ADVERTISEMENT

I got this feeling that is in 

my bones and i, 

Know it ain't new but it ain't 

that old and now,..... 

 

‘റോക്കിൻ ഹെഡ്’ സിംഗിൾ വിഡിയോയിലൂടെ സ്ക്രീൻ 6 ബാൻഡിന്റെ ത്രസിപ്പിക്കുന്ന സംഗീതം മുഴങ്ങുകയാണ്. സംഗീത പ്രേമികൾക്കായി ഒരു ഇടവേളയ്ക്കു ശേഷം കൊച്ചിയിൽനിന്ന് റോക്ക് ബീറ്റിന്റെ വിരുന്ന്. ഹെവി മെറ്റൽ സംഗീതത്താൽ സിരകളിൽ തീപായിക്കാൻ എത്തിയിരിക്കുന്നു ആറു യുവാക്കളുടെ ‘സ്ക്രീൻ 6’ എന്ന റോക്ക് ബാൻഡ്. മദർ ജയിൻ, 13 എഡി, എവർഗ്രീൻ തുടങ്ങി സംഗീതം കൊണ്ട് കൊച്ചിയുടെ യശസ്സ് ലോകമാകെ എത്തിച്ച ബാൻഡുകളുടെ ആരാധകർക്ക് സ്ക്രീൻ 6ഉം നൽകുന്നത് അതേ വീഞ്ഞിന്റെ ലഹരി. 1980, 90 കളിൽ നഗരത്തിന്റെ യൗവനങ്ങളെ ജ്വലിപ്പിച്ച് നിർത്തിയ റോക്ക് ബാൻഡുകൾക്ക് പിന്നീട് വലിയൊരു ഇടവേളയുണ്ടായി. പഴയ പാട്ടുകളുടെ കവർ വേ‍ർഷനുകളുമായി ഒട്ടേറെ പുതിയ ബാൻഡുകൾ വന്ന് തരംഗം സൃഷ്ടിച്ചെങ്കിലും, മൗലികമായ റോക്ക് സംഗീതത്തിന്റെ തിരിച്ചുപിടിക്കലാണ് സ്ക്രീൻ 6 നടത്തുന്നത്; ക്ലാസിക് റോക്കിന്റെ ഹരം. ബാൻഡിന്റെ ആദ്യ സംഗീത വിഡിയോ ആയ ‘റോക്കിൻ ഹെഡ്’ കേട്ട ആസ്വാദകർ അതുകൊണ്ടുതന്നെ പ്രതീക്ഷയോടെയും ആവേശത്തോടെയുമാണ് സ്ക്രീൻ 6നെ കാണുന്നത്. 

 

skreen-6-band

അമൽദേവ് നമ്പ്യാർ, എം .കൃഷ്ണൻ, ഡിബിൻ സാവിയോ ജൂഡ്, കെ.എം.ആദിത്യ, ജയകൃഷ്ണൻ, സാലസ് സ്റ്റുവർട്ട് എന്നീ യുവാക്കൾ ചേർന്നതാണ് സ്ക്രീൻ 6ന്റെ തിളയ്ക്കുന്ന വേദി. റോക്ക്, ഹാർഡ് റോക്ക്, ഹെവി മെറ്റൽ ശൈലികൾകൊണ്ടുള്ള കോക്ക്ടെയ്‌ൽ തീർക്കുകയാണ് സ്ക്രീൻ 6. ആദ്യ വിഡിയോ ‘റോക്കിൻ ഹെഡിൽ’ സ്ക്രീൻ 6 ആവിഷ്കരിക്കുന്നത് റോക്ക് സംഗീതം കേൾവിക്കാരനിലുണ്ടാക്കുന്ന അനന്തമായ അനുഭൂതികളാണ്. ഒരിക്കലും കാലഹരണപ്പെടാത്ത റോക്കിന്റെ ക്ലാസിക് ശൈലിക്കുള്ള സമർപ്പണം തന്നെയാണ് ഈ ഗാനമെന്നു പറയുന്നു ബാൻഡിലെ വോക്കൽ ആർട്ടിസ്റ്റ് അമൽദേവ്. 

എളമക്കര ഭവൻസിലെ സംഗീത അധ്യാപകനാണ് ഡിബിൻ. ഭവൻസിലെ പൂർവവിദ്യാർഥിയും ഡിബിന്റെ ശിഷ്യനുമായ ആദിത്യ തേവര എസ്എച്ച് കോളജിൽ ബിബിഎ വിദ്യാർഥി കൂടിയാണ്. അമൽദേവ് ബെംഗളൂരുവിൽ ഹോട്ടൽ മാനേജ്മെന്റ് പഠിക്കുന്നു. മറ്റു മൂന്നുപേരും സംഗീത വിദ്യാർഥികളാണ്. ഇതിൽ എം.കൃഷ്ണൻ കാക്കനാട് ആദർശ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയാണ്. എടത്തല അൽ അമീൻ കോളജിൽ ആണ്  സൗണ്ട് എഞ്ചിനീയറിംഗ് പഠിക്കുന്നത്. ആറു പേരുടെയും  പ്രായം 19നും 24നും ഇടയിൽ. 

