മരിച്ചു പോയ അനിയൻ ബാലഗോപാലനെക്കുറിച്ച് ബിച്ചു എഴുതി; ’ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളീ, എന്റെ...’

bichu-thirumala-song
SHARE

ബിച്ചു തിരുമലയ്ക്ക് അന്ന് മൂന്നരവയസ്. അനിയൻ രണ്ടര വയസുകാരൻ ബാലഗോപാലനാണ് പ്രിയ കളിക്കൂട്ടുകാരൻ. പട്ടാഴി മണ്ണടിക്കാവ് ക്ഷേത്രത്തിനടുത്തുള്ള വേടമല എസ്റ്റേറ്റിലായിരുന്നു താമസം. ഒരു ദിവസം രാത്രി ബാലു കഠിനമായ എന്തോ വേദനകൊണ്ടു പുളഞ്ഞുകരഞ്ഞു. പതിനാല് കിലോമീറ്റർ അപ്പുറമാണ് വൈദ്യൻ താമസിക്കുന്നത്. വൈദ്യനെ വിളിച്ചുകൊണ്ടുവരാൻ ബന്ധു അപ്പോൾത്തന്നെ സൈക്കിളുമായി പുറപ്പെട്ടു. പക്ഷേ, വൈദ്യൻ അന്ന് വീട്ടിൽ ഉണ്ടായിരുന്നില്ല. രാവിലെ ബിച്ചു ഉറക്കമുണർന്നു നോക്കുമ്പോൾ കുഞ്ഞനിയൻ ചുവന്ന പട്ട് പുതച്ചു കിടക്കുകയാണ്. തനിക്ക് അതുപോലൊരു പട്ട് കിട്ടിയില്ലല്ലോ എന്നായിരുന്നു അന്ന് ബിച്ചുവിന്റെ സങ്കടം. ബാലുവിനെ കുഴിയിൽ വച്ച് മണ്ണിട്ട് മൂടിയപ്പോൾ അവൻ നാളെ മുളച്ചു വരുമെന്ന് ബിച്ചു കരുതി. ആ പ്രതീക്ഷയിൽ ബിച്ചു കാത്തിരുന്നു, ‘ആയിരം കണ്ണുമായി’ കാത്തിരുന്നു.

ഇളം മനസിന്റെ നോവ് ബിച്ചുവിനോളം അറിഞ്ഞ കവികൾ വേറെയുണ്ടാവില്ല. പിഞ്ചുവിരലിൽ നിന്നും പിടിവിട്ടു പറന്നകന്ന ഒരു കുഞ്ഞിളംകിളിക്കു കൊടുത്തുതീർക്കാൻ കഴിയാതെപോയ സ്നേഹമായിരിക്കാം മലയാളത്തിലെ എക്കാലത്തെയും മികച്ച താരാട്ടുപാട്ടുകൾ അദ്ദേഹത്തെക്കൊണ്ട് എഴുതിച്ചത്. കുട്ടിക്കളികൾ പാതിയാക്കി പിരിഞ്ഞുപോയ കുഞ്ഞനിയനോടുള്ള കൂട്ടുചേരാനുള്ള കൊതിയാകാം മലയാളം കണ്ട ഏറ്റവും സുന്ദരമായ കുട്ടിപ്പാട്ടുകളായി ബിച്ചുവിൽനിന്നു പിറന്നത്. അതുകൊണ്ടായിരിക്കാം, ബിച്ചുവിന്റ പ്രേമഗാനങ്ങളിൽപ്പോലും പ്രധാനവികാരം വാത്സല്യമായി മാറുന്നത്. 

ഒരു ഗാനത്തിൽ മാത്രമേ ബാലുവിനെക്കുറിച്ച് അദ്ദേഹം നേരിട്ടു പറയുന്നുള്ളൂ.

അന്ന് ബിച്ചു ആലപ്പുഴയിെല ലോഡ്ജിലായിരുന്നു. പപ്പയുടെ സ്വന്തം അപ്പൂസിനുവേണ്ടി എഴുതേണ്ട താരാട്ടിന്റെ ഈണം കയ്യിലുണ്ട്. എത്ര ശ്രമിച്ചിട്ടും വരികളൊന്നും ശരിയാകുന്നില്ല. പുലർച്ചെ നാലുമണിയായപ്പോൾ അവിചാരിതമായി മനസിലേക്കെത്തിയ അനിയന്റെ ഓർമകൾ അദ്ദേഹത്തെ വല്ലാതെ നോവിക്കാൻ തുടങ്ങി. ആ വികാരവിക്ഷോഭത്തിൽ പാട്ടിന്റെ വരികൾ ഉയിരെടുത്തു.

‘ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളീ, 

 

എന്റെ ബാലഗോപാലനെ എണ്ണതേപ്പിക്കുമ്പം പാടെടീ...’

ഇത് ഒരു പാട്ടിന്റെ മാത്രം കാര്യമാണെന്നു കരുതാനാവില്ല. ബിച്ചുവിന്റെ മനസിൽ ഒരു കുട്ടിയുണ്ട്. നികത്താനാവാത്ത നഷ്ടം തന്നൊരു കുട്ടിക്കാലമുണ്ട്. തിരിച്ചറിവില്ലാത്ത പ്രായത്തിൽ സംഭവിച്ച മുറിവ് തിരിച്ചറിവേറുംതോറും വലുതാകുന്ന വേദനയുണ്ട്. കയ്പേറിയ അനുഭവങ്ങളെ മറികടന്ന് എത്തുന്നതുകൊണ്ടായിരിക്കാം അദ്ദേഹത്തിന്റെ താരാട്ടുപാട്ടുകൾ  ഇത്രയ്ക്ക് മധുരിക്കുന്നത്, കുട്ടിപ്പാട്ടിൽ  ഇത്രയ്ക്കു കൗതുകം നിറഞ്ഞത്.

ആരാരോ ആരിരാരോ അച്ഛന്റ മോളാരാരോ,  ഉണ്ണിയാരാരിരോ തങ്കമാരാരിരോ....,രാവു പാതി പോയ് മകനേ ഉറങ്ങു നീ.., കണ്ണനാരാരോ ഉണ്ണി കൺമണിയാരാരോ.....കണ്ണോടു കണ്ണോരം നീ കണിമലരല്ലേ... എൻപൂവേ പൊൻപൂവേ ആരീരാരം പൂവേ... മലയാളചലച്ചിത്രങ്ങളിലെ മാധുര്യമൂറുന്ന താരാട്ടുകൾ മിക്കവയും ബിച്ചു തിരുമല എഴുതിയതാണ്.

1977ൽ പുറത്തിങ്ങിയ ആരാധന എന്ന സിനിമയ്ക്കുവേണ്ടിയാണ് ‘ആരാരോ ആരിരാരോ...’എഴുതിയത്. കെ.ജെ ജോയിയുടെ ഈണത്തിൽ യേശുദാസും എസ് ജാനകിയും പാടിയപ്പോൾ മലയാളത്തിലെ ഏറ്റവും മികച്ച താരാട്ടുപാട്ടുകളിലൊന്നായി അത്.

അമ്മയ്ക്കു നീ തേനല്ലേ

 

ആയിരവല്ലി പൂവല്ലേ..

 

മഞ്ഞിറങ്ങും മാമലയിൽ

 

മയിലുറങ്ങീ മാനുറങ്ങീ,

 

കന്നിവയൽപ്പൂവുറങ്ങീ

 

കൺമണിയേ നീയുറങ്ങൂ...

പാട്ടിന്റെ ഈണം മാത്രമല്ല, കുന്നിമണികൾ നിരത്തിവച്ചതുപോലുള്ള  കുഞ്ഞുവരികളും അതു കേൾക്കുന്ന ഇളംമനസിൽ പതിയും.

‘ഉണ്ണിയാരാരിരോ തങ്കമാരാരിരോ, എന്റെ പിഞ്ചോമനപ്പൂങ്കുരുന്നാരാരിരോ...’ ‘അവളുടെ രാവുകൾ’ എന്ന ചിത്രം ഓർമിക്കപ്പെടേണ്ടത് ഹൃദയസ്പർശിയായ ഈ താരാട്ടുകൊണ്ടുകൂടിയാകണം. എ.ടി ഉമ്മറിന്റെ ഈണത്തിൽ വാത്സല്യം വഴിഞ്ഞൊഴുകുന്നു. എസ്.ജാനകിയുടെ ശബ്ദത്തിലെ മാതൃഭാവം അതിന്റെ മാറ്റ് കൂട്ടൂന്നു.

നായകൻ നായികയെ ആണ് പാടിഉറക്കുന്നതെങ്കിലും ‘കിലുക്കം’ സിനിമയിലെ ‘കിലുകിൽ പമ്പരം തിരിയും മാനസം....’, ‘കളിപ്പാട്ടം’ എന്ന സിനിമയിലെ ‘കൊഞ്ചി കൊഞ്ചി കൊഞ്ചി കിളിയേ പറന്നുവാ...’എന്നിവയും തികഞ്ഞ താരാട്ടുപാട്ടുകൾ തന്നെ.

പാട്ടിലെ സിനിമ

‘കണ്ണോടു കണ്ണോരം നീകണിമലരല്ലേ,

 

കാതോടു കാതോരം  തേനൊലിയല്ലേ...’

ഇതിലുമധികം എങ്ങനെയാണ് ഒരു കുഞ്ഞിനെ ചേർത്തുപിടിക്കാനാവുക?

‘അകലെയേതോ പൂവനിയിൽ വിരിഞ്ഞുവെന്നാലും’ എന്നൊരു വരികൂടി ചേർക്കുമ്പോൾ ‘എൻറെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്’ എന്ന രണ്ടരമണിക്കൂർ ചലച്ചിത്രം രണ്ടു വരികളിൽ സംഗ്രഹിക്കപ്പെടുന്നു. ഏതൊരു ചലച്ചിത്രകാരനെ സംബന്ധിച്ചും ബിച്ചു തിരുമല എന്ന ഗാനരചയിതാവ് ഒരു അമൂല്യസമ്പത്തായി മാറുന്നത് ഇങ്ങനെയാണ്. ചലച്ചിത്ര സന്ദർഭവുമായി അത്രമേൽ ലയിച്ചു ചേർന്നിരിക്കും അദ്ദേഹത്തിന്റെ വരികൾ.

‘ഉണ്ണികളേ ഒരു കഥപറയാം ഈ പുല്ലാങ്കുഴലിൻ കഥപറയാം...’, ‘കണ്ണാന്തുമ്പീ പോരാമോ എന്നോടിഷ്ടം കൂടാമോ...’ എന്നീ പാട്ടുകളും  സിനിമയുടെ മുഴുവൻ മൂഡ് ഉൾക്കൊളളുന്നവയാണ്.

പ്രണയത്തിലും വാത്സല്യം

ബിച്ചു തിരുമലയുടെ ചില പ്രണയഗാനങ്ങളിൽപ്പോലും മുന്നിട്ടുനിൽക്കുന്ന വികാരം വാൽസല്യമല്ലേ എന്നു തോന്നിപ്പോകും.  പ്രണയത്തെയും വിരഹത്തെയും ഏറ്റവും തീവ്രമായി ആവിഷ്കരിച്ച മലയാള ചലച്ചിത്രങ്ങളിൽ ഒന്നാണ് ‘പൂമുഖപ്പടിയിൽ നിന്നെയുംകാത്ത്’.

‘കൊഞ്ചി കരയല്ലേ.. മിഴികൾ നനയല്ലേ...ഇളമനമുരുകരുതേ...’

കൂട്ടിലെ പൈങ്കിളിയോടാണ് പറയുന്നതെങ്കിലും കേൾക്കേണ്ടത് കാമുക ഹൃദയമാണ്...ഉരുകുന്ന ‘ഇളം മന’ത്തെക്കുറിച്ചാണ് ഇവിടെയും കവിയുടെ വേദന.

‘പൂങ്കാറ്റിനോടും കിളികളോടും കഥകൾ ചൊല്ലി നീ, 

 

കളികൾ ചൊല്ലി കാട്ടൂപൂവിൻ കരളിനോടും നീ...’

ബിച്ചുതിരുമലയുടെ തൂലികയിൽ പ്രേമം ഒരു കുട്ടിക്കളിപോലെ നിർമലവും നിഷ്കളങ്കവുമാണ്. ഇളയരാജയുടെ സംഗീതവും യേശുദാസ്–എസ്. ജാനകിമാരുടെ ശബ്ദവും ഒന്നിച്ച  ഈ ചിത്രത്തിലെ ഗാനങ്ങൾ ശ്രോതാക്കൾ ഹൃദയംകൊണ്ടു കേട്ടു.

‘ആലിപ്പഴം പെറുക്കാൻ പീലിക്കുട നിവർത്തി

 

പൂങ്കുരുവി പൂവാങ്കുരുവി പൊന്നോലാഞ്ഞാലിക്കുരുവി

 

ഈ വഴിവാ.....’–

കുട്ടികൾ ഇത്രയും തിമിർത്ത് ആഘോഷിക്കുന്ന മറ്റൊരു ഗാനം മലയാളത്തിലുണ്ടോ?

‘അപ്പൂപ്പൻ താടിയിൽ ഉപ്പിട്ടുകെട്ടുന്ന ചെപ്പടി വിദ്യകാണാം...

തലകീഴായ് നീന്താം’– ‘മൈഡിയൽ കുട്ടിച്ചാത്ത’നിലെ പാട്ടിൽ ഇളയരാജയുടെ ചടുല സംഗീതം അടുത്ത വരികളിലെത്തുമ്പോൾ ഇളം മനസുകൾ കുതിച്ചുചാടും... ഇനി ഒരു മാർഗമേയുള്ളൂ– ‘കൈയോടു കൈ ചേർത്തു കൂത്താടാം....’

‘ആളൊരുങ്ങി അരങ്ങൊരുങ്ങീ....’, ‘ചിന്നക്കുട്ടി ചെല്ലക്കുട്ടി തങ്കക്കട്ടീ....’, ‘തത്തപ്പെണ്ണേ തഞ്ചത്തിൽ വാ....’, ‘കട്ടുറുമ്പേ വായാടി നെയ്യുറുമ്പേ....’,  ‘എട്ടപ്പം ചുടണം ചുട്ടപ്പം വരണം....’, ‘ചെപ്പടിക്കാരനല്ലാ അല്ലല്ലാ....’, ‘കാക്കാ പൂച്ച കൊക്കരക്കോഴി വാ ഒട്ടകം ആന മൈനേ....’–  മലയാള സിനിമയിലെ എണ്ണംപറഞ്ഞ കുട്ടിപ്പാട്ടുകൾ എല്ലാം പിറന്നത് ഒരേ തൂലികയിൽനിന്നാണ്. ഈണത്തിന്റെ പോരായ്മകൊണ്ടു ശ്രദ്ധിക്കപ്പെടാതെ പോയ ബിച്ചുവിന്റെ രചനകൾ ഇവയുടെ പലമടങ്ങുണ്ടെന്നതാണ് നിർഭാഗ്യകരം.

‘ലല്ലലം ചൊല്ലുന്ന ചെല്ലക്കിളികളെ വേടൻ കുടുക്കു’ന്ന ഒന്നാന്തരം ഒരു കുട്ടിക്കഥയാണ് ‘വിയറ്റ്നാം കോളനി’യിലെ പാട്ടിൽ ബിച്ചു പറയുന്നത്. ‘ഇണ’ എന്ന ഐവി ശശി ചിത്രത്തിൽ ബിച്ചു എഴുതിയ ‘കിനാവിന്റെ വരമ്പത്ത്, മഴബന്ന സമയത്ത്....’ എന്ന പാട്ടിൽ കഥ ഒന്നല്ല മൂന്നെണ്ണമാണ് ഉള്ളത്. 

ചെപ്പടിക്കുന്നിൽ ചിന്നിച്ചിണുങ്ങും ചക്കരപ്പൂവേ....ഒരുതലമുറയെ നൊടിയിടയിൽ അവരുടെ കുട്ടിക്കാലത്ത് എത്തിക്കുന്ന ടൈംമെഷീനാണ് ഈ പാട്ട്. തൊണ്ണൂറുകളുടെ മധ്യത്തിൽ ദൂരദർശൻ സംപ്രേക്ഷണം ചെയ്തിരുന്ന ജംഗിൾബുക്ക് എന്ന പരമ്പരയുടെ തുടക്കഗാനം. വരികൾ ബിച്ചുവിന് മാത്രം സാധിക്കുന്നത്. മാന്ത്രിക ഈണം മോഹൻ സിത്താരയുടേതും.

‘പച്ചക്കറിക്കായത്തട്ടിൽ ഒരു മുത്തശ്ശി പൊട്ടറ്റോ ചൊല്ലി,

 

കുഞ്ഞോളേ കുമ്പാളീ മാമുണ്ടു ചായുറങ്ങൂ.....’

എന്ന് ബിച്ചു എഴുതുമ്പോൾ അതിൽ കഥയുണ്ട്, താരാട്ടുണ്ട്, വാവയെ മാമൂട്ടാനുള്ള ചെപ്പടിവിദ്യകൾ എല്ലാമുണ്ട്...

സ്വന്തം പേരി‍ൽപോലും കുട്ടിത്തം നിറച്ച ബിച്ചൂ... പിഞ്ചുഹൃദയങ്ങളിൽ ഇത്രയധികം ആനന്ദം നിറച്ചൊരു പാട്ടുകാരൻ മലയാളത്തിൽ മറ്റൊരാളില്ല...

ഇനിയും അക്ഷരങ്ങൾ എഴുതിത്തുടങ്ങാത്ത ഓമൽകൈകളുടെ പേരിൽ, വാക്കുകൾ കൂട്ടിച്ചൊല്ലാത്ത കുഞ്ഞധരങ്ങളുടെ പേരിൽ പ്രിയ പാട്ടെഴുത്തുകാരനു പ്രണാമം!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മരക്കാർ കാവലിന് ഭീഷണിയാകുമോ? | Nithin Renji Panicker | Ranjin Raj | Rachel David

MORE VIDEOS
FROM ONMANORAMA