ADVERTISEMENT

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ‘ബ്രോ ഡാഡി’യിലെ പാട്ടു വിശേഷങ്ങൾ പങ്കിട്ട് പൃഥ്വിരാജും സംഗീതസംവിധായകൻ ദീപക് ദേവും. മോഹൻലാലും പൃഥ്വിരാജും ചേർന്നാലപിച്ച ‘വന്നു പോകും’ എന്നു തുടങ്ങുന്ന ടൈറ്റിൽ സോങ് അച്ഛനും മകനും തമ്മിലുള്ള സംഭാഷണമായാണ് ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ ഈ ഗാനത്തെക്കുറിച്ചു മനസ്സു തുറക്കുന്ന പൃഥ്വിയുടെയും ദീപക് ദേവിന്റെയും വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. 

 

‘ബ്രോ ഡാഡിയുടെ തിരക്കഥ ആദ്യം കേട്ടപ്പോൾ പാട്ടിന്റെ സാഹചര്യത്തെക്കുറിച്ച് ഒന്നും ആലോചിച്ചിരുന്നില്ല. സ്ക്രിപ്റ്റിൽ നിന്നും ഏതാനും ചില സീനുകൾ മാറ്റേണ്ടി വന്നപ്പോൾ അത് എങ്ങനെ പ്രേക്ഷകർക്കു മുന്നിലെത്തിക്കാമെന്നായി ചിന്ത. അങ്ങനെയാണ് ‘പറയാതെ വന്നെൻ...’ എന്ന പാട്ടിനെക്കുറിച്ച് ആലോചിക്കുന്നത്. അതുപോലെ തന്നെയാണ് ഈ ടൈറ്റിൽ സോങ്ങും. സിനിമയുടെ കാസ്റ്റിങ് എല്ലാം കഴിഞ്ഞാണ് ടൈറ്റിൽ ഗാനം രണ്ട് മിനിറ്റ് അനിമേഷനായി ചെയ്‌താൽ കൊള്ളാമെന്നു തോന്നിയത്. ഭാഗ്യ എന്ന ഒരു അനിമേഷൻ ആർട്ടിസ്റ്റാണ് പാട്ടിന്റെ അനിമേഷൻ നിർവഹിച്ചിരിക്കുന്നത്’, പൃഥ്വിരാജ് പറഞ്ഞു. 

 

ടൈറ്റിൽ ഗാനത്തെക്കുറിച്ച് ദീപക് ദേവ് പറയുന്നത് ഇങ്ങനെ: ‘അച്ഛനും മകനും തമ്മിലുള്ള ഒരു സൗഹൃദ ഗാനമാണിത്. അതിൽ പാട്ടു പാടാൻ ആരെ വിളിക്കുമെന്നത് വലിയ ചോദ്യ ചിഹ്നമായിരുന്നു. പൃഥ്വിയെ പരിചയമുള്ളതുകൊണ്ട്, ഒരു കാര്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടാൽ അതൊഴികെ ബാക്കിയെല്ലാം ചെയ്യുമെന്ന കാര്യം എനിക്ക് അറിയാമായിരുന്നു, (ചിരിക്കുന്നു). അതുകൊണ്ട് ഞാൻ എന്റെ ആഗ്രഹം മനഃപൂർവം അറിയിച്ചില്ല. പക്ഷേ ഞാനും ലാലേട്ടനും കൂടെ പാടിയാലോ എന്ന് പൃഥ്വി തന്നെ എന്നോടു ചേദിച്ചു. അങ്ങനെ പാട്ട് റെക്കോർഡ് ചെയ്തു. ഒടുവിൽ ഇവരേക്കാൾ മികച്ച കോംബിനേഷൻ വേറെയില്ലെന്നു തോന്നിപ്പോയി എനിക്ക്’. 

 

ലൂസിഫറിനു ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബ്രോ ഡാഡി’. ജോൺ കാറ്റാടി എന്ന കഥാപാത്രമായി മോഹന്‍ലാലും അദ്ദേഹത്തിന്റെ മകൻ ഈശോ ജോണ്‍ കാറ്റാടിയായി പൃഥ്വിരാജും എത്തുന്നു. മീന മോഹൻലാലിന്റെ ഭാര്യയായി വേഷമിടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com