അനാഥനായി കിടന്നല്ല ഉപ്പ മരിച്ചത്, അവസാനതുള്ളി വെള്ളം കൊടുത്തത് എന്റെ ഭർത്താവ്: ബാബുരാജിന്റെ മകൾ

Baburaj-daughter
SHARE

സംഗീതസംവിധായകൻ ബാബുരാജിനെക്കുറിച്ച് സത്യമറിയാതെ പലരും ഇല്ലാക്കഥകൾ പ്രചരിപ്പിക്കുന്നതിൽ വിഷമം തോന്നാറുണ്ടെന്ന് ബാബുരാജിന്റെ മകൾ സാബിറ ഇബ്രാഹിം പറഞ്ഞു. പത്രപ്രവർത്തകൻ ജമാൽ കൊച്ചങ്ങാടി എഴുതി ഡോ.മുഹമ്മദ് ഷക്കീൽ പാടിയ ‘ഹാ..ബാബുരാജ്’ എന്ന പാട്ടിന്റെ ദൃശ്യാവിഷ്കാര പ്രകാശന ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു സാബിറ. 

മൂത്ത മകളായ തനിക്ക് 21 വയസുള്ളപ്പോഴാണ് പിതാവ് ബാബുരാജ് മരിച്ചത്. ബാബുരാജിനെക്കുറിച്ച് പലരും പല ഇല്ലാക്കഥകളും പറയുന്നത് കേൾക്കുമ്പോൾ വിഷമം തോന്നാറുണ്ട്. ആറാംക്ലാസിലെ മലയാള പാഠാവലിയിൽ ബാബുരാജിനെക്കുറിച്ച് ഒരു പാഠത്തിൽ പരാമർശമുണ്ട്. അതിൽ സത്യങ്ങളില്ല. ബാബുരാജ് നാടുവിട്ടുപോയ തന്റെ പിതാവ് ജാൻ മുഹമ്മദിനെ തേടി കള്ളവണ്ടി കയറി കൊൽക്കത്തയ്ക്കുപോയെന്നും ഉത്തരേന്ത്യയിൽ അലഞ്ഞുതിരിഞ്ഞെന്നുമാണ് പലരും പ്രചരിപ്പിക്കുന്നത്. എന്നാൽ ഇതു സത്യമല്ല. സത്യം അറിയാനോ അതന്വേഷിച്ച് എഴുതാനോ ആരും ശ്രമിക്കാറില്ല. കോഴിക്കോട്ടുവച്ചു മരിച്ച ജാൻ മുഹമ്മദിന്റെ സംസ്കാരം നടത്തിയത് കണ്ണമ്പറമ്പ് ശ്മശാനത്തിലാണ്.

ബാബുരാജ് മദ്രാസിലെ ജനറൽ ആശുപത്രിയിൽ അനാഥനായി കിടന്നാണ് മരിച്ചതെന്ന് പലരും എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്യാറുണ്ട്. എന്നാൽ സത്യമതല്ല. ബാബുരാജിനെ മദ്രാസ് ജനറൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തയന്നുമുതൽ തന്റെ ഭർത്താവ് ഇബ്രാഹിം അടുത്തുണ്ടായിരുന്നു. നാട്ടിൽനിന്ന് തന്റെ ചെറിയ അനിയൻ ജബ്ബാറിനെയും കൂട്ടി ഉമ്മയും മദ്രാസിലേക്കു പോയി. ഒക്ടോബർ ഏഴിന് രാവിലെയാണ് പിതാവ് മരിച്ചത്. അവസാനത്തെ തുള്ളി വെള്ളം കൊടുത്തത് തന്റെ ഭർത്താവ് ഇബ്രാഹിമാണ്. അക്കാലത്ത് മദ്രാസിലുണ്ടായിരുന്ന കെ.പി. ഉമ്മർ, പ്രേംനസീർ തുടങ്ങിയ എല്ലാവരും ആശുപത്രിയിൽവന്ന് ഉപ്പയ്ക്കുവേണ്ടതെല്ലാം ചെയ്തിട്ടുണ്ട്. അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി എംജിആർ വരെ ആശുപത്രിയിൽ വിളിച്ചു പറഞ്ഞതിനാൽ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. ഇന്നത്തെക്കാലത്തെ സൗകര്യങ്ങളൊന്നും അക്കാലത്തില്ലെന്നതു സത്യമാണ്. എന്നാൽ ലഭ്യമായ സൗകര്യങ്ങളെല്ലാം ഒരുക്കിയിരുന്നു. അനാഥനായി കിടന്നാണ് ഉപ്പ മരിച്ചതെന്ന് ആളുകൾ പറയുന്നതു കേൾക്കുമ്പോൾ മനസ്സിൽ വിഷമം തോന്നാറുണ്ടെന്നും സാബിറ പറഞ്ഞു. 

‌ജമാൽ കൊച്ചങ്ങാടി എഴുതിയ ‘‘ഹാ ബാബുരാജ്... ഈണവിസ്മയത്തിൻ മഹാരാജ്..’ എന്ന ഗാനത്തിന് ദൃശ്യാവിഷ്കാരമൊരുക്കിയത് ഛായാഗ്രാഹകൻ കെ.ജി.ജയനാണ്. ഗസൽ ഗായകൻ ഡോ. മുഹമ്മദ് ഷക്കീലാണ് ഹാർമോണിയം വായിച്ച് ഗാനം പാടിയത്. നാടകപ്രവർത്തകൻ രാജു പൊടിയൻ നിർമിച്ച ദൃശ്യാവിഷ്കാരത്തിൽ നടനും സംവിധായകനുമായ മധുപാലാണ് അഭിനയിച്ചിരിക്കുന്നത്. ദൃശ്യാവിഷ്കാരം സംഗീതചികിത്സയുടെ പ്രചാരകനായ ഡോ. മെഹറൂഫ് രാജ് നിർ‍വഹിച്ചു. ബാബുരാജിന്റെ മകൾ സാബിറ ബാബുരാജ് ഏറ്റുവാങ്ങി. അബ്ദുൽ അസീസ് അധ്യക്ഷനായിരുന്നു.വിൽസൻ സാമുവൽ, അബൂബക്കർ കക്കോടി, ലേക്‌ഷോർ മെഡി ക്ലിനിക് ജനറൽ മാനേജർ രമേശ് പുല്ലാട്ട്, ബീരാൻ കൽപ്പുറത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എടേലേ ബീഫും ഉപ്പുമാവും കഴിച്ചാ ന്റെ സാറേ.. ചുറ്റുള്ളതൊന്നും കാണാൻ കയ്യൂല്ലാ! | Food Vlog

MORE VIDEOS
FROM ONMANORAMA