വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലൊരുങ്ങുന്ന ‘ഹൃദയ’ത്തിന്റെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു. നടൻ മോഹൻലാൽ ആണ് ഹൃദയം കസെറ്റ് റിലീസ് ചെയ്തത്. മനോരമ ഓൺലൈനും ജെയിൻ ഇന്റർനാഷനൽ സ്കൂൾ ഓഫ് ക്രിയേറ്റീവ് ആർട്സും ചേർന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്. നീണ്ട ഇടവേളയ്ക്കു ശേഷമാണ് മലയാള സിനിമയുടെ ഓഡിയോ കാസറ്റ് ലോഞ്ച് ചെയ്യുന്നത്.
ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്ന പ്രണവ് മോഹൻലാൽ, ദർശന രാജേന്ദ്രൻ, സംവിധായകൻ വിനീത് ശ്രീനിവാസൻ, സംഗീതസംവിധായകൻ ഹിഷാം അബ്ദുൽ വഹാബ്, നിർമാതാവ് വിശാഖ് സുബ്രഹ്മണ്യം തുടങ്ങി നിരവധി പേരാണ് ചടങ്ങിൽ സംബന്ധിച്ചത്.
15 പാട്ടുകളുമായാണ് ഹൃദയം ഒരുങ്ങുന്നത്. ചിത്രത്തിലെ സൂപ്പർ ഹിറ്റ് ആയ ‘ദർശനാ’ ഗാനം ഹിഷാമും ദർശനയും ചേർന്ന് വേദിയിൽ പാടി. ഇവർ തന്നെയാണ് ചിത്രത്തിനു വേണ്ടി ഈ ഗാനം ആലപിച്ചത്. ‘ഹൃദയ’ത്തിലെ ഇതുവരെ പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം മികച്ച പ്രേക്ഷകസ്വീകാര്യത നേടിയിരിക്കുകയാണ്.
‘ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം’ പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹൃദയം’. 42 വര്‍ഷത്തിനു ശേഷം മെറിലാന്‍ഡ് സിനിമാസ് നിർമാണത്തിലേക്കു തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്.