ADVERTISEMENT

വാതുക്കല് വെള്ളരിപ്രാവ്... എന്ന സുന്ദരഗാനം പിറന്ന  നേരത്തെക്കുറിച്ച് ഗാനരചയിതാവ് ബി.കെ.ഹരിനാരായണൻ മനസ്സു തുറക്കുന്നു. 

 

സൂഫിയും സുജാതയും  എന്ന സിനിമയിൽ പാട്ടെഴുതാൻ എന്നെ വിളിച്ചത് സംഗീത സംവിധായകൻ എം.ജയചന്ദ്രനാണ്. നല്ലൊരു പാട്ടിനായി ഒരുമിച്ചിരിക്കാമെന്നേ പറ‍ഞ്ഞുള്ളൂ. പിന്നാലെ സംവിധായകൻ ഷാനവാസിന്റെ വിളിയെത്തി. സ്ക്രിപ്റ്റ് അയയ്ക്കാം, വായിക്കാമോയെന്നു ഷാനവാസ്. അത് അപൂർവമാണ്. പലരും കഥയോ സന്ദർഭമോ പറയുകയാണു പതിവ്. സ്ക്രിപ്റ്റ് വായിച്ചുതുടങ്ങിയതും ജിന്നുപള്ളി മുറ്റത്തെ മഞ്ഞവെളിച്ചവും വെള്ളരിപ്രാക്കളും സുജാത സൈക്കിൾ ചവുട്ടിമറയുന്ന മുല്ല ബസാറിലെ തീരാത്തിരക്കും മുന്നിൽ തെളിഞ്ഞുവന്നു.

 

പാട്ടൊരുക്കാൻ കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ഫോണിലേക്ക് എം.ജയചന്ദ്രന്റെ ട്യൂൺ എത്തി. ‘ഒരു തുള്ളിയിൽ ഒരു കടലുണ്ടെന്ന’ റൂമിയുടെ വചനം പാട്ടിലേക്കു കൊണ്ടുവന്നാലോയെന്നായി അദ്ദേഹം. കാണാ മിനാരങ്ങളിലേക്കു ചേക്കേറിയ റൂഹിന്റെ ചിറകടികളെ ഓർത്ത് ആ രാത്രിയാത്രയിൽ, ഞാനിങ്ങനെ മനസ്സിൽ എഴുതി;

 

‘വാതിക്കലു വെള്ളരിപ്രാവ്

വാക്കുകൊണ്ട് മുട്ടണ കേട്ട്

തുള്ളിയാമെന്നുള്ളിലു വന്ന്

നീയാം കടല്

പ്രിയനേ, നീയാം കടല്...’

ആ പല്ലവിയുടെ സന്തോഷത്തിലാണ് അടുത്ത പുലർച്ചെ ഞങ്ങൾ ഒന്നിച്ചിരുന്നത്. ശ്വാസമാകെ തീ നിറച്ചെഴുതിയ പുതിയ വരികൾ പിന്നാലെ വാതിൽത്തുറന്നു വന്നുകൊണ്ടേയിരുന്നു. ഒക്കെയും ഷാനവാസിന്റെ സ്ക്രിപ്റ്റിലെ ഇമേജുകൾ. അതു പലവിതാനത്തിൽ എം.ജയചന്ദ്രന്റെ സംഗീതത്തിന് ഒപ്പം ഞാനൊരുക്കിവച്ചെന്നു മാത്രം.

 

‘ദിഖ്റ് മൂളണ

തത്തകളുണ്ട്

മുത്തുകളായത് ചൊല്ലണതെന്ത്

ഉത്തരമുണ്ട്, ഒത്തിരിയുണ്ട്...’

 

എന്നെല്ലാം എഴുതുമ്പോൾ തീരാത്ത സന്തോഷങ്ങളിലേക്കാണ് ആ വാക്കുകളുടെ കുറുകലെന്ന് ആരറിഞ്ഞു. ആദ്യ കേൾവിയിലേ ഷാനവാസിനത് ഇഷ്ടമായി. പിന്നീട് അതേ സിനിമയ്ക്കു വേണ്ടി സംഗീതസംവിധായകൻ സുദീപ് പാലനാടിന്റെ വീട്ടിൽ ഒന്നിച്ചിരുന്നു, ഒരു പകലാറുവോളം പാട്ടും കൂട്ടും ചേർത്തുകെട്ടിയുള്ള ഇരിപ്പ്. കോഴിക്കോട്ട് ‘സൂഫിയും സുജാതയും’ ലൊക്കേഷനിൽ വീണ്ടും കാണുമ്പോൾ ഷാനവാസ് സന്തോഷത്തോടെ ചേർത്തുപിടിച്ചു; അത് ആ പാട്ടുകൾ തന്ന മുഹബ്ബത്തു കൊണ്ടുകൂടിയാണു കേട്ടോ.

 

ഒടിടിയിൽ ആഹ്ലാദത്തിന്റെ വലിയ തിരകൾ തീർത്ത ദിവസങ്ങളായിരുന്നു പിന്നെ. ചോദിച്ചവരോടെല്ലാം സംവിധായകനും സംഗീത സംവിധായനും കൈവെള്ളയിലേക്കു തന്ന പാട്ടെന്നുതന്നെ ഇതെന്നു ഞാൻ പറഞ്ഞു.

ആ സന്തോഷം നീണ്ടില്ല. നിനയ്ക്കാതെ നടന്നുമറഞ്ഞ സൂഫിയെപ്പോലെ വൈകാതെ ഷാനവാസ് പോയി. അട്ടപ്പാടിയിൽ പുതിയ സിനിമയുടെ എഴുത്തിനിടെയാണ് അവൻ... 

 

ഷാനവാസിന്റെ ഒന്നാം ഓർമദിനത്തിൽ ഞങ്ങൾ വീണ്ടും ഒത്തുചേർന്നു. ആ ഓർമയിൽ നനയുമ്പോഴൊക്കെയും ഒപ്പം ജിന്നുപള്ളിയിലെ പ്രാവുകൾ ചിറകൊതുക്കുന്നു. അവരിപ്പോൾ വാക്കുകൊണ്ടു മുട്ടുകയല്ല. വാക്കു മുട്ടി നിൽക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com