20ാം വയസ്സിൽ നിർമാതാവ് തള്ളിക്കളഞ്ഞ ശബ്ദം; പിറ്റേ വർഷം ലോകത്തെ കയ്യടിപ്പിച്ച് ലതാജി

lata-mangeshkar7
SHARE

ജീവിക്കാൻ വേണ്ടി നാടുവിട്ടു പോകുന്ന ഓരോ പ്രവാസിയുടെയും മനസ്സിൽ ഒരു പിൻവിളിയുണ്ടാകും. ‘ആജാരേ...’ എന്ന ആ വിളിക്ക് ലത മങ്കേഷ്കറുടെ ശബ്ദമാണ്. ഇരുപതാം വയസ്സിൽ സിനിമയ്ക്കു വേണ്ടി പാടാൻ ചെന്നപ്പോൾ വളരെ നേർത്തത് എന്നു പറഞ്ഞ് ഒരു നിർമാതാവ് തള്ളിക്കളഞ്ഞ അതേ ശബ്ദം. 

ആ നിരാസത്തിനു പിറ്റേക്കൊല്ലം മഹൽ എന്ന ചിത്രത്തിനു വേണ്ടി പാടിയ ആയേഗാ ആനേവാലാ എന്ന ഗാനം ഹിന്ദി സിനിമാലോകം ഏറ്റെടുത്തു. 

∙ ജനപ്രിയത്തിന്റെ വസന്തകാലം

ജനപ്രിയ സംഗീതത്തിൽ റേഡിയോ സിലോൺ ബിനാകാ ഗീത് മാലാ എന്ന വിപ്ലവം കൊണ്ടു വന്ന കാലമായിരുന്നു അൻപതുകൾ. ഓരോ ആഴ്ചയിലെയും മികച്ച ഗാനങ്ങളുമായി അമീൻ സായ്നി എന്ന അക്കാല റേഡിയോ ജോക്കിയുടെ അടിക്കുറിപ്പോടെ ജനപ്രിയ ഗാനങ്ങൾ പാർക്കുകളിലും പൊതുസ്ഥലങ്ങളിലും മുഴങ്ങിയിരുന്ന കാലം. ഗീത്‌മാല പ്രശസ്തമായതിനൊപ്പം ഗായകരും ഗാനരചയിതാക്കളും സംഗീതസംവിധായകരും ജനങ്ങൾക്കു പരിചയക്കാരായി. 

അക്കാലത്തെ സംഗീതസംവിധായകരെല്ലാം തങ്ങളുടെ ഏറ്റവും നല്ല പാട്ട് ലതയ്ക്കായി കരുതി വയ്ക്കാൻ തുടങ്ങിയതോടെ അറുപതുകളിൽ തുടങ്ങി ആ പിൻമാറ്റമില്ലാത്ത ജൈത്രയാത്ര. നൗഷാദിനു വേണ്ടി പ്യാർ കിയാ തോ ഡർനാ ക്യാ, ശങ്കർ ജയ്കിഷന്റെ അജീബ് ദാസ്താൻഹേ യേ, ഹേമന്ദ് കുമാറിന്റെ കഹീ ദീപ് ജലേ കഹീ ദിൽ, സച്ചിൻ ദേവ് ബർമനു വേണ്ടി ഗാതാ രഹേ മേരാ ദിൽ, മദൻ മോഹനു വേണ്ടി ആപ്കേ നസരോം മേ തുടങ്ങിയ ഗാനങ്ങൾ അറുപതുകളിൽ പുറത്തു വന്നവയാണ്. 

∙ ലക്ഷ്മികാന്ത് – പ്യാരേലാൽ

1963ലാണ് ലത ആദ്യമായി ലക്ഷ്മികാന്ത്–പ്യാരേലാൽ ടീമിനു വേണ്ടി പാടിയത്. 35 വർഷത്തിനിടെ 712 ഗാനങ്ങളിലാണ് ലത അവർക്കു സ്വരം കടം കൊടുത്തത്.  ദിൽ വിൽ പ്യാർ വാർ, തേരേ മേരേ ബീച് മേം, സത്യം ശിവം സുന്ദരം തുടങ്ങിയ ഗാനങ്ങൾ ഓർക്കാം.

∙ പിണക്കം റഫിയോടും എസ്ഡി ബർമനോടും

ലതയുടെ പിണക്കങ്ങളും പ്രശസ്തമാണ്. ഒരു പാട്ടിന്റെ റെക്കോർഡിങ്ങിനിടെയാണു റഫിയുമായി തെറ്റിയത്. പാട്ടിനു സംഗീതസംവിധായകർക്കു കൊടുക്കുന്ന റോയൽറ്റിയുടെ പകുതി ഗായകർക്കു നൽകണമെന്നായിരുന്നു ലതയുടെ ആവശ്യം. റഫി പിന്തുണയ്ക്കുമെന്ന് അവർ കരുതിയെങ്കിലും പാട്ടിനു പ്രതിഫലം വാങ്ങുന്നതോടെ ആ ബന്ധം തീർന്നുവെന്നും പിന്നെ റോയൽറ്റിയുടെ ആവശ്യമില്ലെന്നും റാഫി പറഞ്ഞതു ലതയെ ചൊടിപ്പിച്ചു. പിന്നീട് ജയകിഷൻ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. 

സച്ചിൻ ദേവ് ബർമനുമായുള്ള പിണക്കം 4 വർഷം നീണ്ടു. ലതയെപ്പോലുള്ള ഗായകരെ സൃഷ്ടിച്ചതു സംഗീത സംവിധായകരാണെന്ന എസ്.ഡി ബർമന്റെ പരാമർശമാണു ലതയെ പ്രകോപിതയാക്കിയത്. അൻപതുകളുടെ ഒടുക്കം മുതൽ അറുപതുകളുടെ തുടക്കം വരെ 4 വർഷം ലത പ്രിയപ്പെട്ട സച്ചിൻ ദായ്ക്കു വേണ്ടി പാടിയില്ല. പിണക്കം അവസാനിപ്പിച്ചത് അന്നു സംഗീത സംവിധാനത്തിൽ അരങ്ങേറ്റത്തിനൊരുങ്ങുകയായിരുന്ന ജൂനിയർ ബർമൻ പഞ്ചമായിരുന്നു (ആർ.ഡി.ബർമൻ). പഞ്ചം മുൻകൈയെടുത്ത് ലതയെ വിളിച്ചു. ഒൗപചാരികമായാണു സംസാരം തുടങ്ങിയതെങ്കിലും ലത എവിടെ നീ, വാ ഒരു പാട്ടുണ്ട് എന്ന സച്ചിൻ ദായുടെ വിളിയിൽ എല്ലാം അലിഞ്ഞു എന്നൊരു കഥയുണ്ട്. 

 

∙ ആർ.ഡി. ബർമനൊപ്പം

ആശ ഭോസ്‌ലെയും ആർ.ഡി.ബർമനും തമ്മിലുള്ള പ്രണയം കൊണ്ടാകാം അദ്ദേഹത്തിന്റെ മികച്ച ഗാനങ്ങൾക്കു ശബ്ദം കൊടുത്തത് ആശയാണെന്നൊരു ധാരണയുണ്ട്. എന്നാൽ അച്ഛൻ സച്ചിൻ ദേവിനെപ്പോലെ മകൻ രാഹുൽ ദേവിനു പ്രിയ മെലഡി ഗായിക ലതയായിരുന്നു. ഇന്നു പുതുമ നഷ്ടപ്പെടാതെ നമ്മുടെ മനസ്സിലുള്ള ബാഹോം മേ ചലി ആ, തേരേ ബിനാ സിന്ദഗി സേ കോയി, തേരേ ബിനാ ജിയാ ലാഗേ രാ, മേരാ നൈനാ തുടങ്ങിയ ഗാനങ്ങൾ ഓർക്കാം. 

∙ ലതയുടെ പ്രണയങ്ങൾ

രുദാലി എന്ന സിനിമയ്ക്കു വേണ്ടി ബ്രഹ്മപുത്രയുടെ തീരത്തു നിന്ന് ഭുപേൻ ഹസാരിക എന്ന മാന്ത്രികൻ സൃഷ്ടിച്ച ഈണത്തെ ബ്രഹ്മയുടെ ആഴത്തിലേക്കും പരപ്പിലേക്കും കൊണ്ടു പോയി ലത, ‘ദിൽ ഹും ഹും കരേ...’

ഭൂപൻ മരിച്ച് ഒരു വർഷം പിന്നിടും മുൻപ്, അദ്ദേഹത്തിന്റെ ഭാര്യയായിരുന്ന പ്രിയംവദ പരസ്യമായി ഒരു അഭിമുഖത്തിൽ പറഞ്ഞു, ലതയ്ക്ക് തന്റെ ഭർത്താവിനോടു ഭ്രാന്തമായ പ്രണയമായിരുന്നു. എന്നാൽ അതേക്കുറിച്ചു ലത എന്തെങ്കിലും പറഞ്ഞതായി അറിയില്ല. 

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബിസിസിഐ അധ്യക്ഷനുമായിരുന്ന രാജ്സിങ് ദുംഗാർപൂരുമായി ലതയ്ക്ക് അടുപ്പമുണ്ടായിരുന്നതായി പ്രചരണമുണ്ടായിരുന്നു. എന്നാൽ സാധാരണക്കാരിയായി ലതയെ വിവാഹം കഴിക്കുന്നതിനോട് അച്ഛനും പഴയ ദുംഗാർപൂർ രാജാവുമായ ലക്ഷ്മൺ സിങ്ജിക്ക് എതിർപ്പായിരുന്നു. ലതയെപ്പോലെ രാജും പിന്നീട് വിവാഹം കഴിച്ചില്ല. 

ഇന്ദിരാഗാന്ധിയുടെ കഥയെന്ന പ്രചാരണത്തിന്റെ പേരിൽ അടിയന്തരവാസ്ഥക്കാലത്തു നിരോധിക്കപ്പെട്ട ‘ആന്ധി’ എന്ന സിനിമയിൽ ലതയും കിഷോറും ചേർന്ന് അനശ്വരമാക്കിയ ‘തേരേ ബിനാ സിന്ദഗി സേ കോയി ശിഖ്‌വാ’ എന്ന ഗാനത്തിൽ ഈ നഷ്ടപ്രണയം വായിച്ചെടുക്കുന്നവരുണ്ട്. 

 

∙ ഐക്കൺ ഗാനങ്ങൾ

പ്രവാസികളുടെ മനസ്സിൽ ഓളം വെട്ടുന്ന ആജാരേ പർദേശി പോലൊരു ഗാനമാണ് കവി പ്രദീപിന്റെ വരികളിൽ സി. രാമചന്ദ്ര ഈണമിട്ടു ലത പാടിയ യേ മേരേ വതൻ കേ ലോഗോം. 1963ലെ ഇന്ത്യ ചൈന യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണു രാജ്യത്തിന്റെ രക്തസാക്ഷികള്‍ക്കു വേണ്ടി ഈ ഗാനം പിറക്കുന്നത്. അതു കേട്ടു ജവഹർലാൽ നെഹ്റു പോലും കണ്ണീർ പൊഴിച്ചുവെന്നു കഥ. പിന്നീടിങ്ങോട്ടു ഇത് ഇന്ത്യൻ ദേശീയതയുടെ ഗാനമായി മാറുകയായിരുന്നു. 

അഞ്ചു പതിറ്റാണ്ടോളം ഇന്ത്യൻ ചലച്ചിത്ര സംഗീതം അടക്കി വാണ ലത പല തലമുറകൾക്കു വേണ്ടി പാടി. സച്ചിൻ ദേവ് ബർമൻ– മകൻ രാഹുൽദേവ് ബർമൻ, സർദാർ മാലിക്–അനു മാലിക്, റോഷൻ– മകൻ രാജേഷ് റോഷൻ എന്നീ സംഗീത സംവിധായകർക്കു വേണ്ടി പാടി. തനൂജയ്ക്കും മകൾ കജോളിനും വേണ്ടി ശബ്ദം നൽകി. 

പാട്ടുകാരി മാത്രമേ പോയിട്ടുള്ളൂ. പാട്ട് ഇവിടെയുണ്ടാകും... എന്നും എപ്പോഴും.

ലത തന്നെ അതു പാടിയിട്ടുണ്ട്. 1966ൽ മേരാ സായയിൽ, രാജാ മെഹ്ദി അലി ഖാന്റെ വരികളിൽ, മദൻ മോഹന്റെ ഈണത്തിൽ; തൂ ജഹാ, ജഹാ ചലേഗാ, സായാ സാത് ഹോഗാ.

ഇന്ത്യൻ മനസ്സ് എവിടെ പോയാലും നിഴൽ പോലെ കൂടെയുണ്ടാകും ആ ഗാനങ്ങൾ. 

1977ൽ കിനാരാ എന്ന സിനിമയിൽ ആർ.ഡി. ബർമന്റെ ഈണത്തിൽ ഗുൽസാർ നൽകിയ സൈൻ ഓഫ് പോലെ; 

നാം ഗും ജായേഗാ, ചേഹ്‌രാ യേ ബദൽ ജായേഗാ

 

മേരി ആവാസ് ഹി പെഹ്ചാൻ ഹേ

 

ഗർ യാദ് രഹേ

അതെ, മുഖം മാറാം, പേരു മാറാം; ഈ ശബ്ദം അത് ഇവിടെ എന്നെന്നും ലയിച്ചു കിടക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA