ADVERTISEMENT

സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്ത് സുകുമാരനും ഒന്നിക്കുന്ന പത്താം വളവിലെ ആദ്യം ഗാനം റിലീസ് ചെയ്തു. എം. പത്മകുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഫാമിലി ഇമോഷനൽ ത്രില്ലർ ചിത്രം മെയ് 13 നാണ് തിയറ്ററുകളില്‍ എത്തുന്നത്. ഏലമലക്കാടിനുള്ളിൽ എന്ന ഇമ്പമാർന്നതും ദൃശ്യ സമ്പന്നവുമായ ഗാനം പാടിയിരിക്കുന്നത് ഹരിചരൺ ആണ്. വിനായക് ശശികുമാറിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് രഞ്ജിൻ രാജാണ്.

 

എം. പത്മകുമാറിന്റെ ചിത്രത്തിന് ഒരിക്കൽ കൂടി സംഗീതം നിർവഹിക്കാൻ സാധിച്ചതിൽ വളരെ സന്തോഷമുണ്ടെന്ന് സംഗീത സംവിധായകൻ പറയുന്നു. തനിക്ക് സംഗീത സംവിധാനത്തിൽ ഒരു നിർണായക അവസരം തന്ന പപ്പേട്ടനൊപ്പം വീണ്ടും പാട്ടൊരുക്കുമ്പോൾ വലിയ ഉത്തരവാദിത്തങ്ങൾ ഉണ്ടെന്നും അതെല്ലാം വിജയിക്കട്ടെയെന്നും രഞ്ജിൻ രാജ് കൂട്ടിച്ചേർത്തു.

 

വര്‍ഷങ്ങള്‍ക്കു മുമ്പ് കേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയൊരുക്കിയ ചിത്രത്തിൽ അതിഥി രവിയും സ്വാസികയുമാണ് നായികമാര്‍. അജ്മൽ അമീർ, അനീഷ് ജി. മേനോന്‍, സുധീര്‍ കരമന, സോഹന്‍ സീനു ലാല്‍, മേജര്‍ രവി, രാജേഷ് ശര്‍മ്മ, ഇടവേള ബാബു,നന്ദന്‍ ഉണ്ണി, ജയകൃഷ്ണന്‍,ഷാജു ശ്രീധര്‍, നിസ്താര്‍ അഹമ്മദ്,തുഷാര പിള്ള, അമ്പിളി തുടങ്ങിയവരാണ്  മറ്റ് താരങ്ങള്‍. നടി മുക്തയുടെ മകള്‍ കണ്മണി  അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് പത്താം വളവ്.

 

യുജിഎം പ്രൊഡക്‌ഷന്‍സിന്റെ ബാനറിൽ ഡോക്ടര്‍ സക്കറിയ തോമസ്, ശ്രീജിത്ത് രാമചന്ദ്രന്‍, ജിജോ കാവനാല്‍, പ്രിന്‍സ് പോള്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്നത്. ചിത്രത്തിലൂടെ ബോളിവുഡ് നിര്‍മ്മാണക്കമ്പനിയായ മുംബൈ മൂവി സ്റ്റുഡിയോസ് ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും പത്താം വളവിനുണ്ട്. റുസ്തം, ലഞ്ച് ബോക്സ് തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവായ നിതിന്‍ കേനിയുടെ പങ്കാളിത്തത്തില്‍ ഉള്ള കമ്പനിയാണ് എംഎംസ്.  

 

നൈറ്റ് ഡ്രൈവ് തിരക്കഥകൃത്ത് അഭിലാഷ് പിള്ളയാണ് പത്താം വളവിനും തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഭിലാഷിന്റെ രണ്ടാമത്തെ ത്രില്ലര്‍ ചിത്രമാണിത്. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് രതീഷ് റാം ആണ്.

എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, പ്രൊജക്റ്റ് ഡിസൈന്‍ നോബിള്‍ ജേക്കബ്, കോസ്റ്റ്യൂം ഡിസൈനര്‍ ഐഷ ഷഫീര്‍, ആര്‍ട്ട് രാജീവ് കോവിലകം, മേക്കപ്പ് ജിതേഷ് പൊയ്യ, പിആര്‍ഓ- ആതിര ദില്‍ജിത്ത്, വാഴൂര്‍ ജോസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com