ലത മരിക്കും മുൻപേ ആശ ചോദിച്ചു, ആഗ്രഹം സഫലമാക്കി ‘ദീദി’ മറഞ്ഞു!
Mail This Article
അന്തരിച്ച ഗായിക ലതാ മങ്കേഷ്കറിന്റെ ഓർമകൾ പങ്കുവച്ച് സഹോദരിയും ഗായികയുമായ ആശ ഭോസ്‌ലെ. സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോ വേദിയിൽ അതിഥിയായി എത്തിയതായിരുന്നു ആശ. ലത മരിക്കും മുൻപ് തനിക്കു നൽകിയ സമ്മാനത്തെക്കുറിച്ച് ആശ വേദിയിൽ മനസ്സു തുറന്നു.
ദീദി മരിക്കുന്നതിന് ആറു മാസം മുൻപ് തന്നോട് എന്തു വേണമെങ്കിലും ചോദിക്കാമെന്നു പറഞ്ഞെന്നും അതനുസരിച്ച് താൻ, ദീദിയുടെ ഒരു പഴയ സാരി ഒപ്പിട്ടു തരാമോ എന്ന് ആവശ്യപ്പെട്ടുവെന്നും ആശ പറഞ്ഞു. ലത മങ്കേഷ്കർ കയ്യൊപ്പു ചാർത്തിയ ആ സാരി ആശ വേദിയിൽ ഉയർത്തിക്കാണിച്ചു. ലോകത്തിലെ ഏതൊരു സ്വത്തിനേക്കാളും വലുതാണ് തനിക്കതെന്നും ആശ ഭോസ്‌ലെ കൂട്ടിച്ചേർത്തു.
ഫെബ്രുവരി 6നാണ് ഇതിഹാസ ഗായിക ലത മങ്കേഷ്കർ അന്തരിച്ചത്. കോവിഡും ന്യുമോണിയയും ബാധിച്ച് ജനുവരി 8 മുതൽ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോവിഡ് മുക്തയായെങ്കിലും വീണ്ടും ആരോഗ്യനില വഷളാവുകയായിരുന്നു.