‘മുഖത്ത് എപ്പോഴും ചിരി, അസുഖമാണെന്ന് അറിയാൻ വൈകി; ഒടുവിൽ നിനച്ചിരിക്കാതെ ചേച്ചി പോയി’

sangeetha-jakes
SHARE

ഓരോ പാട്ടിനും ഓരോ മൂഡാണ്. സച്ചിയുടെ ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ ‘താളം പോയി’ എന്ന പാട്ടിനൊരു വിഷാദ ഛായയാണ്. ആ പാട്ട് കേള്‍ക്കുമ്പോള്‍ സ്വതവേ മനസ്സില്‍വരുന്ന സങ്കടം ഇരട്ടിയാക്കി പാട്ട് പാടിയ ഗായിക സംഗീത സചിത് കഴിഞ്ഞ ദിവസമാണ് വിടപറഞ്ഞത്. എത്രയോ ഈണങ്ങള്‍ക്കു സ്വരമാകേണ്ടിയിരുന്ന സംഗീത അകാലത്തില്‍ കടന്നുപോയപ്പോള്‍ അവരെ അനുസ്മരിക്കുകയാണ് സംഗീതസംവിധായകന്‍ ജേക്‌സ് ബിജോയ്.

‘മുത്തുപോലൊരാള്‍ എന്നു പറയാവുന്ന വ്യക്തിത്വമാണ് ചേച്ചിയുടേത്. ചെന്നൈയില്‍ വന്നപ്പോള്‍ മുതലുള്ള പരിചയമാണ് എനിക്ക്. അന്നു മുതലേ ട്രാക്ക് പാടാന്‍ വേണ്ടി വിളിക്കുമായിരുന്നു. എപ്പോള്‍ വിളിച്ചാലും സന്തോഷത്തോടെ വരികയും ചെയ്യും. ചിരിച്ചുകൊണ്ട് ഭവ്യതയോടെയുള്ള ഇടപെടലായിരുന്നു എപ്പോഴും ചേച്ചിയുടേത്. എ.ആര്‍.റഹ്‌മാന്‍, വിദ്യാസാഗര്‍ എന്നിവരുടെയൊക്കെ പാട്ടുകള്‍ പാടിയ ഗായിക എന്നൊന്നുമുള്ള തലക്കനമൊന്നും ചേച്ചിക്കില്ലായിരുന്നു. എന്റെ മനസ്സില്‍ എപ്പോഴുമുള്ള സ്വരമായിരുന്നു ചേച്ചിയുടേത്. അങ്ങനെയാണ് അയ്യപ്പനും കോശിയിലെ പാട്ട് ചേച്ചിക്ക് കൊടുക്കാൻ തീരുമാനിച്ചത്. താളം പോയ് എന്ന ഗാനത്തിന് ആണ്‍ ശബ്ദമാണ് തീരുമാനിച്ചതും പാടിച്ചതും. പക്ഷേ പാട്ട് കേട്ട് കഴിഞ്ഞപ്പോള്‍ സച്ചിയേട്ടന് അതിനു പെണ്‍സ്വരമാണ് നല്ലതെന്നു തോന്നി. അപ്പോൾ ഞാന്‍ പറഞ്ഞു നമുക്ക് പശ്ചാത്തല സംഗീതം ആദ്യം തീര്‍ക്കാം എന്നിട്ട് ഇത് മാറ്റിപ്പാടിക്കാമെന്ന്. പക്ഷേ തിരക്കിനിടയില്‍ അത് നടന്നില്ല. പിന്നീട് മിക്‌സിങിനു പോകുന്ന സമയത്ത് സച്ചിയേട്ടന്‍ വീണ്ടുമിത് ഓര്‍മിപ്പിച്ചു. അപ്പോൾ പെട്ടെന്ന് സംഗീത ചേച്ചിയുടെ കാര്യം ഓര്‍മ വന്ന് വിളിക്കുകയായിരുന്നു. അന്നു രാത്രി ഒമ്പതരയോടെയാണ് ചേച്ചി സ്റ്റുഡിയോയിലേക്കു വന്നത്. ഒരു തവണ പാടിക്കഴിഞ്ഞപ്പോള്‍ തന്നെ സച്ചിയേട്ടന്‍ പറഞ്ഞു ഇത് തന്നെയാണ് നമ്മുടെ പാട്ട് പാടേണ്ട സ്വരമെന്ന്. പാട്ട് ശ്രദ്ധിക്കപ്പെട്ടതില്‍ ചേച്ചിക്ക് വലിയ സന്തോഷമായി. 

ഫിലിം ഫെയര്‍ സൗത്ത്, സൈമ പുരസ്‌കാരം എന്നിവയിലൊക്കെ ചേച്ചിക്ക് നോമിനേഷന്‍ വന്നപ്പോള്‍ വിളിച്ചിരുന്നു. പാടിയതിനേക്കാള്‍ ഒരുപാടധികം ഗാനങ്ങള്‍ പാടേണ്ട വ്യക്തിയാണ്. അതിനുള്ള കഴിവും അവര്‍ക്കുണ്ട്. പിന്നീട് ഞാന്‍ കുരുതി എന്ന സിനിമയിലും പാടിച്ചിരുന്നു. ഇനിയും പാട്ടുകള്‍ നല്‍കണം എന്നുണ്ടായിരുന്നു. പക്ഷേ അപ്പോഴേക്കും ചേച്ചി പോയി. എപ്പോഴും ചിരിക്കുന്ന മുഖമാണ് ചേച്ചിയുടേത്. അതുകൊണ്ടു തന്നെ അസുഖത്തെ കുറിച്ച് അറിവേയില്ലായിരുന്നു. ഒരാഴ്ച മുന്‍പാണ് ഗുരുതരാവസ്ഥയിലാണെന്ന് അറിഞ്ഞത്. അന്നും മരണ ശേഷവും മകളെ വിളിച്ചു സംസാരിച്ചിരുന്നു. ഒരു തെലുങ്ക് സിനിമയുടെ തിരക്കിലായതിനാല്‍ അങ്ങോട്ടേക്ക് പോകാനായില്ല. പാട്ട് പാടിക്കഴിഞ്ഞാല്‍ ചിരിയോടെ വര്‍ത്തമാനം കഴിഞ്ഞ് സ്റ്റുഡിയോ വിടുന്ന പ്രകൃതക്കാരിയാണ്. സ്വയം മാര്‍ക്കറ്റിങിനോ അവസരങ്ങള്‍ക്കായുള്ള ഒരു സംസാരമോ ചേച്ചിക്കുണ്ടായിരുന്നില്ല. അതൊക്കെ കൊണ്ടാകും ഇത്രയും കഴിവുണ്ടായിട്ടും അധികം അവസരങ്ങള്‍ സിനിമയില്‍ കിട്ടാതെ പോയത്. നല്ല റേഞ്ചുള്ള വ്യത്യസ്തതയുള്ള ആലാപന ശൈലിയിലായിരുന്നു ചേച്ചിയുടേത്. അതുകൊണ്ടു തന്നെ കുറച്ചേ പാടിയിട്ടുള്ളെങ്കിലും എല്ലാം ശ്രദ്ധേയമായ ഗാനങ്ങളായി. ഇനിയും പാടിക്കണമെന്നു മനസ്സില്‍ കരുതിയ സ്വരമായിരുന്നു. പക്ഷേ ചേച്ചി പോയി’.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

35 ന്റെ ചെറുപ്പത്തിൽ കോട്ടയത്തെ മുത്തച്ഛൻ ഓട്ടോറിക്ഷ

MORE VIDEOS
FROM ONMANORAMA