ADVERTISEMENT

ഒക്ടോബറിൽ റിലീസായ ‘ഡോക്ടർ’ എന്ന തമിഴ് ചിത്രത്തിലെ ഗാനങ്ങളാണ് തമിഴ് ഹിറ്റ്ലിസ്റ്റിൽ ഇപ്പോൾ ഏറ്റവും ട്രെൻഡിങ്. യുവ നടൻ ശിവകാർത്തികേയനു സൂപ്പർതാര പരിവേഷം ചാർത്തിക്കൊടുത്ത ചിത്രംകൂടിയാണിത്. അവയവക്കടത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം ഡാർക്ക് ഹ്യൂമർ അതിമനോഹരമായി കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിലെ ഗാനങ്ങളാണ് എടുത്തുപറയേണ്ട ആകർഷണം. അനിരുദ്ധ് രവിചന്ദർ ഒരുക്കിയ സംഗീതം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. 

 

തെലുങ്കുനടിയായ പ്രിയങ്ക അരുൾ മോഹന്റെ കന്നി തമിഴ്ചിത്രംകൂടിയാണ് ‘ഡോക്ടർ’. ശിവകാർത്തികേയനും പ്രിയങ്കയും ഒരുമിക്കുന്ന പ്രണയമുഹൂർത്തങ്ങളുൾപ്പെടെ വൈകാരികമായ കഥാനിമിഷങ്ങൾക്കെല്ലാം മനോഹരമായ പശ്ചാത്തലസംഗീതമാണ് അനിരുദ്ധ് ഒരുക്കിയിരിക്കുന്നത്. ‘മാസ്റ്റർ’, ‘അണ്ണാത്തെ’ എന്നീ ചിത്രങ്ങൾക്കു ശേഷം തമിഴിലെ ഏറ്റവും പണംവാരിപ്പടങ്ങളുടെ പട്ടികയിൽ മൂന്നാംസ്ഥാനത്തുണ്ട് നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ‘ഡോക്ടർ’. 

 

ശിവകാർത്തികേയനൊപ്പം അനിരുദ്ധിന്റെ ആറാമത്തെ പ്രോജക്ടാണിത്. ചിത്രത്തിലെ ‘ചെല്ലമ്മാ’ എന്നു തുടങ്ങുന്ന ആദ്യ സിംഗിൾ പുറത്തിറങ്ങി അധികം വൈകാതെ ആരാധകർ നെഞ്ചിലേറ്റിക്കഴിഞ്ഞിരുന്നു. ലോക്ഡൗൺകാലത്താണ് അനിരുദ്ധ് ഈ ഗാനത്തിന് ഈണമൊരുക്കിയത്. ശിവകാർത്തികേയൻ തന്നെയാണ് വരികളെഴുതിയത്. അനിരുദ്ധും ജോനിറ്റയും ആലപിച്ച ഈ ഗാനം, ഇന്ത്യയിൽ ടിക്ടോക് നിരോധിച്ചതിന്റെ പശ്ചാത്തലത്തിലാണ്. റിലീസിനു പിന്നാലെ യുട്യൂബിൽ തരംഗമായ ഈ ഗാനത്തിന്റെ കാഴ്ചക്കാർ ലക്ഷങ്ങൾ കടന്നു. പ്രിയങ്കയ്ക്കൊപ്പമുള്ള ശിവകാർത്തികേയന്റെ സ്റ്റൈലൻ ഡാൻസാണ് ഗാനത്തിന്റെ എനർജി. അടിപൊളി കൊറിയോഗ്രഫി കൂടിയാകുമ്പോൾ ആരാധകർ മതിമറന്നു ചുവടുവയ്ക്കാതെയെങ്ങനെ! 

 

ചിത്രത്തിന്റെ പ്രമോഷനൽ വിഡിയോ ആയി ചിത്രീകരിച്ച ‘നെഞ്ചമേ’ എന്നു തുടങ്ങുന്ന ഗാനമാണ് രണ്ടാമത്തേത്. ‘സോ ബേബി’ എന്നു തുടങ്ങുന്ന മൂന്നാമത്തെ ഗാനം ആരാധക ശ്രദ്ധ പിടിച്ചുപറ്റിയത് അതിന്റെ ക്ലാസിക്കൽ– വെസ്റ്റേൺ ഫ്യൂഷൻ സംഗീതം കേൾപ്പിച്ചുകൊണ്ടാണ്. ശാസ്ത്രീയ സംഗീതത്തിലേക്ക് റോക്ക്–പോപ് കോറസ്കൂടി ഇഴചേർത്തുകൊണ്ടാണ് അനിരുദ്ധ് ഗാനം ചിട്ടപ്പെടുത്തിയത്. ഇൻസ്ട്രുമെന്റൽ മ്യൂസിക്കിന്റെ സാധ്യതകളും പരമാവധി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. 

 

സിനിമയിലുടനീളം പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ബിജിഎം ആണ് ഉപയോഗിച്ചിരിക്കുന്നത്. ഏറെ നാളുകൾക്കുശേഷം തിയറ്ററിലേക്കെത്തിയ പ്രേക്ഷകർക്ക് മാസ്മരിക സ്വര ദൃശ്യാനുഭവമായി ഈ ചിത്രം മാറിയത് വെറുതെയല്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com