ADVERTISEMENT

നടി മുക്ത മകളെക്കുറിച്ച് ചാനൽ പരിപാടിയിൽ നടത്തിയ വിവാദ പരാമർശത്തോടു പരസ്യമായി പ്രതികരിച്ച് ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ. കുട്ടികളിൽ ലിംഗ സമത്വം സംബന്ധിച്ച് അടിസ്ഥാന ബോധവത്ക്കരണം നടത്തുന്നതിനെക്കുറിച്ചാണ് ഗായകൻ പ്രതികരണക്കുറിപ്പിൽ പറയുന്നത്. മകൾ അച്ചുവിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് വിഷയത്തിൽ ഹരീഷ് ശിവരാമക‍ൃഷ്ണൻ നിലപാടറിയിച്ചത്. 

 

‘ഇതെന്റെ മകൾ ആണ് അച്ചു. കഴിച്ചു കഴിഞ്ഞ പാത്രം മോറി വെക്കാനും, ബെഡ്ഷീറ്റ് മടക്കി വെക്കാനും ഒക്കെ പറഞ്ഞു കൊടുത്തിട്ടുണ്ട് ഞങ്ങൾ. ഈ പണി ഒക്കെ ഞങ്ങളും (അവളുടെ അപ്പയും അമ്മയും) ചെയ്യാറും ഉണ്ട്, വലിയ ആനകാര്യം ഒന്നുമല്ല അത്‌. പക്ഷേ വർമ സാറേ, ഒരു ചെറിയ കുഴപ്പം ഉണ്ട്, ഇതൊന്നും പറഞ്ഞു കൊടുത്തത് 'ചെന്ന് കേറുന്ന' വീട്ടിലെ ഏതെങ്കിലും പ്രിവിലേജ് മൂത്ത ഒരുത്തന്റെ ജോലിക്കാരിയുടെ തസ്തികയ്ക്ക് അപേക്ഷിച്ചു വിജയിക്കാൻ അല്ല, അവളുടെ സ്വയം പര്യാപ്തതയ്ക്കാണ്.

 

ആൺകുട്ടികളെയും പെൺകുട്ടികളെയും സ്വയം പര്യാപ്തരാക്കാൻ മാതാപിതാക്കൾ ശ്രമിക്കണം, അല്ലാതെ കാലഹരണപ്പെട്ട ജെൻഡർ റോൾസ് പഠിപ്പിച്ചു റെഗ്രെസ്സ് ചെയ്യിക്കരുത്. അത്രയും പക്വത എങ്കിലും കാണിക്കണം അച്ഛനമ്മമാർ’, ഹരീഷ് ശിവരാമകൃഷ്ണന്‍ കുറിച്ചു.

 

അഞ്ചു വയസുകാരി കിയാരക്ക് ഒപ്പമായിരുന്നു മുക്ത ടെലിവിഷൻ പരിപാടിയില്‍ പങ്കെടുത്തത്. മകളെ എന്തൊക്കെ ജോലികളാണ് വീട്ടില്‍ പഠിപ്പിച്ചിരിക്കുന്നത് എന്ന അവതാരകയുടെ ചോദ്യത്തിന് മുക്ത നല്‍കിയ ഉത്തരമാണ് വിവാദമായത്. ‘അവളെ എല്ലാം പഠിപ്പിച്ചിട്ടുണ്ട്. കുക്കിങ്, ക്ലീനിങ് എല്ലാം പഠിപ്പിച്ചിട്ടുണ്ട്,’ എന്നായിരുന്നു മുക്തയുടെ മറുപടി.

 

‘ഇതെന്താ ബാലവേലയാണോ’ എന്നായി പരിപാടിയിലുണ്ടായിരുന്ന ബിനു അടിമാലിയുടെ സംശയം. ‘അല്ല, പെണ്‍കുട്ടികള്‍ ഇതെല്ലാം ചെയ്തു പഠിക്കണം ചേട്ടാ… ആര്‍ടിസ്റ്റൊക്കെ കല്ല്യാണം കഴിയുന്നതു വരെയേ ഉള്ളൂ. അതു കഴിഞ്ഞ് നമ്മള്‍ വീട്ടമ്മ ആയി. നമ്മള്‍ ജോലി ചെയ്തു തന്നെ പഠിക്കണം. ഇവള്‍ വേറെ വീട്ടില്‍ കേറി ചെല്ലാനുള്ളതല്ലേ’ എന്നായിരുന്നു മുക്തയുടെ മറുപടി. ഇതാണ് വിവാദമായത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com