അധ്യാപനം ഉപേക്ഷിച്ച് ഗായകനായ വി.എം.കുട്ടി! മാപ്പിളപ്പാട്ടിന്റെ സുൽത്താൻ മടങ്ങുമ്പോൾ...

vm-kutty-new
SHARE

പുതിയ പരീക്ഷണങ്ങൾ നടത്തി മാപ്പിളപ്പാട്ടിനു ജനകീയരൂപവും ഭാവവും സമ്മാനിച്ചാണ് ഗായകൻ വി.എം.കുട്ടി വിടവാങ്ങുന്നത്. ഏഴാം വയസ്സിൽ മാപ്പിളപ്പാട്ടുകൾ ആലപിച്ചു തുടങ്ങിയ അദ്ദേഹം, ഹൈസ്കൂൾ കാലത്താണ് ആദ്യമായി വേദിയിലെത്തുന്നത്. തുടർന്ന് ഏറെക്കാലം ആകാശവാണിയിൽ പരിപാടികൾ അവതരിപ്പിച്ചു. പഠനശേഷം പ്രൈമറി സ്കൂൾ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചെങ്കിലും മാപ്പിളപ്പാട്ടിനോടുള്ള അഭിനിവേശം കൊണ്ട് ജോലി ഉപേക്ഷിച്ച് മുഴുവൻ സമയ ഗായകനായി മാറുകയായിരുന്നു. 

വി.എം.കുട്ടി പാടിത്തുടങ്ങിയപ്പോൾ അറബി മലയാളത്തിലായിരുന്നു മാപ്പിളപ്പാട്ടുകളെല്ലാം. അവയുടെ പ്രചാരം പക്ഷേ മുസ്‌ലിം സമുദായത്തിൽ മാത്രം ഒതുങ്ങിനിന്നു. മറ്റു മതങ്ങളിലും പെട്ട, പാടാൻ കഴിവുള്ള കുട്ടികളെ തിരഞ്ഞെടുത്ത് അവർക്കു മലയാളത്തിൽ വരികൾ എഴുതി നൽകി ഈണങ്ങൾ പറഞ്ഞുകൊടുത്ത് വി.എം.കുട്ടി ഒരു മാപ്പിളപ്പാട്ട് ഗായകസംഘം തന്നെ രൂപീകരിച്ചു. ആ സംഘം പിന്നീട് ആകാശവാണിയിലെ വിവിധ പരിപാടികളിൽ മാപ്പിളപ്പാട്ടുകൾ അവതരിപ്പിച്ചു. ആകാശവാണിയുമായുള്ള നിരന്തരബന്ധം വി.എം.കുട്ടിയെ അവിടുത്തെ സ്ഥിരം ഗായകനാക്കി മാറ്റി. 

1957 ല്‍ മാപ്പിളഗാന ട്രൂപ്പ് തുടങ്ങി. ആ വർഷം തന്നെ വി.എം.കുട്ടി തന്റെ സംഘാംഗങ്ങളുമായി മാപ്പിളപ്പാട്ടുകൾ പൊതുവേദിയിൽ പാടിത്തുടങ്ങി. ട്രൂപ്പിന്റെ പ്രകടനം ജനശ്രദ്ധയാകർഷിച്ചതോടെ പിന്നെ തിരക്കിന്റെ കാലമായിരുന്നു. ആദ്യകാലത്ത് മലപ്പുറം ജില്ലയിൽ മാത്രം ഗാനമേളകൾ നടത്തിയിരുന്ന വി.എം.കുട്ടി, പിന്നീട് കേരളത്തിനകത്തും പുറത്തുമായി നിരവധി വേദികൾ കീഴടക്കി. അസാമാന്യമായ ആലാപനം അദ്ദേഹത്തെ പെട്ടെന്നു പ്രശസ്തിയിലേക്ക് എത്തിക്കുകയായിരുന്നു. 

വി.എം.കുട്ടി സംഘടിപ്പിക്കുന്ന ഗാനമേളകളുടെ സ്ഥിരം ഉദ്ഘാടകൻ എം.എസ്.ബാബുരാജ് ആയിരുന്നു. ഗായകൻ ഉദയഭാനു ട്രൂപ്പിൽ അതിഥി ഗായകനായും  ഗായിക വിളയിൽ വത്സല ട്രൂപ്പിൽ അംഗമായും എത്തി. 

വേദികളിൽനിന്നു വേദികളിലേക്കുള്ള തിരക്കേറിയ യാത്രയ്ക്കിടയില്‍ വി.എം.കുട്ടി സിനിമയിലും കൈവച്ചു. 1988 ൽ പുറത്തിങ്ങിയ ‘1921’ എന്ന ചിത്രത്തിൽ, മോയിൻകുട്ടി വൈദ്യരുടെ മാപ്പിളപ്പാട്ടിനു സംഗീതം നൽകി. മൂന്ന സിനിമകൾക്കായി ഒപ്പന സംവിധാനം ചെയ്തു. ‘മാർക്ക് ആന്റണി’ എന്ന ചിത്രത്തിൽ ഒരു ഗാനം എഴുതുകയും ആലപിക്കുകയും ചെയ്തു. ‘പരദേശി’ എന്ന ചിത്രത്തിലെ ഗാനരംഗത്തിൽ അഭിനയിച്ചിട്ടുമുണ്ട്.

മാപ്പിളപ്പാട്ടിന്റെ സുൽത്താൻ എന്ന പേരിലാകും ജനഹൃദയങ്ങൾ വി.എം.കുട്ടിയെ എക്കാലവും ഓർമിക്കുക. ആ ശബ്ദത്തിൽ പാടിപ്പതിഞ്ഞ ഇശലുകൾ മധുരം കിനിഞ്ഞ് ഒഴുകിനിറഞ്ഞുകൊണ്ടേയിരിക്കും, ഇനിയുള്ള തലമുറകളിലുടനീളം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA