ADVERTISEMENT

കോവിഡ് വാക്സീൻ സ്വീകരിക്കാതെ പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനു വേണ്ടി മനഃപൂർവം രോഗബാധിതയായ ചെക്ക് റിപ്പബ്ലിക്കൻ നാടോടി ഗായിക ഹനാ ഹോർക മരിച്ചു. കോവിഡ് ഭേദമായതിനു പിന്നാലെയാണ് 57കാരിയായ ഹനാ ഹോർകയുടെ അന്ത്യം. ഗായികയുടെ മകൻ ജാൻ റെക്കാണ് മരണവിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. 

 

ചെക്ക് റിപ്പബ്ലിക്കിലെ നിയമപ്രകാരം പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിന് ഓരോരുത്തരും രണ്ട് ഡോസ് വാക്സീൻ സ്വീകരിക്കുകയോ അടുത്തിടെ കോവിഡ് ബാധിച്ചതിന്റെ തെളിവ് ഹാജരാക്കുകയോ വേണം. സ്വന്തം സംഗീത ബാൻഡ് ആയ അസോണ്‍സിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ് ഹോർക കോവിഡ് ബാധിച്ചവരുമായി അടുത്ത് ഇടപഴകി മനഃപ്പൂർവം രോഗബാധിതയായത്.

 

ഹനാ ഹോർകയുടെ ഭർത്താവിനും മകനും ക്രിസ്മസ് ആഘോഷങ്ങൾക്കിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെ ഹോർകയോട് സ്വയം നിരീക്ഷണത്തിൽ കഴിയാൻ ഇരുവരും ആവശ്യപ്പെടുകയുമുണ്ടായി. എന്നാൽ തനിക്കും കോവിഡ് ബാധിക്കണമെന്ന ഉദ്ദേശ്യത്തോടെ ഗായിക ഭർത്താവിനും മകനുമൊപ്പം കഴിഞ്ഞു. വൈകാതെ രോഗം സ്ഥരീകരിക്കുകയായിരുന്നു. 

 

താൻ കോവിഡിനെ അതിജീവിച്ചുവെന്ന് രണ്ടു ദിവസം മുൻപ് ഹനാ ഹോർക സമൂഹമാധ്യമങ്ങളിൽ‌ കുറിച്ചു. അതിതീവ്രമായാണു തന്നെ വൈറസ് ബാധിച്ചതെന്നും ഇനി പൊതുപരിപാടിയിൽ പങ്കെടുക്കാമെന്നുമായിരുന്നു കുറിപ്പ്. പിന്നാലെയാണ് ഗായികയുടെ മരണവിവരം പുറത്തു വന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com