ADVERTISEMENT

സംഗീതകുടുംബത്തിൽ ജനിച്ചുവളർന്നെങ്കിലും കൈതപ്രം വിശ്വനാഥൻ സംഗീതത്തിനോട് അടുക്കുന്നത് ഏറെ വൈകിയാണ്. മാതമംഗലം ഹൈസ്‌കൂളിലായിരുന്നു പഠനം. മൃദംഗമായിരുന്നു ആദ്യം പഠിച്ചത്. വായ്‌പാട്ടിൽ അനിയന് കഴിവുണ്ടെന്ന് തിരിച്ചറിഞ്ഞ ചേട്ടനായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ നിർദേശപ്രകാരം വിശ്വനാഥൻ സംഗീതം പഠിക്കാൻ തുടങ്ങി. പത്താംക്ലാസ് പഠനം കഴിഞ്ഞ്, തിരുവനന്തപുരത്ത് താമസമാക്കിയ ചേട്ടൻ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ അടുത്തേക്ക് വിശ്വനാഥൻ പുറപ്പെട്ടു. തിരുവനന്തപുരത്തെ സംഗീതനാളുകൾക്കൊടുവിലാണ് ആദ്യ വിദ്യാലയമായ മാതമംഗലം സ്‌കൂളില്‍ സംഗീതാധ്യാപകനായി ക്ഷണം വരുന്നത്. 

 

കണ്ണാടി ഭാഗവതരായിരുന്നു മാതമംഗലം സ്‌കൂളിലെ സംഗീതാധ്യപകൻ. വാക്കുകളും സ്വരവും തളർന്നതിനുശേഷം കണ്ണാടി ഭാഗവതർ പോകാതിരുന്ന ഒഴിവിലേക്കാണ് വർഷങ്ങൾക്കുശേഷം മകൻ അധ്യാപകനായി എത്തുന്നത്. തുടർന്ന് നീലേശ്വരം രാജാസ് ഹൈസ്‌കൂളിൽ സംഗീതാധ്യാപകനായി. അതിനുശേഷം പയ്യന്നൂരിൽ ശ്രുതിലയ എന്ന പേരിൽ സംഗീത വിദ്യാലയം ആരംഭിച്ച് പൂർണമായും സംഗീതാധ്യാപനത്തിലേക്ക് വഴിതിരിഞ്ഞു. ആ കാലത്താണ് കൈതപ്രം ദാമോദരൻ നമ്പൂതിരി സിനിമയിൽ സംഗീതസംവിധായകനായി രംഗപ്രവേശം ചെയ്യുന്നത്. സഹോദരനൊപ്പം സഹായിയായി കൈതപ്രം വിശ്വനാഥനും കൂടെ ചേര്‍ന്നു.

 

ദേശാടനം, കളിയാട്ടം എന്നീ സിനിമകളിൽ പശ്ചാത്തലസംഗീതം ചെയ്ത് സംഗീതസമസ്യയ്ക്ക് തുടക്കം. അതിനുശേഷം ജയരാജ് തന്നെ സംവിധാനം ചെയ്ത കണ്ണകിയിൽ സംഗീതം നൽകി മുൻനിരയിലേയ്ക്ക് ഉയർന്നു.

 

‘നീലേശ്വരത്തുനിന്നും പയ്യന്നൂരിലേക്ക് വരുന്നവഴിയാണ് ജയരാജ് സാർ എന്നെ വിളിക്കുന്നത്. സംഗീതം സംവിധാനം ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കാൻ. തൃശൂരെത്താനായിരുന്നു നിർദേശം. അങ്ങനെ ഞാൻ തൃശൂർ നെല്ലായ് ശ്രീധന്വന്തരി ക്ഷേത്രത്തിൽ എത്തി. ജയരാജ് സാർ കണ്ണകിയിലെ കഥ പറഞ്ഞു. ഒരു സിനിമ കാണുന്നതുപോലെയായിരുന്നു ആ കഥ പറച്ചിൽ. നാലുമണിയായപ്പോഴേക്കും ഞാൻ ട്യൂണുകൾ മനസ്സിൽ കുറിച്ചിടാൻ തുടങ്ങി. ദീപാരാധാനയുടെ സമയമായിക്കാണണം, നാലു പാട്ടുകൾക്ക് ട്യൂണിട്ട് ജയരാജ് സാറിനെ ഞാൻ കേൾപ്പിച്ചു. എല്ലാം അദ്ദേഹത്തിന് ഇഷ്‌ടപ്പെട്ടു. ഒരു പാട്ടു കൂടിയുണ്ട് .അത് പിന്നീട് ചെയ്യാമെന്നു വിചാരിച്ചു.

