സിനിമയെ വെല്ലുന്ന ജീവിത നാടകയാത്രയ്ക്ക് തിരശ്ശീല; പാരിസ് ചന്ദ്രൻ മടങ്ങുമ്പോൾ!

paris-chandran
SHARE

കോഴിക്കോട് നരിക്കുനിയെന്ന ഗ്രാമത്തിൽ പരമ്പരാഗത തെയ്യംകെട്ടു കലാരകാരന്റെയും സംഗീതജ്ഞയായ അമ്മയുടെയും മകനായി തനി ഗ്രാമീണനായി ജനിച്ച ഒരു ബാലൻ ലണ്ടനിലെ പ്രൗഢമായ റോയൽ നാഷനൽ തിയറ്ററിൽ അവതരിപ്പിക്കുന്ന നാടകങ്ങൾക്ക് സംഗീത സംവിധാനം നിർവഹിക്കുക. സിനിമയെ വെല്ലുന്നത്ര മഹത്തരമായ ഒരു ജീവിത നാടകയാത്രയ്ക്കാണ് ഇന്നലെ തിരശ്ശീല വീണത്. ചന്ദ്രൻ വേയാട്ടുമ്മൽ എന്ന ‘പാരിസ് ചന്ദ്രൻ’ ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കൽകോളജിൽവച്ച് സംഗീതമില്ലാത്ത ലോകത്തേക്ക് നിശ്ശബ്ദമായി യാത്രയായി.

ചലച്ചിത്ര സംഗീതസംവിധായകനെന്നു വിശേഷിപ്പിക്കുന്നത് പാരിസ് ചന്ദ്രന്റെ ജീവിതത്തെ ഇത്തിരിവട്ടത്തിലേക്ക് ചുരുക്കുന്നതിനു തുല്യമാവും. അത്രമാത്രം വിശാലമാണ് അദ്ദേഹത്തിന്റെ സംഗീത നാടകലോകം. ടോക്കിയോ മുതൽ ആഫ്രിക്ക വരെ, തൃശൂർ മുതൽ പാരിസ് വരെ ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള സംഗീതോപകരണങ്ങൾ വായിച്ച് നാടകങ്ങൾക്കു സംഗീതമൊരുക്കിയാണ് ചന്ദ്രൻ യാത്ര ചെയ്തത്.

നരിക്കുനിയിലെ പാലങ്ങാട് തറവാട് തെയ്യംകെട്ടുകാരുടെ കുടുംബപരമ്പരയാണ്. തെയ്യംകലാകാരനായയ അച്ഛൻ കോരപ്പൻ കഥകളി, ചെണ്ട, ഹാർമോണിയം തുടങ്ങി എല്ലാത്തിലും കഴിവുതെളിയിച്ചിരുന്നു. അമ്മ അമ്മാളുകുട്ടിയും സംഗീതം അഭ്യസിച്ചിരുന്നു. മക്കളേയും സംഗീതം പഠിപ്പിച്ചിരുന്നു.

നാട്ടിൻപുറത്തെ വായനശാലകൾക്കായി നാടകങ്ങൾക്കു സംഗീതം നൽകിയാണ് കലാജീവിതം ആരംഭിക്കുന്നത്. ചന്ദ്രന്റെ ജീവിതത്തിന്റെ വഴിത്തിരിവ് തുടങ്ങുന്നത് തൃശ്ശൂരിൽ സ്കൂൾ ഓഫ് ഡ്രാമയിൽ ചേരുന്നതോടെയാണ്. സോപാന സംഗീതം പഠിക്കാനാണ് ചന്ദ്രൻ അവിടെ എത്തുന്നത്. ഞരളത്ത് രാമപ്പൊതുവാളാണ് അവിടെ ഗുരു. ഒരു വർഷത്തെ കോഴ്സായിരുന്നു. വൈകുന്നേരമാണ് സംഗീതക്ലാസ്സ്. പകലൊക്കെ സ്കൂൾ‍ ഓഫ് ഡ്രാമയിലെ ക്ലാസ്സ്മുറികളുടെ പുറത്തുപോയി നിൽക്കും. ഉള്ളിൽ നടക്കുന്ന ക്ലാസ്സുകൾ ശ്രദ്ധിക്കും. അക്കാലത്താണ് സ്കൂൾ ഓഫ് ഡ്രാമയിലെ കുട്ടികളുടെ നാടകങ്ങൾക്ക് സംഗീതം ചെയ്യാൻ ചന്ദ്രനെ നാടകാചാര്യൻ ജി.ശങ്കരപ്പിള്ള നിയോഗിക്കുന്നത്. പി.ബാലചന്ദ്രൻ, ജോസ് ചിറമ്മൽ തുടങ്ങി നിരവധി സംവിധായകരും നാടകങ്ങളിൽ പങ്കാളിയായി.

ലണ്ടനിലെ പ്രസിദ്ധമായ റ്റാര തിയറ്ററിലെ സംവിധായകനായ ജിതേന്ദ്രവർമ്മയ്ക്ക്, കേരളത്തിലെ കലാകാരന്മാരുമായി ചേർന്ന് ഒരു നാടകം അവതരിപ്പിക്കണമെന്ന ആഗ്രഹം ഉണ്ടായി. രണ്ട് മാർഷ്യൽ ആർട്ട് കലാകാരന്മാരേയും ഒരു നടനേയും ഒരു സംഗീത സംവിധായകനേയുമാണ് അദ്ദേഹം ജി.ശങ്കരപ്പിള്ളയോട് ആവശ്യപ്പെട്ടത്. ചാവക്കാട് കൃഷ്ണദാസും സുഹൃത്തുമായിരുന്നു മാർഷ്യൽ ആർട്ട് കലാകാരന്മാർ. ജി.ശങ്കരപ്പിള്ളയുടെ വനവാസം എന്ന നാടകമാണ് ജിതേന്ദ്രവർമ്മയുടെ സംവിധാനത്തിൽ അവതരിപ്പിച്ചത്.

കേരളത്തിൽ തിരിച്ചെത്തിയപ്പോഴേക്കും വീണ്ടും ജിതേന്ദ്രവർമ്മയുടെ ക്ഷണം വന്നു. റ്റാരാ ആർട്സ് ലണ്ടൻ നാഷനൽ തിയറ്ററിൽ നടത്തുന്ന നാടകാവതരണത്തിലേക്ക് ക്ഷണിച്ചു. മോളിയേറുടെ 'താർതൂഫ്' എന്ന നാടകമാണ് അവതരിപ്പിക്കാനായി തിരഞ്ഞെടുത്തത്. ലണ്ടൻ നാഷനൽ തിയറ്ററിലെ നാടകാവതരണത്തിൽ പങ്കെടുക്കുന്ന ആദ്യത്തെ മലയാളിയായി ചന്ദ്രൻ മാറി. അന്ന് മാധ്യമങ്ങളിൽ ഈ കാര്യം റിപ്പോർട്ട് ചെയ്തിരുന്നു. പിന്നീടാണ് പാരിസിലെ സഞ്ചരിക്കുന്ന നാടകസംഘത്തിന്റെ ഭാഗമായതും വർഷങ്ങളോളം യാത്ര ചെയ്ത് നാടകങ്ങൾ അവതരിപ്പിച്ചതും.

ചലച്ചിത്ര താരം മുരളി സി.എൻ.ശ്രീകണ്ഠൻനായരുടെ ലങ്കാലക്ഷ്മി അവതരിപ്പിച്ചപ്പോൾ സംഗീതമൊരുക്കിയത് ചന്ദ്രനാണ്. പുതിയ കാലഘട്ടത്തിലെ നാടകലാകാരൻമാരുടെ കൂടെയും അദ്ദേഹം  രാജ്യാന്തരനിലവാരമുള്ള നാടകങ്ങളൊരുക്കി. ദീപൻശിവരാമന്റെ ഖസാക്കിന്റെ ഇതിഹാസമടക്കമുള്ള നാടകങ്ങൾക്ക് ചന്ദ്രനാണ് സംഗീതം നൽകിയത്.

കലാമൂല്യമുള്ള ഒരു പിടി മലയാള സിനിമകൾക്കും അദ്ദേഹം സംഗീതമൊരുക്കി. കേരളത്തിലെ ആദ്യ സിനിമാപ്രദർശനത്തിന്റെ കഥ പറഞ്ഞ കെ.എം.മധുസൂദനന്റെ ‘ബയോസ്കോപ്’ എന്ന സിനിമ സംഭാഷണങ്ങളേക്കാൾ ദൃശ്യങ്ങളും പശ്ചാലത്തസംഗീതവുംകൊണ്ടാണ് കഥ പറഞ്ഞത്. 2008ൽ ഈ ചിത്രത്തിലൂടെയാണ് ചന്ദ്രന് സംസ്ഥാനപുരസ്കാരം ലഭിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA