ADVERTISEMENT

1955 ൽ കേരളം വിട്ട ഞാൻ 1980 ൽ മടങ്ങിയെത്തിയപ്പോഴാണ് ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ലെ ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നത്. മലയാള സിനിമയുടെ വളർച്ചയോ പുതിയ കാലത്തിന്റെ ശൈലിയോ ഒന്നും എനിക്കു പരിചിതമായിരുന്നില്ല. തുടക്കക്കാരനായിട്ടും ബിച്ചുവിനു മുന്നിൽ ഞാൻ ആദ്യമായി വച്ചതൊരു നിബന്ധനയാണ്–അതിഖരാക്ഷരങ്ങളും ഘോഷാക്ഷരങ്ങളും ഗാനങ്ങളിൽ ഉപയോഗിക്കരുത്. തലകുലുക്കി സമ്മതിച്ച ബിച്ചു ഞാൻ ദേശ് രാഗത്തിൽ ആദ്യം മൂളിയ ഈണത്തിന് ഏതാനും മിനിറ്റുകൾക്കുള്ളിൽ വരികളെഴുതി കയ്യിൽത്തന്നു. ‘മിഴിയോരം നനഞ്ഞൊഴുകും ..’ ഒഴിവാക്കാനാവശ്യപ്പെട്ട അക്ഷരങ്ങൾ അതിൽ ഒരിടത്തു പോലും കടന്നുവന്നിരുന്നില്ല. ബിച്ചുവിന്റെ അപാരമായ ഭാഷാജ്ഞാനത്തിന്റെയും കവിത്വത്തിന്റെയും പകർന്നാട്ടം ആദ്യ കൂടിക്കാഴ്ചയിൽതന്നെ അനുഭവിച്ചറിയുകയായിരുന്നു ഞാൻ.

 

പിന്നീട് എത്രയോ ഗാനങ്ങളിൽ ഞങ്ങൾ ഒരുമിച്ചു. ഈണമൊന്നു മൂളിക്കേൾപ്പിച്ചാൽ ഞൊടിയിടയിൽ പിറക്കുന്ന ഇമ്പമാർന്ന വാക്കുകൾ എത്രയോവട്ടം വിസ്മയിപ്പിച്ചിരിക്കുന്നു. ‘ഒപ്പം, ഒപ്പത്തിനൊപ്പം’ എന്ന ചിത്രത്തിൽ തമാശപ്പാട്ടിന് ഈണമിടാൻ ഞാൻ ബുദ്ധിമുട്ടു പറഞ്ഞപ്പോൾ ‘ഭൂമി കറങ്ങുന്നുണ്ടോടാ, ഒണ്ടേ.. അപ്പോ സാറു പറഞ്ഞതു നേരാടാ, ആണേ’ എന്നെഴുതിയ ബിച്ചു തന്നെ ആദ്യവരിയുടെ ഈണവും മൂളിത്തന്നു. മാത്രമല്ല, ആ ഗാനത്തിൽ യേശുദാസിനൊപ്പം പാടിയതും ബിച്ചു തന്നെ. 

 

7 മാസം മുൻപായിരുന്നു  ഒടുവിലത്തെ കൂടിക്കാഴ്ച. പക്ഷാഘാതത്തെത്തുടർന്നു കിടപ്പായിരുന്നപ്പോഴും, ആ മനസ്സിനെ കീഴടക്കാൻ രോഗത്തിനായിരുന്നില്ല. തമാശകൾ പൊട്ടിച്ചും പാട്ടുകൾ മൂളിയും ആ സമാഗമം ബിച്ചു സന്തോഷഭരിതമാക്കി. ഒരു സിനിമാ സംഘടനയുടെ ആവശ്യപ്രകാരം എന്റെ ഈണത്തിൽ ഒരു ഗാനമൊരുക്കാൻ ബിച്ചുവിനോട് ആവശ്യപ്പെട്ടിരുന്നു.‘അവളെന്നെ നോക്കി, ഞാനതു കണ്ടില്ല’ എന്നു തുടങ്ങുന്ന വരികൾ കിടന്ന കിടപ്പിലാണു ബിച്ചു എഴുതിത്തന്നത്. ഈണമിട്ടെങ്കിലും അതു റിക്കോർഡ് ചെയ്തു കേൾക്കും മുൻപു ബിച്ചു മടങ്ങിയിരിക്കുന്നു. അതൊരു തീരാവേദനയായി മനസ്സിൽ ശേഷിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com