‘വാകപ്പൂമരം ചൂടും’; ബിച്ചു തിരുമലയെ ഓർക്കുമ്പോൾ

bichu-thirumala-4
SHARE

വാകപ്പൂമരം ചൂടും

വാരിളം പൂങ്കുലയ്ക്കുള്ളിൽ

വാടകയ്ക്കൊരു മുറിയെടുത്തു‌

വടക്കൻതെന്നൽ

പണ്ടൊരു വടക്കൻതെന്നൽ...

ബിച്ചുതിരുമല എഴുതിയ ഏറ്റവും മികച്ച പ്രണയ ഗാനങ്ങളിൽ ഒന്ന്. പ്രണയം കഥയായി പറയുന്ന പാട്ട്. വസന്ത പഞ്ചമിപ്പെണ്ണിന്റെയും തെന്നലിന്റെയും പ്രണയാനുഭൂതിയും രതിയും വിരഹവുമെല്ലാം അനുഭവിപ്പിക്കുന്ന പാട്ട്.

ഐ.വി ശശി സംവിധാനം ചെയ്ത അനുഭവം എന്ന സിനിമയ്ക്കുവേണ്ടി ബിച്ചു തിരുമല എഴുതി എ.ടി ഉമ്മർ ശുദ്ധധന്യാസി രാഗത്തിൽ ഈണമിട്ടു യേശുദാസ് പാടിയ ഗാനം. നാനൂറോളം മലയാള ചിത്രങ്ങൾക്കായി ആയിരത്തോളം പാട്ടുകൾ രചിച്ച പ്രിയ ഗാനരചയിതാവ് ഓർമ്യാവുമ്പോൾ ഈ കുറിപ്പ് അഞ്ചു പതിറ്റാണ്ടു നീണ്ട സംഗീത സ്മൃതികളിൽ നിന്നുള്ള സുഖകരമായ ഒരു ചിന്താണ്...

1976 ജൂൺ 10നു അനുഭവം എന്ന ചിത്രം റിലീസാവുമ്പോൾ ഗാനരചയിതാവായ ബിച്ചു തിരുമലയ്ക്കും പാടിയ യേശുദാസിനും 34–35 വയസാണ് പ്രായം. സിനിമയും കണ്ടു പാട്ടും കേട്ടു നടക്കുന്ന കോളജ് വിദ്യാർഥിയായ എനിക്കന്നു 18 വയസും. ഭാസ്ക്കരൻ മാഷിന്റെ അല്ലിയാമ്പൽ കടവിലിനും (റോസി , 1965) വയലാറിന്റെ സന്ധ്യമയങ്ങും നേരത്തിനും (മയിലാടും കുന്ന് 1972) സന്യാസിനിക്കും (രാജഹംസം 1974 ശ്രീകുമാരൻ തമ്പിയുടെ ഹൃദയസരസിലെ പ്രണയ പുഷ്പത്തിനുമൊപ്പം (പാടുന്ന പുഴ 1968) മനസിൽ ഓമനിക്കാൻ ഒളിപ്പിച്ച പ്രിയപ്പെട്ട പ്രണയഗാനം.

വാതിലിൽ വന്നെത്തി നോക്കിയ

വസന്തപഞ്ചമിപ്പെണ്ണിൻ

വളകിലുക്കം കേട്ടു കോരിത്തരിച്ചു നിന്നു

തെന്നൽ തരിച്ചു നിന്നു

 

വിരൽ ഞൊടിച്ചു വിളിച്ചനേരം 

വിരൽ കടിച്ചവളരികിൽ വന്നു

വിധുവദനയായി വിവശയായവൾ

ഒതുങ്ങി നിന്നു 

നാണം കുണുങ്ങി നിന്നും 

ബിച്ചുതിരുമല വാക്കിൽ തീർക്കുന്ന തെന്നലിന്റെയും വസന്തപഞ്ചമിപ്പെണ്ണിന്റെയും പ്രണയം. പാട്ട് പുരോഗമിക്കുമ്പോൾ ആ കാൽപനിക സൗന്ദര്യ നിർമ്മിതി അക്കാല പ്രണയ സങ്കൽപ്പത്തെ എങ്ങനെ ആവിഷ്ക്കരിക്കുന്നുവെന്ന് ബോധ്യമാകും. വാകപ്പൂങ്കുലയെ വടക്കുനിന്നും വീശുന്ന കുളിർതെന്നൽ വാടകമുറിയാക്കുന്നു. വാതിലിൽ വന്നെത്തിനോക്കുന്ന വസന്തപഞ്ചമിപ്പെണ്ണ്. അവളുടെ വളകിലുക്കം കേട്ടു കോരിത്തരിച്ചു നിൽക്കുന്ന തെന്നൽ. അവൻ വിരൽ ഞൊടിച്ചു വിളിച്ചപ്പോൾ അവൾ വിരൽകടിച്ചുകൊണ്ട് അരികിൽ വന്ന വിധുവദനയായ് വിവശയായി നാണം കുണുങ്ങി ഒതുങ്ങി നിന്നു. ഈ പഴയകാസല പ്രണയ ചിത്രത്തിന് ബിനാലെ കാലത്ത് ചിത്രങ്ങളും ശിൽപങ്ങളും ശബ്ദങ്ങളുംകൊണ്ട് അനുഭവ പ്രപഞ്ചം തീർക്കുന്ന ഇൻസ്റ്റലേഷന്റെ സ്വഭാവവിശേഷങ്ങൾ കണ്ടെത്താം. ഉച്ചരിക്കാനാവാത്ത പ്രണയത്തിന്റെ തുടർന്നുള്ള വരികൾ.

