ADVERTISEMENT

കോട്ടയം 1960–75 കാലഘട്ടങ്ങളിൽ കോട്ടയത്തെ കലാ സാംസ്കാരിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കു തുടക്കം കുറിച്ച ഫാ. ആന്റണി വാഴപ്പള്ളിയുടെ സ്മരണാർഥം ഏർപ്പെടുത്തിയിട്ടുള്ള സംഗീതരത്ന പുരസ്കാരം ഫാ. ഡോ എം.പി ജോർജിന്. 50001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. 

 

ഓർത്തഡോക്സ് സഭാ വൈദീകനായിരിക്കെ കോട്ടയം കലാക്ഷേത്രത്തിൽ അമ്പിസ്വാമിയുടെ ശിഷ്യനായി കർണ്ണാടക സംഗീതം അഭ്യസിക്കുകയും ആദ്യമായി കേരളത്തിൽ കർണാടക സംഗീത കച്ചേരി അവതരിപ്പിച്ച ക്രിസ്ത്യൻ പുരോഹിതൻ എന്ന ബഹുമതി നേടുകയും ചെയ്തിട്ടുണ്ട് ഫാ. ഡോ എം.പി ജോർജ്. തുടർന്ന് റഷ്യയിലും ഇംഗ്ലണ്ടിലും പോയി പാശ്ചാത്യ സംഗീതത്തിൽ പഠനം നടത്തി. സുറിയാനി സംഗീതത്തിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹം, ശ്രുതി സ്കൂൾ ഓഫ് മ്യൂസിക്കിന്റെ ഡയറക്ടറായി 28 വർഷം സേവനമനുഷ്ഠിച്ചു.

 

2015 ൽ പാശ്ചാത്യ സംഗീതവും കർണ്ണാടക സംഗീതത്തിലെ രാഗങ്ങളും ഉൾപ്പെടുത്തി രചിച്ച ‘ദ് സോങ് ഓഫ് ആൻ ഇന്ത്യൻ കുക്കൂ ഹിൽഹർമോണിയ ഇൻ Dm’ (ഒരു വിഷു പക്ഷിയുടെ ഗാനം) എന്ന പേരിട്ട പുസ്തകത്തിനാണ് ഈ പുരസ്കാരം നൽകുന്നത്. കേരളത്തിൽ ആദ്യമായാണ് ഒരു പൊതുപരിപാടിയിൽ ഈ സിംഫണി അവതരിപ്പിച്ചത്. പുരസ്കാരത്തിനർഹമായ ഈ പുസ്തകം 2020 ൽ റോമിൽ വച്ച് ഫ്രാൻസിസ് മാർപ്പാപ്പ ആശീർവദിച്ചു. പ്രസ്തുത പുസ്തകം സിംഫണി ആചാര്യൻ എൽ.വി ബിഥോവന്റെ കബറിടത്തിൽ സമർപ്പിച്ചു.

 

ജനുവരി 17ന് ഫാ.ആന്റണി വാഴപ്പള്ളിയുടെ 29ാം ചരമദിനത്തിൽ, അദ്ദേഹത്തിന്റെ ജന്മസ്ഥലമായ തൃശൂരിൽ വച്ച് റവന്യൂ മന്ത്രി കെ.രാജൻ പുരസ്കാരം സമ്മാനിക്കും. തൃശൂർ എംഎൽഎ പി.ബാലചന്ദ്രൻ, എബ്രഹാം ഇട്ടിച്ചെറിയ, ഷവലിയാർ പ്രഫ. ജോർജ് മേനാച്ചേരി, പ്രഫ. വി.ജി തമ്പി, സംഗീതസംവിധായകൻ ഔസേപ്പച്ചൻ, ബിനോയ് വേളൂർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും

 

 

‘ദ് സോങ് ഓഫ് ആൻ ഇന്ത്യൻ കുക്കൂ ഹിൽഹർമോണിയ ഇൻ Dm’ ( ഒരു വിഷു പക്ഷിയുടെ ഗാനം)

 

ഒരു വിഷുപക്ഷി ഇവിടെ നിന്നും യെരുശലേമിൽ പോയി അവിടെ കേട്ട യേശുവിന്റെ കഥ ഇവിടെ വന്ന് പാടികേൾപ്പിക്കുന്നതാണ് (യേശുവിന്റെ  ജീവചരിത്രമാണ് ഈ സംഗീത സൃഷ്ടി) പാശ്ചാത്യ സംഗീതത്തിലെ സിംഫണിയുമായി ചേർന്നു പോകുന്നതാണ് ഇതിന്റെ അവതരണം. എന്നാൽ നാല് മൂവ്മെന്റാണ് സിംഫണിയിലുള്ളത്. ഇതിൽ അഞ്ച് മൂവ്മെന്റ് ചേർത്തിരിക്കുന്നു.

 

ഇന്ത്യ ക്ലാസിക്കൽ സംഗീതത്തിലെ എട്ട് രാഗങ്ങളെ ലോകത്തിനു പരിചയപ്പെടുത്തുക എന്നതാണ് ഇതിലൂടെ സംവിധായകൻ ഉദ്ദേശിക്കുന്നത്. സാധാരണ കേൾക്കുന്നതിലും വിഭിന്നമായ ആസ്വാദന തലം ഇതിനുണ്ട്. വെസ്റ്റേൺ ഡയടോണിക് സ്കെയിൽ കൂടാതെ മോഹനം, ഹംസധ്വനി, കല്യാണി, സിന്ധുഭൈരവി, ഹിന്തോളം, ചാരുകേശി, ദേശ്, ശങ്കാരഭരണം തുടങ്ങിയ രാഗങ്ങളിലാണ് ഇത് ചിട്ടപ്പെടുത്തിയിരിക്കുന്നത്. 

 

കേരളത്തിൽ ആദ്യമായി 2015 ൽ കോട്ടയത്തും 2016 ൽ എറണാകുളത്തും ഗായകരായ ഡോ. കെ.ജെ യേശുദാസിന്റേയും കെ.എസ്.ചിത്രയുടെയും സാന്നിധ്യത്തിൽ ഈ സിംഫണി അവതരിപ്പിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com