 

അങ്ങനെ എളമക്കരയിലുള്ള ലാൽ സ്‌റ്റുഡിയോയിൽ റെക്കോർഡിങ് ആരംഭിച്ചു. എന്റെ സുഹൃത്തുകൂടിയായ കല്ലറ ഗോപൻ ട്രാക്ക് പാടുന്നുണ്ട്. ഒരു പാട്ടിനുകൂടി ട്യൂണിടാനുണ്ട്. ആ പാട്ടിനുള്ള സിറ്റുവേഷൻ പറഞ്ഞകൂട്ടത്തിൽ ജയരാജ് സാർ ഒന്നുകൂടി പറഞ്ഞു. ‘ തീവ്രമായ വികാരം തോന്നണം‘ ഇതുപറഞ്ഞയുടൻ ഏട്ടനുമായി ജയരാജ് സാർ താഴേക്ക് ചായ കുടിക്കാൻ പോയി. ഞാൻ ചെറിയ റെക്കോർഡറിൽ ഒരു ട്യൂൺ മൂളി റെക്കോർഡ് ചെയ്‌തു. ഉടനെ താഴെ ചായക്കടയിലെത്തി അത് കേൾപ്പിച്ചു. അപ്പോൾത്തന്നെ ഏട്ടൻ അതിനൊത്ത ആദ്യവരിയിൽ ഇങ്ങനെ മൂളി ‘ ഇനിയൊരു ജന്മമുണ്ടെങ്കിൽ നമുക്കാ...‘ അങ്ങനെയാണ് ആ പാട്ട് പിറക്കുന്നത്. കണ്ണകിയിലെ, ‘‘കരിനീല കണ്ണഴകി കണ്ണകീ കാവേരിപ്പുഴയൊഴുകി....‘‘, ‘‘ കൊടുങ്ങല്ലൂരമ്മേ വരമരുള്‘‘ എന്നു വരും നീ എന്നു വരും നീ...‘‘ തുടങ്ങിയ പാട്ടുകൾക്കൊപ്പം ‘‘ ഇനിയൊരു ജന്മമുണ്ടെങ്കിൽ...‘‘ എന്ന പാട്ടും ഹിറ്റായി. സൂപ്പർ ഹിറ്റായി.’–മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ കൈതപ്രം വിശ്വനാഥൻ പറഞ്ഞത്.

 

‘കണ്ണകി’യിലെ പശ്‌ചാത്തല സംഗീതമൊരുക്കിയതിന് ആ വർഷത്തെ സംസ്‌ഥാന സർക്കാരിന്റെ അവാർഡ് കൈതപ്രം വിശ്വനാഥനായിരുന്നു. കണ്ണകിക്കു ശേഷം  ‘തിളക്കം’ എന്ന ചിത്രത്തിലൂടെ വീണ്ടും ജയരാജുമായി ഒന്നിച്ചു. തിളക്കത്തിലെ ‘‘നീയൊരു പുഴയായ് തഴുകുമ്പോൾ’ എന്ന പാട്ടിലൂടെ 2003 ലെ മികച്ച ഗായകനുള്ള സംസ്‌ഥാന അവാർഡ് ജയചന്ദ്രനെ തേടിയെത്തി.

 

2004 ലെ മികച്ച ഗായകനുള്ള സംസ്‌ഥാന അവാർഡ് ജി.വേണുഗോപാലിന് നേടിക്കൊടുത്ത ‘‘ ആടെടീ ആടാടെടീ ആലിലക്കിളിയേ...‘‘ എന്നു തുടങ്ങുന്ന ഗാനം ചിട്ടപ്പെടുത്തിയത് കൈതപ്രം വിശ്വനാഥൻ നമ്പൂതിരിയായിരുന്നു. കൈതപ്രം സഹോദരങ്ങളുടെ കൈകളിലൂടെത്തന്നെയാണ് മധു കൈതപ്രം എന്ന സംവിധായകനും സിനിമാ സംവിധാന രംഗത്തേക്ക് കടന്നുവരുന്നത്. ഏകാന്തം എന്ന ചിത്രത്തിലൂടെ കൈതപ്രം വിശ്വനാഥൻ ഒരുക്കിയ ‘കൈയെത്തും ദൂരേ ഒരു കുട്ടിക്കാലം’ എന്ന ഗാനവും ജനഹൃദയങ്ങൾ ഏറ്റെടുത്തു. മണ്ണിനോടും പ്രകൃതിയോടും അടുത്തു നിൽക്കുന്ന ഗാനങ്ങള്‍ക്ക് ഈണം നൽകിയ ആളാണ് കൈതപ്രം വിശ്വനാഥൻ. ഇനി ആ ഓര്‍മകൾ അദ്ദേഹത്തിന്റെ പാട്ടുകളിലൂടെ ആസ്വാദകരിൽ നിലനിൽക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com