തരള ഹൃദയവികാരലോലൻ

തെന്നലവളുടെ ചൊടി മുകർന്നു

തണുവണിർ തളിർശയ്യയിൽ തനു

തളർന്നു വീണു

തമ്മിൽ പുണർന്നു വീണു

 

പുലരി വന്നു വിളിച്ച നേരം

അവനുണർന്നൊന്നവളെ നോക്കി

അവളടുത്തില്ലകലെയെങ്ങോ

മറഞ്ഞുപോയി

തെന്നൽ പറന്നുപോയി

ഇവിടെ പ്രണയവർണങ്ങൾ രതിയിലേക്ക് പടർന്നു വളരുന്നു. ഒരു കാലഘട്ടത്തിലെ പ്രണയ ചക്രത്തിന്റെ  വികാസ പരിണാമ ചിത്രമോ ചരിത്രകഥയോ ആയി പാട്ട് പരിണമിക്കുന്നു. ചൊടിമുകർന്നും തണുവണിച്ചളിർ ശയ്യയിൽ തമ്മിൽ പുണർന്നും തനു തളർന്നും വീണുറങ്ങുന്ന തെന്നൽ ഉണർന്നു അവളെ നോക്കുമ്പോൾ അവൾ എങ്ങോ മറഞ്ഞു പോയിരുന്നു. തെന്നലും പറന്നു പോകുന്നു. പ്രണയ രതി കാമനകൾക്കും മേലേ നനുനനുത്ത ശോകഭാവമാണ് തുടക്കത്തിലെ ഓർക്കസ്ട്രേഷൻ മുതൽ ഗാനം മനസിൽ നിറയ്ക്കുക. വാടകയ്ക്ക് മുറിയെടുത്ത് പങ്കിടുന്ന പ്രണയരതികാമനകൾക്കു വ്യാഖ്യാന സാധ്യതകൾ ഏറെയാണ്.

ബിച്ചു തിരുമലയുടെ ഈ പ്രണയ വർണ്ണനകൾ ഭാസ്കരൻ മാസ്റ്റ്റും വയലാറും ശ്രീകുമാരൻ തമ്പിയും ഗാനങ്ങളിൽ തീർത്ത കാൽപനിക പ്രണയഭാവലനയുടെ തുടർച്ച തന്നെയാണ്. വിരലോടിച്ച് വിളിച്ചനേരം വിരൽകടിച്ച് അരികിൽ വന്നവൾ, ഭാസ്കരൻ മാഷിന്റെ ഇന്നലെ മയങ്ങുമ്പോൾ  എന്ന പാട്ടിലെ (അന്വേഷിച്ചു കണ്ടെത്തിയില്ല (1967) മാധവമാസത്തിൽ ആദ്യം വിരിയുന്ന മാതളപ്പൂമൊട്ടിൻ മണംപോലെ, ഓർക്കാതിരുന്നപ്പോൾ ഒരുങ്ങാതിരുന്നപ്പോൾ  മൂടുപടമണിഞ്ഞ മൂകസങ്കൽപ്പെ പോലെ മാടിവിളിയ്ക്കാതെ അരികിൽ വരുന്ന ഓമലാളെക്കുറിച്ചുള്ള ഇന്നലെ മയങ്ങുമ്പോൾ കേട്ടുണർന്ന മണിക്കിനാവിന്റെ പൊന്നിൻ ചിലമ്പൊലിപോലെ ആലോചനാമൃതം. ബിച്ചു തിരുമലയുടെ വാതിലിൽ വന്നെത്തി നോക്കിയ വസന്തപഞ്ചമിപ്പെണ്ണ്, വയലാറിന്റെ മാനത്തെ വനജോത്സനയെ നനയ്ക്കുവാൻ മൺകുടം കൊണ്ട് നടക്കുന്ന പൗർണമിയെപ്പോലെ സുന്ദരിയാണ്. വസന്തപഞ്ചമിപ്പെണ്ണിന്റെ വളകിലുക്കം ശ്രീകുമാരൻ തമ്പിയുടെ കർപ്പൂരത്തിൻ കാന്തിയിൽ എന്ന പാട്ടിലെ (ദിവ്യദർശനം 1973) കൂത്തമ്പലത്തിലെ പൂത്തറയിൽ കൂടിയാട്ടം കണ്ടിരുന്ന കാമുകന് ഓട്ടുവളകളുടെ കിലുക്കത്തിലൂടെ അയാളുടെ ഓമന പാട്ടായി അയച്ചു കൊടുത്ത രാത്രി സന്ദേശത്തിന്റെ ഓർമ്മയും ഉണർത്തും ആദ്യ സമാഗമ ലജ്ജയിൽ ആതിരാ എന്ന ഗാനത്തിൽ (ഉത്സവം, 1975) കായൽ അഴിച്ചിട്ട വാർമുടിപ്പീലിയിൽ ഉമ്മ വയ്ക്കുന്ന സാഗരത്തിന്റെ പ്രണയം പാട്ടെഴുത്തിൽ ബിച്ചു തിരുമലയുടെ സമകാലികനായിരുന്ന  പൂവച്ചൽ ഖാദറും ആവിഷ്ക്കരിച്ചിട്ടുണ്ട്.

