാസിക്‌ സെമി ക്ലാസിക്‌ ഗാനരംഗങ്ങൾ അദ്ദേഹത്തിലെ നടനെയും ഗായകനെയും ഉയർത്തി കാട്ടുന്നവയായിരുന്നു.  പലപ്പോഴും ദേശീയ അവാർഡ് വേദികളിലടക്കം ഈ ഗാനരംഗങ്ങൾ പ്രത്യേക പരാമർശങ്ങൾ നേടി. 

 

സിനിമയ്ക്ക് പുറത്തും വളരെ സജീവമായ ഒരു സംഗീതജീവിതം അദ്ദേഹത്തിനുണ്ടായിരുന്നു. തന്റെ നാടകത്തിലെ ഗാനങ്ങളും നാടൻപാട്ടുകളും കവിതകളും ഒക്കെയായി അദ്ദേഹം നിരവധി അരങ്ങുകളെ ഉണർത്തിയിട്ടുണ്ട്. നെടുമുടി വേണു പാടിയ കാവാലം നാരായണപ്പണിക്കരുടെ കവിതകൾക്ക് ഇന്നും ആരാധകർ ഏറെയുണ്ട്. സമാനതകളില്ലാത്ത താളബോധം ആയിരുന്നു അദ്ദേഹത്തിന്റെ പാട്ടുകളുടെ ഏറ്റവും വലിയ പ്രത്യേകത. ചിന്തുകളുടെയും നാടൻപാട്ടുകളുടെയും ഈണം മലയാളികളെ വീണ്ടും വീണ്ടും അദ്ദേഹത്തിന്റെ ഇൗണങ്ങളിലേക്കു വിളിച്ചു കൊണ്ട് പോയി. ഒരുപാടു സംഗീത വേദികളിൽ പ്രത്യേക ക്ഷണിതാവായി അദ്ദേഹം നിറഞ്ഞു നിന്നതും ഇതുകൊണ്ടാണ്. അഭിനയത്തിലെ തിരക്കുകൾ കൊണ്ടാവാം നെടുമുടി വേണു ഗാനരംഗത്ത് അത്രയധികം സജീവമാകാതിരുന്നത്. എന്നാൽ അദ്ദേഹം പാടിയതെല്ലാം അത്രയും ആത്മാവുള്ള ഈണങ്ങൾ ആയിരുന്നു, ഒരുപക്ഷേ അദ്ദേഹത്തിലേ നടനോളം പ്രതിഭയുള്ള ഈണങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com