ADVERTISEMENT

പെൺമക്കളായ ഖദീജയെയും റഹീമയെയും കുറിച്ചു മനസ്സു തുറന്ന് സംഗീത ഇതിഹാസം എ.ആർ.റഹ്മാൻ. അടുത്തിടെ ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ, താൻ പെൺമക്കൾക്കു നൽകുന്ന ഉപദേശങ്ങളെക്കുറിച്ചും ഇരുവരുടെയും വ്യക്തിത്വ സവിശേഷതകളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ഖദീജയും റഹീമയും പക്വതയുള്ളവരും സ്വന്തമായി തീരുമാനങ്ങളെടുക്കാൻ പ്രാപ്തിയുള്ളവരുമാണെന്നു റഹ്മാൻ പറയുന്നു. 

 

‘എന്റെ ഖദീജയും റഹീമയും പക്വതയാർന്ന മനസ്ഥിതി ഉള്ളവരാണ്. അവർക്കു ശരിയെന്നും മികച്ചതെന്നും തോന്നുന്ന കാര്യങ്ങൾ മാത്രമേ അവർ ചെയ്യാറുള്ളു. എന്തൊക്കയാണു ചെയ്യേണ്ടതെന്നുള്ള വ്യക്തമായ ധാരണ എപ്പോഴും അവരുടെ മനസ്സിലുണ്ട്. ഒന്നിനെക്കുറിച്ചും ആശങ്കപ്പെടുകയോ ഭയപ്പെടുകയോ വേണ്ടെന്നാണ് ഞാൻ ഖദീജയ്ക്കും റഹീമയ്ക്കും നൽകുന്ന ഉപദേശം. എന്താണോ മനസ്സിൽ തോന്നുന്നത് അത് ചെയ്യണമെന്നു ഞാൻ പറഞ്ഞു കൊടുക്കാറുണ്ട്. ആ രീതിയിൽ മുന്നോട്ടു നീങ്ങുമ്പോൾ അവർക്കു സ്വന്തമായൊരു വ്യക്തിത്വം കാത്തുസൂക്ഷിക്കാൻ സാധിക്കും. ആരും അവരെ തമ്മിൽ താരതമ്യം ചെയ്യില്ല. ദൈവം എന്റെ മക്കളെ അനുഗ്രഹിക്കട്ടെ’, എ.ആർ.റഹ്മാൻ പറഞ്ഞു.  

 

പെൺമക്കളെക്കുറിച്ചുള്ള എ.ആർ.റഹ്മാന്റെ തുറന്നുപറച്ചിൽ ആരാധകർക്കിടയിൽ ചർച്ചയായിരിക്കുകയാണ്. ഖദീജയെയും റഹീമയെയും കൂടാതെ അമീൻ എന്നൊരു മകൻ കൂടിയുണ്ട് റഹ്മാന്. മൂവരും സംഗീതരംഗത്തു ചുവടുറപ്പിച്ചു കഴിഞ്ഞു. ഖദീജ ഒരുക്കിയ 'ഫരിശ്തോ' എന്ന ഗാനം നിരവധി അംഗീകാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. മണിരത്നം സംവിധാനം ചെയ്ത ‘ഒകെ കൺമണി’ എന്ന ചിത്രത്തിലൂടെ അമീൻ പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു. മക്കൾ റഹ്മാനൊപ്പം വേദി പങ്കിട്ടതിന്റെ ചിത്രങ്ങളും വിഡിയോകളും ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com