‘മഞ്ഞിൽ വിരിഞ്ഞ പൂവുണ്ടോ എന്ന ചോദ്യം ഒടുവിൽ ഫാസിലിന്റെ ആദ്യ ചിത്രത്തിന്റെ പേരായി’

fazil-bichu
SHARE

ആലപ്പുഴ ബ്രദേഴ്സ് ഹോട്ടലിലെ മുറിയിൽ നിന്ന് സംവിധായകൻ ഫാസിലിന് ഒരു ഫോൺ വിളി വന്നു – ‘ഒന്ന് ഇതുവരെ വരുമോ?’ മറുപുറത്ത് ഗാനരചയിതാവ് ബിച്ചു തിരുമലയാണ്. ‘പപ്പയുടെ സ്വന്തം അപ്പൂസ്’ എന്ന ഫാസിൽ സിനിമയ്ക്കു പാട്ടെഴുതാൻ ബിച്ചു എത്തിയിട്ടു ദിവസങ്ങളായി. ഏത് ഈണത്തിനൊപ്പിച്ചും നിമിഷങ്ങൾ കൊണ്ടു നിഷ്പ്രയാസം വരികളൊരുക്കുന്ന ബിച്ചു, ഇളയരാജ നൽകിയ ഈണത്തിൽ എഴുതിയ വരികളൊന്നും ഫാസിലിന് തൃപ്തി നൽകിയില്ല. അങ്ങനെയിരിക്കുമ്പോഴാണ് ആ ഫോൺ വിളി വന്നത്.

ഫാസിൽ വേഗം ബ്രദേഴ്സ് ഹോട്ടലിലെ മുറിയിലെത്തി. ബിച്ചു തിരുമല ഒരു കടലാസെടുത്ത് എഴുതിയ വരികൾ പാടി –

‘ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപ്പൈങ്കിളീ... എന്റെ

ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്പം പാടെടീ...’

വരികൾ കേട്ട് ഫാസിലിന്റെ മുഖം വിടർന്നു. എവിട‍ുന്നു കിട്ടി ഈ ബാലഗോപാലനും ചെല്ലപ്പൈങ്കിളിയും എന്ന ആശ്ചര്യം ഫാസിലിന്റെ മുഖത്തു നിന്നു വായിച്ചെടുത്ത ബിച്ചു കഥ പറയാൻ തുടങ്ങി.

‘ഞാൻ വെള‍ുപ്പാംകാലത്ത് എഴുന്നേറ്റതാണ്. എഴുതുന്നതിനു മുൻപു കുളിക്കണോ വേണ്ടയോ എന്ന് ആലോചിച്ച് കുറച്ചു നേരം ഇരുന്നു. അപ്പോഴാണ് മനസ്സിൽ ഒരു ചിത്രം തെളിഞ്ഞുവന്നത്. എന്റെ അനിയനുണ്ട്, ബാലഗോപാലൻ. ചെറുപ്പത്തിലെ മരിച്ചുപോയതാണ്. അവനെ അമ്മ എണ്ണതേപ്പിച്ചു കുളിപ്പിക്കുന്ന രംഗമാണ് മനസ്സിൽ വന്നത്. ഇളയരാജയുടെ ഈണവും ആ രംഗവും ചേർന്നപ്പോൾ വരികൾ ഇങ്ങു പോന്നു’– ഫാസിൽ ഓർമയിൽ നിന്ന് ആ സംഭവം വിവരിക്കുമ്പോൾ അന്നത്തെ കൗതുകം ഇപ്പോഴും കുളിർമയോടെ അനുഭവിക്കുന്നുണ്ടായിരുന്നു.

∙ വൃക്ഷത്തലപ്പിലെ മഞ്ഞിൻ തുള്ളിയിൽ ഒരു സിനിമാപ്പേര്

ഫാസിൽ ആദ്യ സിനിമയ്ക്ക് ഒരുക്കം തുടങ്ങിയ കാലം. പുതിയ സംഗീത സംവിധായകൻ ജെറി അമൽദേവിന് വരികൾക്കൊപ്പിച്ച് ഈണം നൽകുന്നതിനെക്കാൾ എളുപ്പം ആദ്യം ഈണമിട്ട് അതിനൊപ്പിച്ച് പാട്ടൊരുക്കുന്നതാകുമെന്ന് എല്ലാവർക്കും മനസ്സിലായി. ഈണത്തിനൊത്തു പാട്ടെഴുതണമെങ്കിൽ അക്കാലത്ത് ബിച്ചു തിരുമലയല്ലാതെ മറ്റൊരു പേര് മനസ്സിൽ വരാത്ത കാലം. ‘അങ്ങാടി’യിലെ ‘പാവാട വേണം മേലാട വേണം...’ എന്ന പാട്ട് വലിയ ഹിറ്റായി നിൽക്കുന്ന കാലമാണ്.