സാധാരണ പദങ്ങൾ കൊണ്ടു കഥ പറയും പോലെ പാട്ടിൽ കവി തീർക്കുന്ന പദലയനത്തിനു വല്ലാത്തൊരു ചന്തമുണ്ടായിരുന്നു. രാകേന്ദുകിരണങ്ങളും നീലജലാശയവും നീലത്താമരയുംപോലെ അപരിചിതമായ പദച്ചേർച്ചകൾ കൊണ്ട് മലയാളിയെ അതിശയിപ്പിച്ച ബിച്ചു തിരുമല വാകപ്പൂമണവും വാരിളം പൂങ്കുലയും വാടകമുറിയും വടക്കന്‍ തെന്നലും വാതിലിൽ വന്നെത്തി നോക്കിയ വസന്തപഞ്ചമിപ്പെണ്ണും അവളുടെ വളകിലുക്കവും തെന്നൽ വിരൽ ഞൊടിച്ചു വിളിച്ചപ്പോൾ അവൾ വിരൽകടിച്ച് വിധുവദനയായ് വിവശയായി നിന്നതുമൊക്കെ കവി പാട്ടിൽ ഈണത്തിനൊപ്പിച്ച് വെറുതെ വാക്കുകള്‍ കുത്തിത്തിരുകുകയല്ലായിരുന്നു. തരളഹൃദയനായ തെന്നൽ അവളുടെ ചൊടി മുകർന്നതും തണുവണിര്‍ തളിർശയ്യയിൽ തനു തളർന്നതും തമ്മിൽ പുണർന്നതും വീണതും എഴുതുമ്പോൾ കവി സന്ദർഭത്തിനൊത്ത വ്യത്യസ്തമായ പുതുപദങ്ങൾ താളബദ്ധമായി അടുക്കി വയ്ക്കുകയായിരുന്നു. 

ചരിത്രപരമായി സിനിമയുടെ കാഴ്ചയിൽ കഥയ്ക്കിടയിൽ പാട്ടായും പാട്ടിലൂടെ കഥപറഞ്ഞും ഗാനങ്ങൾ മലയാളിക്കു സ്വഭാവിക അനുഭവമായപ്പോൾ റേഡിയോയിലൂടെയും മറ്റുള്ളവ അക്കാലത്തെ വേറിട്ട കേൾവിയിൽ അവ ഭാവതാളത്തിലെ വ്യക്തിഗതവും സ്വകാര്യവുമായ സംഗീതാനുഭവമായി. ടെലിവിഷന്റെ ആഗമനത്തോടെ തുടക്കംകുറിച്ച ശബ്ദപ്രാഥമ്യത്തിൽ നിന്നും ദൃശ്യപ്പെരുമഴയിലേയ്ക്കുള്ള മാറ്റം പുതിയ നൂറ്റാണ്ടിന്റെ തുടക്കത്തോടെ സമൂലമായി. പ്രമേയം, ദൃശ്യാഖ്യാനം, സാങ്കേതികത ഇവയിലെ മാറ്റത്തോടെ സിനിമയിൽ പാട്ടുകളുടെ ധർമ്മവും പുനർനിർവചിക്കപ്പെട്ടു. അതുകൊണ്ടുതന്നെ സാങ്കേതിക വികാസം, അഭിരുചികളിലും ഗാനങ്ങളുടെ സ്വഭാവത്തിലും വന്ന മാറ്റങ്ങൾ ഇവ പഴയ പാട്ടുകളുടെയും പാട്ടെഴുത്തുകളുടെയും വിലയിരുത്തൽ പ്രധാനമാക്കുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS