ഐസിയുവിൽ കിടന്നപ്പോഴും ‘ജ്ഞാനപ്പഴത്തെ’ പാടിയ സംഗീത!

Sangeetha
SHARE

കോട്ടയം സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ ആ പത്താം ക്ലാസുകാരിക്കുട്ടി ശരിക്കും ഞെട്ടിപ്പോയി. പാട്ടിന് ഇത്ര വിലപിടിച്ച സമ്മാനമോ?

ചെന്നൈയിൽ തമിഴ്നാട് സർക്കാരിന്റെ ചലച്ചിത്ര പുരസ്കാരസമർപ്പണ ചടങ്ങായിരുന്നു വേദി. മുഖ്യാതിഥി അന്നത്തെ മുഖ്യമന്ത്രി ജയലളിത. അവാർഡു വിതരണത്തിനു ശേഷം സംഗീത സംവിധായകൻ ദേവയുടെ നേതൃത്വത്തിൽ ഗാനമേള. ആ വേദിയിൽ പാടാനാണ് കോട്ടയത്തു നിന്നും സംഗീത സചിത് എന്ന പതിനഞ്ചുകാരി എത്തിയത്. അച്ഛൻ വി.ജി. സചിത്തും ഒപ്പമുണ്ടായിരുന്നു. കെ.ബി. സുന്ദരാംബാളുടെ കീർത്തനമായ ‘ജ്ഞാനപ്പഴത്തെ പിഴിന്ത്’ ആലപിക്കാൻ ദേവ ആവശ്യപ്പെട്ടു. അതിനൊരു കാരണമുണ്ടായിരുന്നു, സംഗീതയ്ക്കു സുന്ദരാംബാളുടെ ശബ്ദവുമായി സാമ്യം. കീർത്തനം അവസാനിച്ചു. തുടർന്ന് മിനിറ്റുകളോളം നീണ്ടുനിന്ന കരഘോഷം. പാട്ടിൽ ലയിച്ചിരുന്ന മുഖ്യമന്ത്രി ജയലളിത ചീഫ് സെക്രട്ടറിയെ വിളിച്ച് എവിടേക്കോ പറഞ്ഞയച്ചു.

താമസിയാതെ അദ്ദേഹം മടങ്ങിയെത്തി മുഖ്യമന്ത്രിക്ക് ഒരു പൊതി കൈമാറി. തുടർന്ന് ജയലളിത സ്റ്റേജിലേക്കു കയറിച്ചെന്ന് പൊതി തുറന്ന് സമ്മാനം സംഗീതയുടെ കഴുത്തിൽ അണിയിച്ചു. 10 പവന്റെ സ്വർണമാല !

 

തമിഴകം വളർത്തിയ ഗായിക

പിന്നണി ഗായികയെന്ന നിലയിൽ സംഗീതയെ പ്രശസ്തയാക്കിയത് തമിഴ് ചലച്ചിത്ര ലോകം. ചെന്നൈയിലെ ആൾവാർ തിരുനഗറിൽ താമസമാക്കുന്നതിനു മുൻപു തന്നെ 13 തമിഴ് ചിത്രങ്ങളിൽ സംഗീത പാടിയിരുന്നു. ചെന്നൈയിൽ സ്ഥിരതാമസമായതോടെ സഹോദരി സ്മിതയും അവിടെയെത്തി. സ്മിത തമിഴിലും മലയാളത്തിലുമായി ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചു.

പാതി വഴിയിൽ മുറിഞ്ഞ നാദം

‘നാളെ തീർപ്പ്’ എന്ന ചിത്രത്തിലൂടെയാണ് സംഗീതയുടെ ആദ്യ തമിഴ് ഗാനം പുറത്തുവരുന്നത്. എം.എം. ശ്രീലേഖയായിരുന്നു സംഗീതസംവിധാനം. ‘എംടിവി പാർത്തുപുട്ട’ എന്ന ഗാനം എ.ആർ. റഹ്മാന്റെ ശ്രദ്ധയിലെത്തി. തുടർന്ന് ‘മിസ്റ്റർ റോമിയോ’ എന്ന പുതിയ ചിത്രത്തിൽ പാടാൻ ക്ഷണം. ‘തണ്ണീരും കാതലിക്കും’ എന്ന ആ പാട്ട് തെന്നിന്ത്യയിൽ വൻ ഹിറ്റായി. മലയാളത്തിൽ ‘കുരുതി’യിലെ തീം സോങ് ആണ് ഒടുവിലായി പാടിയത്.

ഐസിയുവിലും ‘ജ്ഞാനപ്പഴത്തെ’ പാടി

കഴിഞ്ഞ ഏപ്രിൽ 26നാണ് സംഗീത തിരുമലയിലുള്ള സഹോദരി സ്മിതയുടെ വീട്ടിലെത്തിയത്. വൃക്കരോഗബാധയെ തുടർന്ന് കിംസിൽ പ്രവേശിപ്പിച്ചു. ഐസിയുവിൽ കഴിഞ്ഞ വേളയിൽ ആരോഗ്യനില കുറച്ചു മെച്ചപ്പെട്ടപ്പോൾ സംഗീത ഡോക്ടർമാരോട് ചോദിച്ചത് ഒരു കാര്യം മാത്രം: ‘എനിക്കിനി പാടാനാകുമോ? ’ ‘തീർച്ചയായും, പാടി നോക്കൂ’ എന്നായിരുന്നു ഡോക്ടർമാരുടെ മറുപടി. മെല്ലെ ചുണ്ടുകളനക്കി ആശുപത്രിക്കിടക്കയിൽ ആ കീർത്തനം സംഗീത ആലപിച്ചു : ‘ജ്ഞാനപ്പഴത്തെ പിഴിന്ത്...’

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

35 ന്റെ ചെറുപ്പത്തിൽ കോട്ടയത്തെ മുത്തച്ഛൻ ഓട്ടോറിക്ഷ

MORE VIDEOS
FROM ONMANORAMA