ഫിറോസ് ഖാന്റെ വീട്ടുജോലിക്കാരി, താരപുത്രന്റെ സംരക്ഷക, ഒടുവിൽ വിവാദം പേറിയ ഗായിക; ശരിക്കും ആരാണ് റാണു മണ്ഡൽ?

ranu-viral-singer-new
SHARE

കൊൽക്കത്തയിലെ റെയിൽവേ സ്റ്റേഷനിലിരുന്ന് ഉപജീവനത്തിനായി പാട്ട് പാടി സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള വിഡിയോയിലൂടെ വൈറലായ റാണു മണ്ഡൽ വീണ്ടും ചർച്ചകളിൽ നിറയുന്നു. അടുത്തിടെ ഗായിക ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. പ്രശസ്തിയിലേക്ക് എത്തുന്നതിനു മുൻപ് താൻ ബോളിവുഡ് താരം ഫിറോസ് ഖാന്റെ വീട്ടുജോലിക്കാരിയായിരുന്നു എന്നാണ് റാണുവിന്റെ വെളിപ്പെടുത്തൽ. താരത്തിന്റെ വീട്ടിലെ പാചകവും മറ്റു ജോലികളുമെല്ലാം ചെയ്യുന്നതിനൊപ്പം താരപുത്രന്റെ സംരക്ഷക കൂടി ആയിരുന്നു താനെന്നും ഗായിക പറയുന്നു. 

സ്വന്തം വീട്ടിലെ ഒരു അംഗത്തെപ്പോലെയാണ് ഫിറോസ് ഖാനും കുടുംബവും തന്നെ പരിഗണിച്ചിരുന്നതെന്നും സ്നേഹപൂർവമായിരുന്നു ഓരോരുത്തരുടെയും പെരുമാറ്റം എന്നും റാണു ഓർമിക്കുന്നു. തനിക്ക് ഹിന്ദി എളുപ്പത്തിൽ വഴങ്ങാത്തതുകൊണ്ടാണ് ഫിറോസ് ഖാന്റെ വീട്ടിലെ ജോലി ഉപേക്ഷിച്ചതെന്നും ഗായിക പറഞ്ഞു.

പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലേയ്ക്ക് എത്തിയ ശേഷം റാണു മണ്ഡലിന്റെ പഴയ ജീവിതാനുഭവങ്ങൾ പലതും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. റാണുവിന്റെ ഭർത്താവ്, വർഷങ്ങൾക്കു മുൻപ് ഫിറോസ് ഖാന്റെ വീട്ടിലെ പാചകക്കാരൻ ആയിരുന്നുവെന്ന തരത്തില്‍ വാർത്തകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ താൻ ആയിരുന്നു വീട്ടുജോലിക്കാരി എന്നു പറഞ്ഞ് സ്വന്തം തൊഴിൽ അനുഭവങ്ങൾ വിവരിച്ചുകൊണ്ടുള്ള റാണുവിന്റെ വെളിപ്പെടുത്തലും പ്രചരിക്കുകയാണ്.

അടുത്തിടെ വൈറലായ ശ്രീലങ്കൻ ഗാനം ‘മനികാ മാകെ ഹിതേ’ ആലപിച്ചതോടെയാണ് റാണു മണ്ഡൽ വീണ്ടും വാർത്തകളിൽ നിറഞ്ഞത്. ആലാപനം അരോചകമാണ് എന്ന വിലയിരുത്തലോടെ റാണുവിനെതിരെ ട്രോളുകളും വിമർശനങ്ങളും ഉയർന്നു. ദീർഘ കാലത്തിനു ശേഷം റാണു വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചാ വിഷയമായതോടെയാണ് പല ജീവിതാനുഭവങ്ങളും പുറത്തു വന്നത്. അവയിൽ പലതിന്റെയും സത്യാവസ്ഥ തിരയുകയാണ് സമൂഹമാധ്യമലോകമിപ്പോൾ. 

ലതാ മങ്കേഷ്കറിന്റെ ‘ഏക് പ്യാർ കാ നഗ്മാ ഹേ’ എന്ന ഗാനം ആലപിച്ചാണ് റാണു മണ്ഡൽ സമൂഹമാധ്യമലോകത്തിനു സുപരിചിതയാകുന്നത്.  പാട്ട് ശ്രദ്ധേയമായതോടെ സംഗീതസംവിധായകൻ ഹിമേഷ് രേഷ്മിയ ‘ഹാപ്പി ഹർദി ആൻഡ് ഹീർ’ എന്ന ചിത്രത്തിൽ പാടാൻ ഗായികയ്ക്ക്  അവസരം കൊടുത്തിരുന്നു. 

പ്രശസ്തിയിലേയ്ക്ക് ഉയർന്നതോടെ ടെലിവിഷൻ ഷോകളിൽ ഉൾപ്പെടെ റാണു മണ്ഡൽ അതിഥിയായെത്തിയിരുന്നു. ഇടയ്ക്ക് വിവാദങ്ങളിലും അകപ്പെട്ടു. പൊതുസ്ഥലത്തു വച്ച് തനിക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച യുവതിയോടു കയർത്തു സംസാരിക്കുന്ന റാണുവിന്റെ വിഡിയോ വിമർശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങിയിരുന്നു. റാണുവിന്റെ മേക്ക്ഓവർ ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA