ADVERTISEMENT

തന്റെ ഒരു പാട്ട് എങ്കിലും ലതാ മങ്കേഷ്‌കർ പാടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്ത സംഗീത സംവിധായകർ ഇന്ത്യയിൽ ഉണ്ടാവുമോ? തീർച്ചയായും ഇല്ല എന്നു പറയാൻ വരട്ടെ. തന്റെ സംഗീത ലോകത്തുനിന്ന് ആയുഷ്‌ക്കാലം ലതയെ ഒഴിച്ചു നിർത്തിയ ഒരു സംഗീത സംവിധായകനുണ്ട്. പ്രഗൽഭനായ ഓംകാർ പ്രസാദ് നയ്യാർ. മാത്രമല്ല, ലതയുടെ സഹോദരി ആശ ഭോസ്‌ലേയെക്കൊണ്ട് ഒട്ടനവധി ഹിറ്റുകൾ സൃഷ്‌ടിക്കുകയും ചെയ്‌തു അദ്ദേഹം. ഒടുവിൽ ലതയുടെ പേരിൽ മധ്യപ്രദേശ് സർക്കാർ നൽകിയ പുരസ്‌കാരം പോലും നയ്യാർ നിരസിച്ചു. അത്ര തീവ്രമായിരുന്നു ലതയും നയ്യാരും തമ്മിലുള്ള പിണക്കം.

പിണക്കത്തിലുപരി ശത്രുതയായിരുന്നു ഇരുവരും തമ്മിൽ എന്നു പോലും പറയാം. നയ്യാർ സ്വതന്ത്ര സംഗീത സംവിധായകനായ ആദ്യ ചിത്രമായ ‘ ആസ്‌മാനി’ൽ പാടാൻ ലത കരാറാവുന്നു. പക്ഷേ, നയ്യാരും പശ്‌ചാത്തല സംഗീത വാദകരും മണിക്കൂറുകളോളം കാത്തിരുന്നിട്ടും ലത എത്തിയില്ല. അന്ന് ആരംഭിച്ചതാണ് ഈ പിണക്കം. 

 

ഇനി മേലിൽതന്റെ ഒരു ചിത്രത്തിലും ലത പാടില്ലെന്ന് നയ്യാർ അന്നുതന്നെ പ്രഖ്യാപിച്ചു. മറ്റൊരു റെക്കോർഡിങ്ങിന്റെ തിരക്കിൽ പെട്ടുപോയതുകൊണ്ടാണു നയ്യാരിന്റെ പാട്ടു പാടാൻ എത്താൻ കഴിയാതിരുന്നതെന്നാണു ലതയുടെ വിശദീകരണം. 1950കളുടെ തുടക്കത്തിലാണ് ഈ സംഭവം. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും പിണക്കം അയഞ്ഞില്ലെന്നു മാത്രമല്ല പരസ്‌പര വിദ്വേഷത്തിന്റെ ലഹരി ഏറി വരികയും ചെയ്‌തു. ഇരുവരും തരംകിട്ടുമ്പോഴൊക്കെ പരസ്പരം ഒളിയമ്പുകൾ എയ്‌തുകൊണ്ടിരുന്നു. ലതയുടെ മറ്റെല്ലാ പിണക്കങ്ങളും എന്നെങ്കിലും രമ്യതയിൽ എത്തിയിട്ടുണ്ടെങ്കിലും ഇതു മാത്രം ഒരിക്കലും ഇണങ്ങിയില്ല. രണ്ടാളും വിട്ടുവീഴ്ചയ്ക്കു തയാറായില്ല. 

 

മുഹമ്മദ് റഫിയുമായുള്ള പിണക്കമാണു പ്രശസ്‌തമായ മറ്റൊന്ന്. പാട്ടിന്റെ റോയൽറ്റിയെ ചൊല്ലിയായിരുന്നു ഭിന്നത. റോയൽറ്റി സംബന്ധിച്ചു ഹിന്ദി സിനിമാ മേഖലയിൽ ഉണ്ടായ തർക്കത്തിൽ ഇരുവരും രണ്ടു പക്ഷത്തായിരുന്നു. ഗായകർക്കും റോയൽറ്റി വേണമെന്നു ലത വാദിച്ചു. കിഷോർ കുമാർ, മുകേഷ്, തലത് മഹ്‌മൂദ്, മന്നാഡേ എന്നിവർ ലതയ്‌ക്കൊപ്പം നിന്നു. എന്നാൽ, ഒരിക്കൽ പ്രതിഫലം വാങ്ങിക്കഴിഞ്ഞാൽ പിന്നെ ഗായകനു കൂടുതൽ പ്രതിഫലത്തിന് അവകാശമില്ല എന്ന പക്ഷത്തായിരുന്നു റഫി. ലതയുടെ സഹോദരി ആശാ ഭോസ്‌ലേ റഫിയെ പിന്തുണച്ചു. പിണക്കത്തെ തുടർന്ന് 1963 മുതൽ 1967 വരെ നാലു വർഷം ലതയും റഫിയും ഒരുമിച്ചു പാടിയില്ല. ഹിന്ദി സിനിമാ ഗാനങ്ങളുടെ ദരിദ്രകാലം. ആർ.ഡി. ബർമൻ മുൻകൈ എടുത്താണ് ഈ പിണക്കം മാറ്റിയത്. തുടർന്ന് ഇരുവരും ചേർന്ന് ഒട്ടേറെ ഹിറ്റുകൾ സൃഷ്‌ടിച്ചു.

 

ഗായകൻ ജി.എം. ദൂറാനിയുമായുള്ള പിണക്കവും പ്രസിദ്ധമാണ്. 1949ൽ നൗഷാദിനുവേണ്ടി ഒരു യുഗ്മഗാനം റിക്കോർഡ് ചെയ്യാനായി ഇരുവരും സ്‌റ്റുഡിയോയിൽ നിൽക്കുന്നു. ലതയുടെ അണിഞ്ഞിരുന്ന മാലയെപ്പറ്റി ദൂറാനി പറഞ്ഞ കമന്റ് അവർക്ക് ഇഷ്‌ടപ്പെട്ടില്ല. ദൂറാനിയെ മാറ്റാതെ താൻ പാടില്ലെന്നു ലത വാശിപിടിച്ചു. ഒടുവിൽ നൗഷാദിനു വഴങ്ങേണ്ടിവന്നു. സദാത് ഖാൻ എന്ന പുതുമുഖ ഗാനമാണ് അന്നു ലതയ്‌ക്കൊപ്പം പാടിയത്. അന്നുവരെ തിരക്കേറിയ ഗായകനായിരുന്ന ദൂറാനിയുടെ പതനത്തിനു തുടക്കമിട്ട സംഭവമായി അത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com