 

സ്ക്രീനിൽ തുടങ്ങിയ 'സ്ക്രീൻ 6' 

 

റോക്ക് സംഗീതം തലയ്ക്കുപിടിച്ചു നടന്ന ആറു പേരെയും കൂട്ടിക്കെട്ടുന്നത് കോവിഡ് കാലമാണ്. കവർ പാട്ടുകൾ ചെയ്യുന്ന രണ്ടു ബാൻഡുകളിലെ അംഗങ്ങളായിരുന്നു ആറു പേരും. പഴയ പാട്ടുകളെ പുതുക്കുന്നതിനേക്കാൾ ആറു പേർക്കും താൽപര്യം പുതിയതെന്തെങ്കിലും സൃഷ്ടിക്കുന്നതിലായിരുന്നു. ഒറിജിനൽ സംഗീതം സൃഷ്ടിക്കുക എന്ന ആഗ്രഹത്തോടെ ഒന്നിച്ചവർ കോവിഡ് ലോക്ഡൗൺ സമയത്ത് ഓൺലൈനായി ചർച്ചകൾ തുടങ്ങി. അതേ ഓൺലൈൻ സ്ക്രീനിൽ തന്നെയാണ് ആദ്യ പാട്ടിന്റെ വിത്തു പാകുന്നത്. 6 പേരുടെയും സംഗീത സ്വപ്നം വിരിഞ്ഞത് സ്ക്രീനിലൂടെ ആയതിനാൽ ബാൻഡിന് ‘സ്ക്രീൻ 6’ എന്നു പേരിട്ടുവെന്ന് സാലസ് സ്റ്റുവർട്ട് പറയുന്നു. 

 

1980കളിൽ സംഗീത ലോകത്തെ പിടിച്ചുകുലുക്കിയ റോക്ക് ശൈലിയിൽ തന്നെയാണ് സ്ക്രീൻ 6ന്റെ വരികളും ബീറ്റും. ലോകമാകെ തരംഗം തീർത്ത മോട്‌ലി ക്രൂ എന്ന അമേരിക്കൻ ഹാർഡ് റോക്ക് ബാൻഡിൽനിന്നാണ് സ്ക്രീൻ 6 ഊർജം ഉൾക്കൊണ്ടിരിക്കുന്നതെന്ന് സംഘാംഗങ്ങൾ പറയുന്നു. 

ഇടപ്പള്ളി സ്വദേശി ആദിത്യയാണ് ഡ്രമ്മർ. ജയകൃഷ്ണൻ ബാസ് ഗിറ്റാർ. കാക്കനാടുകാരനായ കൃഷ്ണനാണ് ലീഡ് ഗിറ്റാറിസ്റ്റ്. കോഴിക്കോട് വടകര സ്വദേശി അമൽദേവ് നമ്പ്യാർ പ്രധാന ഗായകനായെത്തുന്നു. പള്ളുരുത്തി സ്വദേശി ഡിബിനാണ് കീബോർഡ് കൈകാര്യം ചെയ്യുന്നത്. റിഥം ഗിറ്റാർ കൈകാര്യം ചെയ്യുന്ന സാലസ് ഗായകൻ കൂടിയാണ്. 

 

ഒറ്റയ്ക്ക് ഒരാൾ പാട്ട് എഴുതി മറ്റൊരാൾ സംഗീതം ചെയ്യുന്ന രീതിയല്ല സ്ക്രീൻ6 റോക്ക് ബാൻഡിന്റേത്. സോങ് റൈറ്റിങ് സെഷനിൽ ബാൻഡിലെ ആറു പേരും ഒന്നിച്ചിരുന്ന് പങ്കാളികളാകുന്നു. ഡ്രമ്മിൽനിന്നും കീബോർഡിൽനിന്നും ഉതിരുന്ന ചെറിയ സംഗീത ശകലങ്ങൾ, മൂളിപ്പാട്ടായി ഇടറിവരുന്ന വരികൾ....എല്ലാം കൂടി ഒരു ഘട്ടത്തിൽ തീപിടിക്കുന്ന പാട്ടായി മാറുന്നു. മ്യൂസിക് വിഡിയോ അല്ലാതെ, റോക്കിന്റെ യഥാർഥ ലഹരി ആസ്വാദകനു പകരാൻ സാധിക്കുന്ന നേരിട്ടുള്ള സ്റ്റേജ് പെർഫോമൻസാണ് ബാൻഡിന്റെ ലക്ഷ്യം. കോവിഡ് പിരിമുറുക്കങ്ങൾ അയഞ്ഞു വരുന്ന സാഹചര്യത്തിൽ ആ ലക്ഷ്യം അകലെയല്ലെന്നാണ് ബാൻഡിന്റെ പ്രതീക്ഷ. 

 

അതിനു മുന്നോടിയായി, ഡിസംബർ 12ന് എറണാകുളത്ത് നടക്കുന്ന ‘ലെറ്റ് ദെയർ ബി റോക്ക്’ എന്ന സംഗീത വാർഷികമാമാങ്കത്തിൽ അരങ്ങേറ്റത്തിന് ഒരുങ്ങിക്കഴിഞ്ഞു സ്ക്രീൻ 6. ഇന്ത്യയിൽ നിന്നുള്ള ഒട്ടേറെ റോക്ക് സംഘങ്ങളും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. റിഹേഴ്സലിനും ആദ്യ വിഡിയോ ഇറക്കാനുമൊക്കെ സാമ്പത്തികം അടക്കമുള്ള സഹായങ്ങൾ നൽകുന്നത് ആറു പേരുടെയും രക്ഷിതാക്കൾ തന്നെ. ആദ്യ സിംഗിൾ ‘റോക്കിൻ ഹെഡിന്റെ’ മിക്സിങ് നിർവഹിച്ചിരിക്കുന്നത് ലീ ചാൾസ് ബ്ലൂ ആണ്. വിഡിയോ ഒരുക്കിയിരിക്കുന്നത് സംഗീത് പ്രകാശ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com