ശാലീനം സംഗീത ജീവിതം; മടിച്ചെത്തി വെള്ളിവെളിച്ചം

HIGHLIGHTS
  • തരംഗിണിപ്പാട്ടുകളിൽനിന്ന് സിനിമാരംഗത്തേക്ക്
alleppy-renganath4
SHARE

ഏറെ കഴിവുണ്ടായിട്ടും മലയാളസിനിമയിൽ വേണ്ടത്ര ശ്രദ്ധ കിട്ടാതെപോയ പ്രതിഭയാണ് ആലപ്പി രംഗനാഥ്. അതിന്റെ വേദന എന്നും അദ്ദേഹത്തിനുണ്ടായിരുന്നുതാനും.നാടകരചനയും പാട്ടെഴുത്തും സംഗീതസംവിധാനവുമായി നാടകരംഗത്തു സജീവമായിരുന്നെങ്കിലും തരംഗിണി സ്റ്റുഡിയോയ്ക്കുവേണ്ടി തയാറാക്കിയ ലളിതഗാന ആൽബങ്ങൾ ശ്രദ്ധനേടിയതോടെയാണ് സിനിമാലോകം രംഗനാഥിനു വാതിൽ തുറന്നുകൊടുത്തത്. അതിനുമുൻപ് അവസരം തേടി മദ്രാസിൽ പോയെങ്കിലും ആദ്യശ്രമങ്ങളെല്ലാം പാളി.

പി.എ. തോമസ് എന്ന നിർമാതാവ് ‘ജീസസ്’ സിനിമയിലെ പാട്ടുകൾ ചിട്ടപ്പെടുത്താൻ എം.എസ്.വിശ്വനാഥിനും യേശുദാസിനും ഒപ്പം രംഗനാഥിനെയും ഉൾപ്പെടുത്തിയതാണ് സിനിമയിലെ തുടക്കം. അങ്ങനെയാണ് ‘ഓശാനാ... ഓശാനാ...’ ’എന്ന ഗാനത്തിന്റെ പിറവി. അഗസ്‌റ്റിൻ വഞ്ചിമലയായിരുന്നു രചന. രംഗനാഥിന്റെ ആദ്യത്തെ നാടകഗാനത്തിന്റെ റിക്കോർഡ് തയാറാക്കാൻ എച്ച്‌എംവി കമ്പനിയോടു ശുപാർശ ചെയ്യുകയും ആ ഗാനങ്ങൾ പാടുകയും ചെയ്‌തത് പി.ജയചന്ദ്രനായിരുന്നു. അതുകൊണ്ടു തന്റെ ആദ്യത്തെ സിനിമാഗാനവും ജയചന്ദ്രനെക്കൊണ്ടു പാടിച്ചു.

‘ജീസസ്’ സിനിമ 101 ദിവസം ഓടിയപ്പോൾ തന്റെ അടുത്തപടമായ സെന്റ് തോമസിലെ മുഴുവൻ പാട്ടുകളുടെയും സംഗീതസംവിധാനം തോമസ്, രംഗനാഥിനു വാഗ്ദാനം ചെയ്തെങ്കിലും അവസാനനിമിഷം അതു നഷ്ടപ്പെട്ടു. സിനിമാമോഹം മതിയാക്കി മടങ്ങി നാട്ടിലെത്തി വീണ്ടും നാടകവുമായി സജീവമാകുമ്പോഴാണ് യേശുദാസുമായി അടുക്കുന്നതും തരംഗിണിയിൽ ജോലിക്കു പ്രവേശിക്കുന്നതും. തരംഗിണിപ്പാട്ടുകളാണ് പ്രിയദർശന്റെ ‘പൂച്ചയ്‌ക്ക് ഒരു മൂക്കുത്തി’യുടെ പശ്ചാത്തല സംഗീതത്തിന് അവസരമൊരുക്കിയത്. പിന്നാലെ ‘പപ്പൻ പ്രിയപ്പെട്ട പപ്പനിലെ’ പാട്ടുകൾക്ക് ഈണമിട്ടു.

തരംഗിണിയുടെ ചിൽഡ്രൻ സോങ്സ് ’ കേട്ട് ഇഷ്ടപ്പെട്ടാണ് 1984ൽ ബാലചന്ദ്രമേനോൻ ‘ആരാന്റെ മുല്ല കൊച്ചുമുല്ല’ എന്ന സിനിമയുടെ സംഗീതസംവിധാനം രംഗനാഥിനെ ഏൽപിക്കുന്നത്. അതിലെ ‘കാട്ടിൽ കൊടുംകാട്ടിൽ’, ‘ശാലീന സൗന്ദര്യമേ’ എന്നീ ഗാനങ്ങൾ ഹിറ്റായി. പിന്നീട് പ്രിൻസിപ്പൽ ഒളിവിൽ, മടക്കയാത്ര, മാമലകൾക്കപ്പുറത്ത്, ക്യാപ്റ്റൻ, അച്ഛൻ ബാലൻ മകൻ ഭീമൻ തുടങ്ങി 25 ഓളം സിനിമകൾക്ക് ഈണമിട്ടു. ഇവയിൽ പലതും റിലീസായില്ല.

 അമ്പാടി തന്നിലൊരുണ്ണി, ധനുർവേദം എന്നീ സിനിമകൾ സംവിധാനം ചെയ്തെങ്കിലും ശ്രദ്ധനേടിയില്ല.. അമ്പാടിതന്നിലൊരുണ്ണിയുടെ റീ റിക്കോർഡിങ്ങിന് കീബോർഡ് വായിച്ചത് എ.ആർ. റഹ്‌മാനായിരുന്നു. ത്യാഗരാജസ്വാമികളെപ്പറ്റി ദൂരദർശനിൽ 17 എപ്പിസോഡ് പരമ്പരയും ‘അറിയാതെ’ എന്ന ടെലിഫിലിമും രംഗനാഥ് സംവിധാനം ചെയ്‌തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സെൻസറിങ് വേണ്ട സെർട്ടിഫിക്കേഷൻ മതി; കമൽഹാസൻ | Kamal Haasan about Movie Vikram and Politics

MORE VIDEOS
FROM ONMANORAMA