‘ഇമ്മൻ നുണ പറയുന്നു, അച്ഛൻ എന്നു വിളിക്കപ്പെടാൻ അയാൾ യോഗ്യനല്ല’; വീണ്ടും വിമർശിച്ച് ആദ്യഭാര്യ

d-imman2
SHARE

സംഗീതസംവിധായകൻ ഡി.ഇമ്മനെ നിശിതമായി വിമർശിച്ച് വീണ്ടും സമൂഹമാധ്യമ കുറിപ്പുമായി ആദ്യഭാര്യ മോണിക്ക റിച്ചാർഡ്. ഹൃദയം നുറുങ്ങും വേദനയോടെയാണ് ഇമ്മന്റെ രണ്ടാം വിവാഹവാർത്ത താനും മക്കളും കേട്ടതെന്നും അച്ഛന്‍ എന്നു വിളിക്കപ്പെടാന്‍ ഇമ്മൻ യോഗ്യനല്ലെന്നും മോണിക്ക കുറിച്ചു. സമൂഹമാധ്യമ പോസ്റ്റിലൂടെ ഇമ്മനോട് ചില ചോദ്യങ്ങൾ ചോദിക്കുന്നുണ്ട് മോണിക്ക. സംഗീതസംവിധായകനായിട്ടല്ല, സ്വന്തം മക്കളെ സംരക്ഷിക്കാൻ കഴിയാത്ത ക്രൂരനായ പിതാവായി ലോകം ഇമ്മനെ ഓർക്കുമെന്നു കുറിച്ചുകൊണ്ടാണ് മോണിക്ക തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. 

‘ഡി.ഇമ്മന്റെ രണ്ടാം വിവാഹവാർത്ത ഹൃദയം നുറങ്ങും വേദനയോടൊണ് ഞാനും എന്റെ മക്കളും കേട്ടത്. രണ്ടാം ഭാര്യയുടെ മകളെ സ്വന്തം മകളായി അയാൾ ദത്തെടുത്തുകഴിഞ്ഞു. അച്ഛൻ എന്നു വിളിക്കപ്പെടാൻ അയാൾ യോഗ്യനല്ല. തന്റെ മൂന്നാമത്തെ മകളായി അയാൾ സ്വീകരിച്ചിരിക്കുന്ന ആ കുട്ടിയോട് എനിക്കു സഹതാപം തോന്നുന്നു. രണ്ടാം വിവാഹത്തിന് മക്കളെ മിസ് ചെയ്തുവെന്നും അവർ തന്നിലേയ്ക്കു തിരികെ വരുന്നതിനായി കാത്തിരിക്കുകയാണെന്നുമുള്ള അയാളുടെ നുണയാണ് എന്നെ ഏറ്റവുമധികം വേദനിപ്പിച്ചത്. വ്യക്തിപരമായ താത്പര്യങ്ങൾക്കു വേണ്ടി എന്നെയും എന്റെ മക്കളെയും ഉപേക്ഷിക്കണമെന്നത് ഇമ്മന്റെ പിതാവിന്റെ ആശയമായിരുന്നു. 

കഴിഞ്ഞ രണ്ട് വർഷമായി ഇമ്മൻ മക്കളെ കാണാൻ വന്നിട്ടില്ല. കോവിഡ് തുടങ്ങുന്നതിനു മുൻപേ എന്നെ ഉപേക്ഷിക്കാൻ ഇമ്മൻ തീരുമാനിച്ചിരുന്നു. എന്റെമേൽ തെറ്റായ ആരോപണങ്ങൾ ചുമത്തുകയും എന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇമ്മൻ നുണയനാണ്. സ്വന്തം പേരും പ്രശസ്തിയും സംരക്ഷിക്കാനായി സമൂഹമാധ്യമങ്ങളിലൂടെ അയാൾ മുതലക്കണ്ണീർ ഒഴുക്കുന്നു. തന്റെ മക്കള്‍ വീട്ടിലേയ്ക്കു വരുന്നതും കാത്തിരിക്കുകയാണെന്ന് അയാൾ പറയുമ്പോൾ, അത് ക്രൂരവും ഭയാനകവുമായി മാറുകയാണ്. അയാളുടെ പ്രവൃത്തികളിലൂടെ മക്കൾ അയാളെ വീണ്ടും വീണ്ടും വെറുക്കുന്നു. മക്കൾക്ക് ഓരോരുത്തർക്കുമായി 2500 രൂപയാണ് അയാൾ പ്രതിമാസം ചിലവിനു നൽകാമെന്നു വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്റെ മുൻഭർത്താവായ ഇമ്മനോട് ഞാൻ ചില കാര്യങ്ങള്‍ ചോദിക്കാൻ ആഗ്രഹിക്കുന്നു. അതിന് ഉത്തരം നൽകാൻ അയാൾ ബാധ്യസ്ഥനാണ്.  

സ്വന്തം മക്കളെ നിഷ്കരുണം ഉപേക്ഷിച്ച നിങ്ങൾക്ക് മറ്റൊരാൾക്ക് സ്നേഹവും കരുതലും നൽകാന്‍ കഴിയുന്നതെങ്ങനെ?, കഴിഞ്ഞ രണ്ടു വർഷത്തിനിടെ എപ്പോഴെങ്കിലും നിങ്ങൾ സ്വന്തം മക്കളെ കാണാൻ വന്നിട്ടുണ്ടോ?, നമ്മുടെ വേർപിരിയലിനു ശേഷം നിങ്ങൾ മക്കൾക്കു നൽ‌കിയ സ്നേഹവും പരിചരണവും സാമ്പത്തികസഹായവും എന്താണ്?, നിങ്ങളുടെ മക്കളുടെ ജീവിതത്തെക്കുറിച്ചോ, അവർ സമൂഹത്തോട് ഉത്തരം പറയേണ്ട ചോദ്യങ്ങളെക്കുറിച്ചോ നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?, നിങ്ങളുടെ രണ്ടാം വിവാഹത്തിന് മക്കളുടെ സമ്മതം വാങ്ങിയിരുന്നോ? 

ഓർത്തോളൂ, നിങ്ങളുടെ മനുഷ്യത്വരഹതമായ പ്രവൃത്തി ദൈവം ക്ഷമിക്കില്ല. നിങ്ങൾ എന്റെ മക്കളുടെ സന്തോഷവും സമാധാനവും കശാപ്പ് ചെയ്തു. ഒരുനാൾ സത്യം ജയിക്കും. നിങ്ങളുടെ മുഖംമൂടി അഴിച്ചുമാറ്റപ്പെടും. പ്രശസ്തസംഗീതസംവിധായകനായിട്ടല്ല, സ്വന്തം മക്കളെ സംരക്ഷിക്കാൻ കഴിയാത്ത ഒരു ക്രൂരനായ പിതാവായി ലോകം നിങ്ങളെ ഓർക്കും’, മോണിക്ക റിച്ചാർഡ് കുറിച്ചു. 

മോണിക്കയുടെ കുറിപ്പ് വലിയ ചർച്ചകൾക്കു വഴിതുറന്നിരിക്കുകയാണ്. മേയ് 15 നായിരുന്നു ഇമ്മന്റെ രണ്ടാം വിവാഹം. അന്തരിച്ച കോളിവുഡ് കലാസംവിധായകൻ ഉബാൽദിന്റെ മകള്‍ അമേലിയ ആണ് വധു. ഇരുവരുടെയും വിവാഹ ചിത്രങ്ങൾ വൈറൽ ആയിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. 2008 ൽ ആയിരുന്നു മോണിക്ക റിച്ചാർഡുമായി ഡി.ഇമ്മന്റെ വിവാഹം. കഴിഞ്ഞ വർഷം ഇരുവരും വിവാഹമോചിതരായി. 12 വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിലായിരുന്നു വേർപിരിയൽ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA