ADVERTISEMENT

മഹാഗായിക ലതാ മങ്കേഷ്കറിന്റെ വേർപാടിലുള്ള ദുഃഖം പങ്കിട്ട് കൈതപ്രം ദാമോദരൻ നമ്പൂതിരി. ഒരിക്കലെങ്കിലും നേരിട്ടു കാണാൻ ശ്രമിക്കാതിരുന്നത് വലിയൊരു വിങ്ങലായി അനുഭവപ്പെടുന്നെന്ന് മനോരമ ഓൺലൈനോട് കൈതപ്രം പറഞ്ഞു. അവരുടെ ശബ്ദം ലോകത്തിന് മുഴുവനൊരു തണുപ്പായിരുന്നെന്ന് അദ്ദേഹം അനുസ്മരിച്ചു. 

 

കൈതപ്രത്തിന്റെ വാക്കുകൾ: ലോകത്ത് കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരമായ ശബ്ദമാണ് ലതാജിയുടേത്. അതിൽ യാതൊരു സംശയവുമില്ല. ദാസേട്ടൻ പറഞ്ഞത് എനിക്കോർമയുണ്ട്. ലതാജിയുടെ പാട്ടു കേൾക്കാൻ വേണ്ടി വേലി ചാടി ഓടിയിരുന്നൊരു കുട്ടിക്കാലത്തെക്കുറിച്ച് ദാസേട്ടൻ പറയുമായിരുന്നു. മൂന്നാമത്തെയോ നാലാമത്തെയോ പറമ്പിലാകും ആ പാട്ട് വച്ചിരിക്കുന്ന വീട്! അവിടേക്കെത്താൻ അറിയാതെ വേലി പോലും ചാടിക്കടന്ന് ഓടുമെന്നാണ് ദാസേട്ടൻ പറഞ്ഞത്. 

 

കടലിനക്കരെ പോണോരെ എന്ന പാട്ട് ലതാജിക്കു വേണ്ടി ദാസേട്ടൻ ട്രാക്ക് പാടിയിരുന്നു. അന്ന് ആ പാട്ട് അവർ പാടിയില്ല. ആരും അവരെ വല്ലാതെ നിർബന്ധിച്ചില്ല. നിർബന്ധിച്ചിരുന്നെങ്കിൽ അവർ ആ പാട്ട് പാടുമായിരുന്നു. പിന്നെ, അവർ കദളി ചെങ്കദളി പാടിയല്ലോ! കടലിനക്കരെ ഗാനം അവർ പാടിയരുന്നെങ്കിൽ നല്ല രസമായിരുന്നേനെ! 

 

ലതാജിയെ നേരിൽ കാണാൻ കഴിഞ്ഞില്ല. അതൊരു വലിയ നഷ്ടമാണ്. ഞാൻ ബോംബെ പോയ സമയത്തൊന്നും അങ്ങനെയൊരു തോന്നലുണ്ടായിരുന്നില്ല. അതാണ് പറ്റിയത്. സലിൽ ചൗധരിയും ബോംബെ രവിയുമായും ഉള്ള ബന്ധം ഉപയോഗിച്ച് അവരെ നേരിൽ കാണാമായിരുന്നു. ഇപ്പോൾ ഓർക്കുമ്പോൾ സങ്കടം തോന്നുന്നു. ലതാജിയുടെ വേർപാട് വല്ലാത്തൊരു നഷ്ടമാണ്. ഈ ലോകത്ത് എവിടെയെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചു പോകുന്നു. അവർ ഈ ലോകത്തിന് മുഴുവനൊരു തണുപ്പാണ്. വല്ലാത്തൊരു പോക്കായിപ്പോയി! വലിയൊരു നഷ്ടം!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com