ADVERTISEMENT

2021ൽ ‍ഇന്ത്യയിൽ വൈറലായ വിഡിയോകള്‍ ഉൾപ്പെടുത്തിയുള്ള ബിബിസിയുടെ വർഷാവസാന പട്ടികയിൽ ഇടം പിടിച്ച് റാസ്പുടിൻ വൈറൽ നൃത്ത വിഡിയോ. തൃശൂർ മെഡിക്കൽ കോളജിലെ വിദ്യാർഥികളായ ജാനകി ഓംകുമാറും നവീൻ കെ റസാഖും ചേർന്ന് റാസ്പുടിൻ പാട്ടിനു ചുവടുവച്ചതിന്റെ വിഡിയോ ആണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി ആദ്യ കോവിഡ് വാക്സീൻ സ്വീകരിക്കുന്നതും ഒളിമ്പിക്സിൽ സ്വർണം നേടിയ നീരജ് ചോപ്രയുടെ പ്രകടനവുമൊക്കെയാണ് മറ്റു വിഡിയോകൾ. 

 

നവീനും ജാനകിയും ജോലിക്കിടയിലെ ഒഴിവുസമയത്ത് ചുവടുവച്ചതിന്റെ വിഡിയോ 2021 ഏപ്രില്‍ മാസത്തിലാണ് പുറത്തുവന്നത്. ഏതാനും സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ വൻ തോതിൽ ചർച്ച ചെയ്യപ്പെട്ടു. യൂണിഫോം ധരിച്ച് ആളൊഴിഞ്ഞ വരാന്തയിൽ‌ വച്ചായിരുന്നു ഇരുവരുടയും പ്രകടനം. ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ വിഡിയോ കോടിക്കണക്കിനു പ്രേക്ഷകരെയും വാരിക്കൂട്ടി. 

 

നൃത്ത വിഡിയോ വൈറലായതോടെ ജാനകിക്കും നവീനും പ്രശംസയ്ക്കൊപ്പം വിമർശനങ്ങളും നേരിടേണ്ടി വന്നു. ഇരുവരുടെയും പേരുകൾക്കൊപ്പം മതത്തിന്റെ നിറം കലർത്തി ചിലർ അവഹേളിക്കാൻ ശ്രമിക്കുകയായിരുന്നു. പിന്നാലെ നവീനും ജാനകിയ്ക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച്  റാസ്പുടിൻ ഡാൻസിന്റെ വിവിധ പതിപ്പുകൾ പുറത്തു വന്നിരുന്നു.

 

അടുത്തിടെ ജാനകിയുടെയും നവീനിന്റെയും നൃത്ത പ്രകടനത്തെ പ്രശംസിച്ച് ഐക്യരാഷ്ട്രസഭ പ്രതിനിധി രംഗത്തെത്തിയിരുന്നു. യുഎന്‍ കള്‍ച്ചറല്‍ റൈറ്റ്‌സ് റാപ്പോര്‍ട്ടര്‍ കരിമ ബെന്നൂനാണ് പ്രശംസയറിയിച്ചത്. ഒരുമിച്ചു ചുവടുവച്ചതിന്റെ പേരിൽ വിദ്യാർഥികളെ വിമർശിച്ചവര്‍ക്കെതിരെ കരിമ ശക്തമായ ഭാഷയിൽ പ്രതികരിക്കുകയുമുണ്ടായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com