പാട്ടെഴുതാനെത്തിയ ബിച്ചു തിരുമലയ്ക്കും സംഗ‍ീതസംവിധായകൻ ജെറി അമൽദേവിനും ആലപ്പുഴ റെസ്റ്റ് ഹൗസിൽ മുറിയെടുത്തു നൽകി. ഒരു ദിവസം സംവിധായകൻ എത്തുമ്പോൾ സിനിമയിലെ പ്രധാനപ്പെട്ട പാട്ട് എഴുതിക്കഴിഞ്ഞിരുന്നു ബിച്ചു തിരുമല. 

‘മ‍ിഴിയോരം നനഞ്ഞൊഴുകും മുകിൽ മാലകളോ...’ എന്നു തുടങ്ങുന്ന കവിത തുളുമ്പുന്ന ഗാനം. അതിലെ ഒരു വരിയിൽ സംവിധായകൻ പിടിത്തമിട്ടു. 

‘മഞ്ഞിൽ വിരിഞ്ഞ പൂവേ... പറയൂ നീ.. ഇളം പൂവേ...’

മഞ്ഞിൽ വിരിഞ്ഞ പൂവോ? അങ്ങനെയൊരു പൂവുണ്ടോ? എല്ലാ പൂക്കളും മഞ്ഞു കാലത്ത് കൊഴിഞ്ഞ് അടുത്ത വസന്തത്തിനു വഴിയൊരുക്കുകയല്ലേ ചെയ്യുന്നത്. അതല്ലേ പ്രകൃതി നിയമം?

സംവിധായകന്റെ ചോദ്യം ഇങ്ങനെ പോയി. അതിനു ബിച്ചു തിരുമല പറഞ്ഞത് അന്നു പുലർച്ചെയുണ്ടായ ഒരു അനുഭവത്തെപ്പറ്റിയായിരുന്നു.

‘ഞാൻ രാവിലെ നടക്കാനിറങ്ങ‍ി. ആലപ്പുഴയിലെ കനാലിന്റെ അരികിലൂടെ നടക്കുമ്പോൾ നല്ല മഞ്ഞുണ്ടായിരുന്നു. മഞ്ഞുതുള്ളികൾ മരത്തലപ്പുകളിൽ തങ്ങി നിൽക്കുന്ന ഹൃദ്യമായ കാഴ്ച. അപ്പോൾ നല്ല പൂക്കൾ കൂടി വിരിഞ്ഞിട്ടുണ്ടായിരുന്നെങ്കിൽ എന്തു മനോഹരമായിരുന്നേനെ. ആ ചിന്തയിൽ നിന്നാണ് ‘മഞ്ഞിൽ വിരിഞ്ഞ പൂവേ’ എന്ന വരിയുണ്ടായത്.’

കവിയുടെ അനുഭവം സംവിധായകന്റെ മനസ്സിലും ഒരു പൂവിരിയിച്ചു. സ‍ിനിമയുടെ കഥയിൽ നായകനും നായികയും തമ്മിലുള്ള പ്രണയമുണ്ടെങ്കിലും അവർ ഒരിക്കലും സന്തോഷമുള്ള ജീവിതം എന്ന വസന്തത്തിലേക്കെത്തുന്നില്ല. അതിനു മുൻപ് ആ വിടർന്ന പൂക്കൾ കൊഴിഞ്ഞു വീഴുകയാണ്. മഞ്ഞിൽ വിരിയുന്ന പൂവാണെങ്കിൽ അതു വസന്തത്തിനു മുൻപു കൊഴിയുമല്ലോ. അപ്പോൾ കഥയുമായി ഏറ്റവും ചേർന്നു നിൽക്കുന്ന, വളരെ അർഥവത്തായ പേര് ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്നാണല്ലോ. അങ്ങനെ, ഫാസിൽ ആദ്യ സിനിമയുടെ പേരിട്ടു– ‘മഞ്ഞിൽ വിരിഞ്ഞ പൂക്കള്‍.’

