ADVERTISEMENT

‘പുതുവർഷം വന്നല്ലോ വന്നല്ലൊ തെയ്തെയ്തെയ്

വിളവെല്ലാം കൊയ്തല്ലോ തെയ്തെയ്തെയ്...’

 

പുതുവർഷത്തെ വരവേൽക്കുന്നന മലയാളത്തിലെ ആദ്യത്ത ചലച്ചിത്രഗാനം ഒരുപക്ഷേ, ഇതായിരിക്കാം. 1956ൽ ‘ആത്മാർപ്പണം’ എന്ന സിനിമയ്ക്കുവേണ്ടി അഭയദേവ് എഴുതി വി.ദക്ഷിണാമൂർത്തി ഈണമിട്ട് എ.എം.രാജയും പി. ലീലയും പാടിയതാണ് ഈ ഗാനം. പ്രേംനസീറും ബിഎസ്.സരോജയും മുഖ്യവേഷത്തിൽ. 1938 ൽ മലയാളത്തിലെ ആദ്യത്തെ ശബ്ദിക്കുന്ന ചലച്ചിത്രം ഇറങ്ങി രണ്ടു ദശകം ചെല്ലുന്നതിനുമുൻപാണ് ഈ ഗാനത്തിന്റെ പിറവി എന്നോർക്കണം. 

 

പുതുവത്സര ഗാനമാണെങ്കിലും മലയാള പുതുവർഷത്തെയാണ് പാട്ടിൽ വരവേൽക്കുന്നത്. അന്നൊക്കെ പുതുവർഷം എന്നാൽ അതായിരുന്നല്ലോ. 

‘പുന്നെല്ലിൻ മണമുയരുന്നല്ലോ നാടെങ്ങും

പൊന്നോണപ്പുലരി വരുന്നല്ലോ വീടെങ്ങും’

എന്ന് ഓണത്തെ വരവേൽക്കുന്ന വരികളാണ് പാട്ടിൽ തുടർന്നുള്ളത്.

 

1977 ൽ ‘അകലെ ആകാശം’ എന്ന സിനിമയ്ക്കുവേണ്ടി ശ്രീകുമാരൻ തമ്പി എഴുതി ജി. ദേവരാജൻ ഈണമിട്ട് പി.ജയചന്ദ്രനും മാധുരിയും പാടിയ ‘പുതുവർഷ കാഹളഗാനം’ എന്ന പാട്ടാണ് ഇംഗ്ലിഷ് പുതുവർഷത്തെ വരവേറ്റുള്ള ആദ്യ മലയാള ചലച്ചിത്ര ഗാനം എന്നു പറയാം. 

 

‘പുതുവർഷ കാഹളഗാനം

പുതുവർഷ സ്വാഗതഗാനം ആ

നക്ഷത്രപ്പൊൻവിളക്ക് 

നവവർഷത്തിൻ ഒളിവിളക്ക്

ഹാപ്പി ന്യൂ ഇയർ, ഹാപ്പി ന്യൂ ഇയർ

ലെറ്റസ് ബീ ഹാപ്പി ഫോർ എവർ’

എന്നിങ്ങനെ പോകുന്ന ഗാനം

‘ഒഴുകൂ ജനുവരിത്തെന്നലേ

ഒഴുകൂ ഞങ്ങളാം ഓളങ്ങൾക്കായി’

എന്നാണ് അവസാനിക്കുന്നത്.

 

1977 ഫെബ്രുവരിയിലാണ് ‘അകലെ ആകാശം’ റിലീസ് ചെയ്തത്. അതേവർഷം ഒക്ടോബറിൽ റിലീസ് ചെയ്ത ‘മുറ്റത്തെ മുല്ല’ എന്ന സിനിമയിലും ഉണ്ടായി ഒരു പുതുവർഷ ഗാനം. പാപ്പനംകോട് ലക്ഷ്മണൻ എഴുതി വി.ദക്ഷിണാമൂർത്തി ഈണമിട്ട് അമ്പിളി പാടിയ ഗാനം  ഇങ്ങനെ: 

 

‘ഹാപ്പി ന്യൂ ഇയർ ഹാപ്പി ന്യൂ ഇയർ 

ഹാപ്പി  വെൽകം വെൽകം 

ഹാപ്പി വെൽകം വെൽകം

സൗഹൃങ്ങളാൽ മംഗളാശംസ നേരൂ

സ്നേഹസൗരഭത്തിനാൽ തമ്മിലാനന്ദം പകരൂ’

 

1982ൽ ‘ഇതു ഞങ്ങളുടെ കഥ’ എന്ന ചിത്രത്തിനുവേണ്ടിയാണ് യേശുദാസ് ആദ്യമായൊരു പുതുവത്സരഗാനം പാടുന്നത്. പി.ഭാസ്കരന്റെ വരികൾക്ക് ജോൺസന്റെ സംഗീതം. 

 

‘വീ ആർ യങ്ങ്, ദ നൈറ്റ് ഈസ് യങ്ങ് 

വിഷ് യു ആപ്പി ന്യൂ ഇയർ

ഹാപ്പി ഹാപ്പി ന്യൂ ഇയർ...

നവവർഷത്തിൻ രജനി

നർത്തനശാലയിൽ വന്നു

കനച്ചിലങ്ക കെട്ടി

കയ്യാൽ താളം കൊട്ടി’

 

2007ൽ ‘ഛോട്ടാ മുംബൈ’ എന്ന ചിത്രത്തിനുവേണ്ടി വയലാർ ശരത് ചന്ദ്രവർമ എഴുതി രാഹുൽ രാജ് ഈണമിട്ട് അഫ്സലും റിമിടോമിയും ചേർന്നു പാടിയ ‘ വാസ്കോഡ ഗാമ’ എന്നു തുടങ്ങുന്ന ഗാനം കൊച്ചിയുടെ ന്യൂ ഇയർ ആഘോഷത്തിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. 

ഇതേവർഷം ഇറങ്ങിയ ‘ബിഗ്ബി’യിലുമുണ്ട് ഒരു ന്യൂ ഇയർ ആഘോഷ ഗാനം. ‘ഓ ജനുവരി....’എന്നു തുടങ്ങുന്ന ഈ ഗാനം എഴുതിയത് ജോഫി തരകൻ. സംഗീതം ഗോപി സുന്ദർ. പാടിയത് ജ്യോത്സ്നയും സയോര ഫിലിപ്പും ചേർന്ന്.

 

2017ൽ ഇറങ്ങിയ‘അച്ചായൻസ്’ എന്ന സിനിമയ്ക്കുവേണ്ടി ഹരിനാരായണൻ എഴുതി രതീഷ് വേഗ ഈണമിട്ട് രമ്യനമ്പീശൻ പാടിയ,  

 

‘വാനമ്പാടികൾ ഇവിടെ നമ്മൾ 

രാവിന്നായിനി പാടാം, 

നാളെ നല്ലൊരു പുലരിക്കായി

കൂടെ ചേർന്നിനി പാടാം’

 

എന്ന ഗാനവും പുതുവർഷത്തെ വരവേൽക്കുന്നതാണ്. 

 

English Summary: New year special songs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com