ഗായിക സുജാത മോഹന്റെ സ്വരഭംഗിയിൽ പുറത്തുവന്ന ‘സ്വപ്നാടനം’ സംഗീതവിഡിയോ ശ്രദ്ധേയമാകുന്നു. സംഗീതലോകത്തിന് വേറിട്ട ഈണങ്ങൾ പകർന്നേകിയ സ്റ്റീവ് മാത്തൻ ഈണമൊരുക്കിയ ഗാനമാണിത്. ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നതും അദ്ദേഹം തന്നെ. ഡോ.ബാബു ജീസസ് ആണ് വരികൾ കുറിച്ചത്.
‘നിറനിലാ നർത്തന ശാലയിലിന്നലെ
കിലുകിലുക്കം കേട്ട് ഞാനുണർന്നു....
കിനാവിൻ നൂപുര വാതിലിലെന്തിനോ
വെള്ളലരിപ്പൂക്കൾ ചിരിച്ചു നിന്നു, ചിരിച്ചു നിന്നു...’
മനോരമ മ്യൂസിക് ആണ് ‘സ്വപ്നാടനം’ പ്രേക്ഷകർക്കരികിലെത്തിച്ചത്. മികച്ച ദൃശ്യാനുഭവം കൂടി സമ്മാനിക്കുന്ന പാട്ട് ചുരുങ്ങിയ സമയത്തിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. സുജാതയുടെ സ്വരഭംഗിയും സ്റ്റീവ് മാത്തന്റെ ഹൃദയം തഴുകും ഈണവും ആദ്യകേൾവിയിൽ തന്നെ മനസ്സിൽ പതിയുന്നുവെന്നാണ് ആസ്വാദകപക്ഷം.
ദീപ ശ്രീകുമാർ, അപർണ സി.എസ്, അരുൺ ജോസ് എന്നിവരാണ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഉദയരാജ് തോപ്പിൽ ഗാനചിത്രീകരണം നിർവഹിച്ചിരിക്കുന്നു.