∙ പഴംതമിഴ് പാട്ടിനുള്ളിലെ മണിച്ചിത്രത്താഴ്

തന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളായ രണ്ടു സിനിമകൾക്കു പേര് കണ്ടെത്താൻ  സഹായിച്ചത് ബിച്ചു തിരുമല എന്ന എഴുത്തുകാരനാണെന്നു ഫാസിൽ പറയും. അതിലൊന്ന് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ആദ്യ ചിത്രമാണ്. രണ്ടാമത്തേത്, മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് സിനിമകളിലൊന്നായി മാറിയ ‘മണിച്ചിത്രത്താഴ്’ ആണ്. അതിന്റെ കഥ ഫാസിലിന്റെ വാക്കുകളിൽ :

‘മണിച്ചിത്രത്താഴ് സിനിമയ്ക്കു വേണ്ടി പാട്ടൊരുക്കാൻ ബിച്ചു തിരുമലയും എം.ജി.രാധാകൃഷ്ണനും ഒന്നിച്ചു. തെക്കിനിയിൽ നിന്നു നാഗവല്ലി പാടുന്നതായി കേൾക്കുന്ന ഗാനം ആണ് ആദ്യം തയാറാക്കിയത്. രാധാകൃഷ്ണൻ ഈണമിട്ടു. അതിനനുസരിച്ച് ബിച്ചു എഴുതി – 

‘പഴംതമിഴ് പാട്ടിഴയും ശ്രുതിയിൽ 

പഴയൊരു തമ്പുരു തേങ്ങി... 

മണിച്ചിത്രത്താഴിനുള്ളിൽ വെറുതെ

നിലവറ മൈന മയങ്ങി..’

രാധാകൃഷ്ണൻ ആ പാട്ട് മധുരമായി പാടുന്നതു കേട്ട് ഞാൻ ലയിച്ച് ഇരുന്നുപോയി. മനോഹരമായ ഈ പാട്ട് പാടേണ്ടത് യേശുദാസ് ആണല്ലോ എന്ന‍ാണ് ഞാൻ ചിന്തിച്ചത്. അങ്ങനെ, മറ്റൊരു സന്ദർഭമുണ്ടാക്കി ദാസേട്ടന് ഈ പാട്ടു നൽകാനും തെക്കിനിയിൽ നിന്നു കേൾക്കേണ്ട പാട്ടിന് ഇതേ ഈണത്തിൽ മറ്റൊരു ഗാനം തയാറാക്കാനും ധാരണയായി. ‘ഒരു മുറൈവന്തു പാർത്തായാ...’ എന്ന ഗാനം തെക്കിനിയിൽ നിന്നുള്ള ഗാനമായി ചിട്ടപ്പെടുത്തി.

‘പഴംതമിഴ് പാട്ടിഴയും’ എന്ന പാട്ടിലെ ഒരു വാക്ക് എന്നെ വളരെ ചിന്തിപ്പിച്ചു. അതാണ് ‘മണിച്ചിത്രത്താഴ്’ എന്ന സിനിമയുടെ പേരായി മാറിയത്. മണി എന്ന വാക്കിന് മനസ്സുമായി ബന്ധമുണ്ട്. ചിത്രം എന്ന വാക്കിന് ചിത്തം എന്ന വാക്കുമായി ബന്ധമുണ്ട്. മനസ്സിനെ താഴിട്ടു പൂട്ടിയ ഒരു ദൃശ്യം ‘മണിച്ചിത്രത്താഴ്’ എന്ന വാക്കിലൂടെ എന്റെ മനസ്സിലേക്കെത്തി.–’ ഫാസിൽ പറഞ്ഞു.

∙ പുതിയ വാക്കുകളുടെ നായകൻ

ഓരോ പാട്ടിലും അതുവരെ പ്രയോഗിച്ചിട്ടില്ലാത്ത പുതുമയുള്ള വാക്കുകൾ ഉപയോഗിക്കാനാകുന്നവിധം വൈവിധ്യമുള്ളതും വിപുലമായതുമായ പദസമ്പത്തിന്റെ ഉടമയായിരുന്നു ബിച്ചു തിരുമല എന്നു ഫാസിൽ  പറയുന്നു. അതിനെപ്പറ്റി ഒരിക്കൽ   ഫാസിൽ ബിച്ചു തിരുമലയോടു ചോദിച്ചു. 

സിനിമയിൽ പാട്ടെഴുതാൻ തുടങ്ങുന്നതിനു മുൻപ് കുറച്ചുകാലം ബിച്ചു തിരുമല തിരുവനന്തപുരത്തു നിന്നു മാറിത്താമസിക്കാനിടയായിരുന്നു. ധാരാളം വായിക്കാന്‍ അവസരം കിട്ടിയപ്പോൾ പുതിയ വാക്കുകൾ കണ്ടെത്താനും അതിനു പിന്നാലെ സഞ്ചരിക്കാനുമായിരുന്നു തനിക്കു പ്രിയമെന്നു ബിച്ചു പറഞ്ഞു. അക്കാലം മുതൽ സംഭരിച്ച വാക്കുകളുടെ അണക്കെട്ട് ഈണത്തിന്റെ മഴ പെരുകുമ്പോഴെല്ലാം ബിച്ചു ഷട്ടർ തുറന്നുവിട്ടു. അതു നല്ല പാട്ടുകളുടെ വെള്ളപ്പൊക്കമാണ് മലയാളത്തിനു സമ്മാനിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA