ADVERTISEMENT

നടൻ നെടുമുടി വേണുവിന്റെ മരണം സിനിമാ ലോകത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. സിനിമയുടെ സകല മേഖലകളിലും ഉള്ളവരുമായി വലിയൊരു ആത്മബന്ധം സൂക്ഷിച്ചിരുന്നു അദ്ദേഹം. നെടുമുടി വേണുവുമായുള്ള വർഷങ്ങൾ നീണ്ട ആഴമേറിയ അടുപ്പം ഓർത്തെടുക്കുകയാണ് ഗായകന്‍ ജി.വേണുഗോപാൽ. അദ്ദേഹം തിരികെ വരുമെന്നും സിനിമയിൽ സജീവമാകുമെന്നും ഏറെ പ്രതീക്ഷിച്ചിരുന്നതായി വേണുഗോപാൽ പറയുന്നു. മനോരമ ഓൺലൈനിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ ജി.വേണുഗോപാൽ മനസ്സ് തുറന്നപ്പോൾ.

‘ഒരുപാട് ഓർമ്മകൾ എന്നതിനേക്കാൾ ആഴമുള്ള കുറച്ചോർമകളാണ് എനിക്ക് നെടുമുടി വേണു ചേട്ടനുമായുള്ളത്. 1980കളുടെ തുടക്കത്തിലാണ് ഞാൻ വേണു ചേട്ടനെ ആദ്യമായി കാണുന്നത്. അന്ന് എന്റെ സംഗീതജീവിതത്തിന്റെ തുടക്കകാലം ആയിരുന്നു. അദ്ദേഹം അക്കാലത്ത് സിനിമകളിലൊക്കെ സജീവസാന്നിധ്യമായിരുന്നു. ആകാശവാണിയിൽ കാവാലത്തോടൊപ്പം (കാവാലം നാരായണ പണിക്കർ) മൃദംഗവും പിടിച്ചു നടക്കുന്ന വേണു ചേട്ടനെയാണ് ഞാൻ ആദ്യമായി കണ്ടത്. സിനിമയിൽ തിരക്കുള്ള നടനായിരുന്നപ്പോഴും അദ്ദേഹം കാവാലം കളരി ഉപേക്ഷിച്ചിരുന്നില്ല. ഒരിക്കൽ അദ്ദേഹം സംഘടിപ്പിച്ച വിദേശപരിപാടിയിൽ പാടാൻ എന്നെ ക്ഷണിക്കുകയുണ്ടായി. പ്രതിഫലം എത്രയാണു വേണ്ടതെന്നു ചോദിച്ചപ്പോൾ ഞാൻ ഒരു തുക പറഞ്ഞു. അത് കേട്ട് അദ്ദേഹം പറഞ്ഞു, ‘എടാ ഈ തുക കുറവാണ്, കൂടെ പാടുന്നവർ ഇതിനേക്കാൾ വാങ്ങുന്നുണ്ടല്ലോ’ എന്ന്. തുടർന്ന് അദ്ദേഹം തന്നെ എന്റെ പ്രതിഫലം തീരുമാനിക്കുകയായിരുന്നു. പക്ഷേ എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് ആ പരിപാടി നടക്കാതെ പോയി.

 

ഗായകന്‍ എന്ന നിലയിൽ സജീവമായപ്പോഴാണ് എനിക്ക് ആകാശവാണിയിൽ ജോലി കിട്ടുന്നത്. ഞാൻ അവിടെ പ്രോഗ്രാം എക്സിക്യൂട്ടീവ് ആയി ചേരാൻ തയ്യാറായിരിക്കുന്ന കാര്യം നെടുമുടി വേണു ചേട്ടൻ അറിഞ്ഞു. ഉടൻ അദ്ദേഹം എന്നെ വിളിച്ചു പറഞ്ഞു, ഒരു ഗായകനായി നിൽക്കുമ്പോൾ കിട്ടുന്ന സ്നേഹവും ബഹുമാനവും ഒന്നും ഇങ്ങനെ ഒരു ജീവനക്കാരനായിരുന്നാൽ കിട്ടില്ലെന്ന്. ജോലി ഇല്ലാതെ ജീവിക്കേണ്ടിവരുമെന്ന ഭയം വേണ്ടെന്നു പറഞ്ഞ് ധൈര്യവും തന്നു. സത്യത്തിൽ എനിക്ക് കിട്ടിയ നല്ല ഉപദേശങ്ങളിൽ ഒന്നായിരുന്നു അത്. 

 

വേണു ചേട്ടന്റെ വീട്ടിൽ പോയതും മകനുമായി ചേർന്നു മൃദംഗം വായിച്ചതുമെല്ലാം നല്ല ഓർമയായി എന്നും മനസ്സിൽ ഉണ്ടാകും. ഒരുപാട് തവണ അദ്ദേഹം വീട്ടിലേക്കു ക്ഷണിച്ചിരുന്നെങ്കിലും പലവിധ തിരക്കുകൾ കാരണം എനിക്കു പോകാൻ സാധിച്ചില്ല. എവിടെ വച്ചു കണ്ടാലും പഴയ കഥകളും ഓർമകളും പറയുന്ന ഒരു ശീലവും അദ്ദേഹത്തിനുണ്ടായിരുന്നു.

 

കുറച്ചു ദിവസങ്ങൾക്കു മുൻപ് സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോ ഷൂട്ടിൽവച്ചാണ് അദ്ദേഹത്തെ ഞാൻ അവസാനമായി കണ്ടത്. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതുകൊണ്ട് അദ്ദേഹം വരുമോയെന്ന് അണിയറപ്രവർത്തകരും ഞങ്ങളുമെല്ലാം ഭയന്നിരുന്നു. പക്ഷേ തന്റെ രോഗാവസ്ഥയെ അവഗണിച്ച് എട്ടു മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ അദ്ദേഹം ആ ഫ്ലോറിൽ ഇരുന്നു. മാത്രവുമല്ല മത്സരാർഥികൾക്കൊപ്പം പാട്ട് പാടാനും ആഘോഷിക്കാനുമെല്ലാെ അദ്ദേഹം മുൻപന്തിയിൽ തന്നെയുണ്ടായിരുന്നു. 

 

മലയാള സിനിമയിൽ നാല് ‘വേണു’മാരുണ്ടെന്നു പറയാറുണ്ട്. അതിലൊന്ന് അടിപിടി വേണു (ക്യാമറ മാൻ വേണു) മുടിതടി വേണു (വേണു നാഗവള്ളി) നെടുമുടി വേണു പിന്നെ പാട്ട്പാടി വേണു എന്നു വിളിച്ചിരുന്ന ഞാനും. ഇതിൽ വേണു നാഗവള്ളിയെപ്പോലെ എനിക്കേറ്റവും ആത്മബന്ധമുള്ള ആളായിരുന്നു നെടുമുടി വേണു ചേട്ടനും.

 

അദ്ദേഹത്തിന്റെ ആരോഗ്യ നില കുറച്ചു മോശമാണെന്നു കഴിഞ്ഞ ദിവസങ്ങളിൽ അറിഞ്ഞു. എന്നും ആശുപത്രിയിൽ വിളിച്ചു ഞാൻ വിവരങ്ങൾ അന്വേഷിക്കുന്നുണ്ടായിരുന്നു. കുറച്ച് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിലും അദ്ദേഹം തിരിച്ചു വരും എന്നാണ് ഡോക്ടർ പറഞ്ഞത്. അങ്ങനെ വേണു ചേട്ടൻ തിരിച്ചു വരുമെന്നും സിനിമയിൽ സജീവമാവുമെന്നുമായിരുന്നു എന്റെ വിശ്വാസം. പക്ഷേ അപ്രതീക്ഷിതമായി ഇന്നലെ ആ വിയോഗവാർത്തയെത്തി’. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com