നാഷനൽ ഹീറോ ആയി ഗായിക റിയാനയെ തിരഞ്ഞെടുത്ത് ബാർബഡോസ്. സ്വതന്ത്ര റിപ്പബ്ലിക് ആയി മാറിയതിന്റെ ആഘോഷങ്ങൾക്കിടെയാണ് വിഖ്യാത ഗായിക റിയാനയെ രാജ്യത്തിന്റെ ഹീറോ ആയി ബാർബഡോസ് പ്രഖ്യാപിച്ചത്. ബ്രിട്ടനിൽനിന്നു സ്വാതന്ത്ര്യം നേടിയതിന്റെ 55–ാം വാർഷിക ദിനത്തിൽ നടന്ന റിപ്പബ്ലിക് പ്രഖ്യാപനത്തിലും ആഘോഷത്തിലും പങ്കെടുക്കാൻ റിയാന എത്തിയിരുന്നു.
‘നന്ദിയുള്ള രാജ്യമെന്ന നിലയിൽ, അതിലേറെ റിയാനയെക്കുറിച്ച് അഭിമാനിക്കുന്ന ജനതയെന്ന നിലയിൽ, ബാർബോഡിന്റെ നാഷനൽ ഹീറോ ആയി ഗായികയെ തിരഞ്ഞെടുക്കുന്നു’ എന്നാണ് പ്രധാനമന്ത്രി മിയ മോട്‌ലി ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. റിയാന എന്നും വജ്രം പോലെ തിളങ്ങട്ടെയെന്നും വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും രാജ്യത്തിന് അഭിമാനമായി മാറട്ടെയെന്നും മോട്‌ലി കൂട്ടിച്ചേർത്തു.
ബാര്‍ബഡോസിലാണ് റിയാന ജനിച്ചു വളർന്നത്. ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടിൽ ജീവിച്ച റിയാനയെ അമേരിക്കൻ സംഗീതജ്ഞൻ ഇവാന്‍ റോഗേഴ്‌സാണ് സംഗീതരംഗത്തിനു പരിചയപ്പെടുത്തിയത്. തുടര്‍ന്ന് തിരക്കുള്ള ഗായിക എന്ന നിലയിലേക്ക് റിയാന അതിവേഗം വളർന്നു. ലോകഗായകരുടെ ഇടയിലെ ഏറ്റവും സമ്പന്ന എന്ന ഖ്യാതിയും ഈ 33 കാരിക്കു സ്വന്തം. ഏകദേശം 1.7 ബില്യൻ ഡോളറാണ് ഗായികയുടെ ആസ്തി.